നല്ലതു പറയാം, നന്നായി പ്രവർത്തിക്കാം
symbolic
പുതുവർഷത്തിന്‍റെ ആദ്യ ദിനത്തിലേക്കാണു നാം ഉണർന്നെഴുന്നേറ്റത്. വലിയ പ്രതീക്ഷകളോടെ 2026 വന്നെത്തിയിരിക്കുന്നു. ഓരോരുത്തർക്കും നിരവധി പാഠങ്ങൾ നൽകിക്കൊണ്ടാണ് 2025 കടന്നുപോയത്. അവയെല്ലാം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണു മുന്നോട്ടുള്ള യാത്രയിൽ സഹായകരമായി മാറുക. നല്ലതു പറയുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നതു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിലും പ്രധാനമാണ്.
യാഥാർഥ്യ ബോധത്തോടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാവട്ടെ പുതുവർഷത്തിലെ പ്രവർത്തനങ്ങൾ. നല്ല മാതൃകകളെ പിന്തുടരാനും നന്മയുടെയും അഭിവൃദ്ധിയുടെയും പുതിയ പാതകൾ വെട്ടിത്തെളിക്കാനും മനസിൽ ക്രിയാത്മക ചിന്തകൾ നിറയ്ക്കാനും മനസും ശരീരവും ആരോഗ്യത്തോടെ സൂക്ഷിക്കാനും നമുക്കു കഴിയട്ടെ. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി തുടങ്ങി പല കാര്യങ്ങളിലും രാജ്യത്തിനു മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കേരളത്തിനു മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.
പക്ഷേ, ചില മേഖലകളിൽ നാം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. മാതൃകയെന്ന് അഭിമാനിക്കുന്ന മേഖലകളിൽ തന്നെ തിരിച്ചടികളും ഉണ്ടാവുന്നുണ്ട്. ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. പെരുകുന്ന ആത്മഹത്യകൾ, കൊലപാതകങ്ങളടക്കം കുറ്റകൃത്യങ്ങൾ, ലഹരിയുടെ ഉപയോഗം മൂലമുണ്ടാവുന്ന നിരവധിയായ അക്രമ സംഭവങ്ങൾ, വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ എന്നിവയെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.
രാജ്യത്ത് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം എന്നതു ലജ്ജാകരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന ബോധ്യം സമൂഹത്തിൽ വളരേണ്ടതുണ്ട്. റോഡപകടങ്ങളുടെ കാര്യത്തിലും രാജ്യത്തു മുൻനിരയിൽ കേരളമുണ്ട്. റോഡ് നിയമങ്ങളിലും റോഡിലെ മര്യാദകളിലും മലയാളികൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. വാഹനവുമായി പുറത്തിറങ്ങുമ്പോൾ റോഡിൽ ആവശ്യമായ മര്യാദകൾ പാലിക്കുമെന്ന് പുതുവർഷത്തിൽ നമുക്കു പ്രതിജ്ഞയെടുക്കാം.
ലഹരിക്കെതിരായ പോരാട്ടത്തിലും കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. ലഹരിയുടെ സ്വാധീനത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളെയടക്കം കൊലപ്പെടുത്തിയ സംഭവങ്ങൾ പലതുണ്ടായി പോയ വർഷം. ലഹരി ഉപയോഗിക്കുന്ന വ്യക്തികൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ വർധിച്ചുവരുന്നത് വലിയ ഭീഷണിയായി തന്നെ കേരളം കാണേണ്ടതുണ്ട്.
സൈബർ തട്ടിപ്പുകൾ ഏറി വരുന്നതു കണ്ട വർഷമാണ് 2025. പല തരത്തിലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേരളം കേൾക്കുകയുണ്ടായി. സൈബർ മാഫിയാ സംഘങ്ങളുടെ പ്രവർത്തനത്തിനെതിരേ പുതുവർഷത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലഹരി മാഫിയയുടെയും സൈബർ മാഫിയയുടെയും കണ്ണികളായി യുവാക്കളും വിദ്യാർഥികളും മാറാതിരിക്കാനുള്ള ജാഗ്രത നാടിന്‍റെ നന്മയ്ക്കു വേണ്ടി കൂടിയുള്ളതാണ്.
പാലക്കാട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചുകൊന്നതടക്കമുള്ള കൊടും ക്രൂരതകൾ കേരളം പോയവർഷം കാണുകയുണ്ടായി. കേരളം ഞെട്ടലോടെ കേട്ട മറ്റൊരു കൊലപാതക വാർത്ത തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അഫാൻ അഞ്ചുപേരെ വെട്ടിക്കൊന്നതാണ്. ആറു പേരെയാണു വെട്ടിയതെങ്കിലും ഗുരുതരമായി പരുക്കേറ്റ അഫാന്‍റെ അമ്മയെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകാൻ കഴിഞ്ഞു.
2019ൽ ഒരു സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന ചെന്താമരയെന്ന കൊടുംക്രിമിനൽ ജാമ്യത്തിലിറങ്ങി കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും 2025ൽ ആണ്. പാലക്കാട് നെന്മാറയിലായിരുന്നു ഈ സംഭവം. താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടതും കേരളം ഞെട്ടലോടെയാണു കേട്ടത്. കുടുംബബന്ധങ്ങളിലെ വിള്ളലുകൾ മൂലമുള്ള കൊലപാതകങ്ങൾ പലതു കേട്ടു സംസ്ഥാനം.
സംസ്ഥാനത്തു വർധിച്ചുവരുന്ന മറ്റൊരു ആശങ്കയാണ് വന്യമൃഗങ്ങളിൽ നിന്നുള്ള ഭീഷണി. വനത്തോടു ചേർന്ന കാർഷിക- ജനവാസ മേഖലകളിൽ ഏതു നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാവാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മലയോര മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ആനയും പുലിയും കടുവയും കാട്ടുപന്നിയും മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിസഹായരായി നോക്കിനിൽക്കാനേ മലയോര മേഖലയിലെ ജനങ്ങൾക്കു കഴിയുന്നുള്ളൂ.
കടന്നുപോയ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമാണ് തെരുവു നായ്ക്കളുടെ ശല്യം. ജനങ്ങളുടെ സുരക്ഷയ്ക്ക് തെരുവു നായകൾ ഭീഷണിയാവുന്നത് ഏതെങ്കിലും ഒരു ഭാഗത്തല്ല, സംസ്ഥാനം മുഴുവനുമാണ്. പൊതുവഴികളും പൊതു ഇടങ്ങളും തെരുവു നായ ഭീഷണിയിലാണ്. പുതുവർഷത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് വന്യമൃഗ- തെരുവു നായ ഭീഷണികൾ.