.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മാരിടൈം – ഷിപ്പിങ് മേഖലയിലെ ആഗോള ഹബ്ബായി കൊച്ചി ഉയരാനുള്ള അവസരം ഒരുങ്ങുകയാണ്. കൊച്ചി കപ്പൽശാലയിൽ നടപ്പാക്കിയ പുതിയ പദ്ധതികൾ അതിനുള്ള സാധ്യതകൾ തുറന്നിരിക്കുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ച വൻ പദ്ധതികള് കപ്പൽശാലയുടെ ശേഷി പതിന്മടങ്ങ് ഉയർത്തുന്നതാണ്. കപ്പൽശാലയ്ക്ക് പുതുതായി കൈവരുന്ന അവസരങ്ങൾ കൊച്ചിയിൽ അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും സഹായകരമാവും.
കപ്പൽശാലയിലെ ഡ്രൈ ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിനു സമര്പ്പിച്ചത്. 6,000 ടൺ വരെ ഭാരം ഉയർത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉൾപ്പെടെ സംവിധാനങ്ങളുള്ള ഐഎസ്ആർഎഫ് കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ കൊച്ചി ഷിപ്യാഡിനു വൻ കുതിപ്പു നൽകും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഷിപ്പ് ബിൽഡിങ്- ഷിപ്പ് റിപ്പയർ സൗകര്യമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരങ്ങൾ നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെടും. കൊളംബോ, ദുബായ്, സിംഗപ്പുർ, ബഹറിൻ എന്നിവിടങ്ങളിലേതിനോടു കിടപിടിക്കുന്ന ഷിപ്പ് റിപ്പയർ സെന്ററാണ് ഐഎസ്ആർഎഫ് എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. 970 കോടി രൂപ ചെലവിൽ സ്ഥാപിച്ച ഐഎസ്ആർഎഫ് കപ്പൽ അറ്റകുറ്റപ്പണിക്കുള്ള ആഗോള കേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ്. അന്താരാഷ്ട്ര ഷിപ്പ് റിപ്പയർ ഓർഡറുകൾ കരസ്ഥമാക്കി വിദേശ വരുമാനം വർധിപ്പിക്കാനാവും. അനുബന്ധ വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിലൂടെ മേഖലയുടെ മൊത്തം സാമ്പത്തിക പുരോഗതിക്കും വഴിതെളിയും.
കപ്പൽ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും രാജ്യത്തെ പ്രമുഖ കേന്ദ്രം എന്ന നിലയിൽ കൊച്ചിക്ക് ഇപ്പോൾ തന്നെ പ്രശസ്തിയുണ്ട്. രാജ്യത്തെ ഏറ്റവും ആധുനികമായ ഷിപ്പ് ബിൽഡിങ് യാർഡാണ് ഇവിടെയുള്ളത്. ഉയർന്ന നിലവാരമുള്ള വലിയ കപ്പലുകൾ നിർമിക്കാൻ ഈ കപ്പൽശാലയ്ക്കു കഴിയും. ചരക്കു കപ്പലുകളും യാത്രാ കപ്പലുകളും വിമാനവാഹിനി അടക്കം സൈനിക കപ്പലുകളും നിർമിക്കാനാവുന്നുണ്ട്. വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കൊച്ചി ഷിപ്യാർഡിലാണു നിർമിച്ചത്. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിയാണിതെന്നതും എടുത്തുപറയേണ്ടതാണ്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇതുവഴി രാജ്യം ഉയരുകയും ചെയ്തു.
പുതിയ വിമാനവാഹിനി കപ്പൽ നിർമിക്കാനുള്ള അവസരവും കൊച്ചിക്കു കിട്ടുമെന്നാണു കരുതുന്നത്. ഇതിന് പുതിയ ഡ്രൈ ഡോക്ക് സഹായിക്കും. കൊച്ചി കപ്പൽശാലയിലെ 15 ഏക്കറിൽ 1,800 കോടി രൂപ ചെലവിലാണ് രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് നിർമിച്ചിരിക്കുന്നത്. എല്ലാതരം കപ്പലുകളുടെയും റിപ്പയർ ആവശ്യങ്ങൾക്കായുള്ള വൺ സ്റ്റോപ്പ് സെന്ററായി ഇതു കൊച്ചിയെ മാറ്റുകയാണ്. കൂറ്റൻ വിമാനവാഹിനി കപ്പലുകൾ, എൽഎൻജി കാരിയറുകൾ, ഡ്രഡ്ജറുകൾ, വാണിജ്യ യാനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ നിർമിക്കാം.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ എൽപിജി ടെർമിനൽ കേരളത്തിലെ ആദ്യ എൽപിജി ഇറക്കുമതി ടെർമിനലാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ടിലിങ് പ്ലാന്റുകൾക്കുള്ള എൽപിജി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഈ ടെർമിനൽ സഹായിക്കും. കൊച്ചിയുടെ അതിവേഗ വികസനത്തിനും കേരളത്തിന്റെ പുരോഗതിക്കും നിർണായക സംഭാവനകൾ ചെയ്യുന്നതിന് കൊച്ചി കപ്പൽശാല കൂടുതൽ കരുത്തും ശേഷിയും ആർജിക്കുന്നത് ഉപകരിക്കട്ടെ. വൻകിട രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന സൗകര്യങ്ങൾ കൊച്ചിയിലുണ്ടാവുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.