.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിൽ
ആവേശകരമായ കൊട്ടിക്കലാശം കഴിഞ്ഞു. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ചു മത്സരിച്ച പരസ്യ പ്രചാരണ കോലാഹലം അടങ്ങി. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. പൊതുയോഗങ്ങളോ മൈക്കു കെട്ടിയുള്ള പ്രചാരണങ്ങളോ ജാഥകളോ ഘോഷയാത്രകളോ ഒന്നും ഇന്ന് ഉണ്ടാവില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്‌ട്രീയ പ്രവർത്തകർ മണ്ഡലത്തിൽ തങ്ങുന്നതിനും വിലക്കുണ്ട്. നാളെയാണു കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനു പോളിങ് ബൂത്തുകളിലെത്തുന്നത്. ജനവിധി കുറ്റമറ്റതാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയാണു തെരഞ്ഞെടുപ്പു കമ്മിഷൻ. മൂന്നാഴ്ച നീണ്ട പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷം വരെ രാഷ്‌ട്രീയ ആവേശം ജ്വലിച്ചുനിൽക്കുകയായിരുന്നു. "ഡീൽ' ആരോപണം മുതൽ ഇന്നലെ പുറത്തുവന്ന 2018ലെ പ്രളയം സംബന്ധിച്ച ഫോൺ സംഭാഷണം വരെ നിരവധി വിഷയങ്ങളാണു രാഷ്‌ട്രീയ കക്ഷികൾ ചർച്ചാവിഷയങ്ങളാക്കിയത്. വികസനവും വികസന മുരടിപ്പും ശബരിമലയിലെ സ്വർണക്കൊള്ളയും വയനാട് ദുരന്തബാധിതർക്കുള്ള വീടു നിർമാണവും ഒക്കെ വിഷയങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഒട്ടേറെ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും അടക്കം ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തി. കടുത്ത വേനൽച്ചൂടിനെ വകവയ്ക്കാതെയാണു റോഡ് ഷോകൾ അടക്കം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.
തുടർച്ചയായി മൂന്നാം തവണയും എൽഡിഎഫ് ഭരണം എന്ന പ്രതീക്ഷ ഇടതുപക്ഷ അനുകൂലികൾ നിലനിർത്തുന്നുണ്ട്. ഭരണത്തുടർച്ച ഉറപ്പെന്ന് അവരുടെ നേതാക്കൾ ആവർത്തിക്കുന്നു. അതേസമയം യുഡിഎഫ് ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആ മുന്നണിയുടെ നേതാക്കൾ. നൂറു സീറ്റ് കിട്ടുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ട്. ഇരു മുന്നണികളെയും മടുത്ത ജനങ്ങൾ തങ്ങളെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണു ബിജെപിയും എൻഡിഎയും. ബിജെപി നിർണായക ശക്തിയാവുന്ന ഒരു തെരഞ്ഞെടുപ്പായി ഇതു മാറുന്നത് കേന്ദ്രത്തിലെ ഭരണകക്ഷി ആഗ്രഹിക്കുന്നുണ്ട്. ആരുടെ അവകാശവാദങ്ങൾക്കൊപ്പമാണു വോട്ടർമാർ നിലകൊള്ളുകയെന്ന് മേയ് നാലിനു വോട്ടെണ്ണുമ്പോഴാണു വ്യക്തമാവുക. എന്തായാലും വോട്ടെടുപ്പിനു മുൻപുള്ള അവസാന മണിക്കൂറുകളിലെ അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളിലാവും ഇന്നു രാഷ്‌ട്രീയ കക്ഷികളും നേതാക്കളും സ്ഥാനാർഥികളും. അതു കഴിഞ്ഞാൽ ജനങ്ങൾ വിധിക്കുന്നതെന്തോ അത് അനുസരിക്കുകയാണ് അവർക്കു ചെയ്യാനുള്ളത്.
ആകർഷകമായ പ്രകടന പത്രികകൾ തന്നെയാണു മൂന്നു മുന്നണികളും ജനങ്ങൾക്കു മുന്നിൽവച്ചിട്ടുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3,000 രൂപയായി വർധിപ്പിക്കുമെന്നും കേവല ദാരിദ്രം പൂർണമായും നിർമാർജനം ചെയ്യുമെന്നും എൽഡിഎഫ് പ്രകടന പത്രിക അവകാശപ്പെടുന്നുണ്ട്. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ജോലി ഉറപ്പാക്കുമെന്നാണു വാഗ്ദാനം. തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്കു ജോലി ഉറപ്പാക്കും. യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്കു പലിശരഹിത വായ്പ നൽകുമെന്നും പത്രിക അറിയിക്കുന്നു. കിടപ്പു രോഗികൾക്കു സമ്പൂർണ ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തും, കേന്ദ്രാവഗണന തുടർന്നാൽ ജനകീയ വിഭവ സമാഹരണത്തോടെ എയിംസിനെക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി കൊണ്ടുവരും, ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കി കേരളത്തെ മാറ്റും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. അതിവേഗ റെയ്‌ൽ പാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നാണു പ്രഖ്യാപനം. വ്യവസായ മേഖലയിൽ രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുമെന്നും പൊതുമേഖലയെ വിപുലപ്പെടുത്തുമെന്നും പത്രിക പറയുന്നു.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്‍റി യുഡിഎഫിന്‍റെ പ്രധാന വാഗ്ദാനമാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര, 3000 രൂപ ക്ഷേമപെൻഷൻ, സംരംഭങ്ങൾ തുടങ്ങാൻ യുവാക്കൾക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, കോളെജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ സഹായം തുടങ്ങിയ വാഗ്ദാനങ്ങൾ യുഡിഎഫ് നൽകുന്നുണ്ട്. റബറിന്‍റെ താങ്ങുവില 300 രൂപയായി ഉയർത്തും, കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്‍റീനുകൾ സംസ്ഥാനത്തു വ്യാപിപ്പിക്കും, ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും യുഡിഎഫ് നൽകുന്നു. റെയ്ൽവേ ഹൈ സ്പീഡ് കൊറിഡോർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നെറ്റ്/ ലൈറ്റ് മെട്രൊ റെയ്‌ൽ പദ്ധതി എന്നിവയും വാഗ്ദാനങ്ങളാണ്.
പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും വിധവകൾക്കും 70 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷൻ നൽകുമെന്ന് എന്‍ഡിഎയുടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ഓരോ വീട്ടിലും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെളളം, പാവപ്പെട്ടവര്‍ക്ക് 2,500 രൂപയുടെ പ്രതിമാസ ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്, കേരളത്തിന് എയിംസ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയ്‌ൽ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രൊ സർവീസുകൾ എന്നിവയും എന്‍ഡിഎയുടെ വാഗ്ദാനങ്ങൾ.
കഴിഞ്ഞ തവണത്തെ എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയതായി സർക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുകയുണ്ടായി. ഇക്കാര്യത്തിൽ ജനങ്ങളുടെ പരിശോധനയും വിലയിരുത്തലും എങ്ങനെയാണെന്നു ജനവിധിയിൽ വ്യക്തമാവും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച വിജയം നൽകിയ ആത്മവിശ്വാസത്തിലാണു യുഡിഎഫുള്ളത്. ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാവുമെന്നാണ് അവരുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ മുന്നേറ്റവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ പ്രചാരണ രംഗത്തെ സാന്നിധ്യവും എന്‍ഡിഎയ്ക്ക് ആവേശം നൽകുന്നതാണ്.