ജനക്ഷേമം നോക്കട്ടെ, കേന്ദ്ര- സംസ്ഥാന ബജറ്റുകൾ

 

symbolic graph

Editorial

ജനക്ഷേമം നോക്കട്ടെ, കേന്ദ്ര- സംസ്ഥാന ബജറ്റുകൾ

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ബജറ്റ് ചർച്ചകളിലേക്കു കടന്നിരിക്കുകയാണ്

Reena Varghese

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ബജറ്റ് ചർച്ചകളിലേക്കു കടന്നിരിക്കുകയാണ്. വരുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്തൊക്കെ ജനക്ഷേമ പരിപാടികളാണ് അതിലുണ്ടാവുക എന്ന ചർച്ചകൾ സർക്കാരിനു പുറത്തും നടക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ധരും വ്യവസായികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും എല്ലാം ബജറ്റിനെ ഉറ്റുനോക്കുകയാണ്. അതുകൊണ്ടു തന്നെ പാർലമെന്‍റിന്‍റെയും നിയമസഭയുടെയും വരാനിരിക്കുന്ന ബജറ്റ് സമ്മേളനങ്ങൾ ജനകീയ ശ്രദ്ധ ആകർഷിക്കുന്നതുമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനമാണ് ഇനി നടക്കാൻ പോകുന്നത്. അതു കഴിഞ്ഞ് അധികം വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്നു. തെരഞ്ഞെടുപ്പിലേക്കു പോകുന്ന സർക്കാരിന്‍റെ ബജറ്റ് എന്ന നിലയിൽ എൽഡിഎഫ് ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്ന വാഗ്ദാനങ്ങളായി വേണം ബജറ്റിനെ കാണാൻ. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാർ അവരുടെ ബജറ്റ് അവതരിപ്പിക്കുമല്ലോ.

എന്തായാലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ഇത്തവണത്തെ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പാണ്. ധനമന്ത്രി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മേഖലയിലുള്ളവർക്കും ഉപകാരപ്രദമാകുന്നതാവും ബജറ്റ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്കുണ്ടായ തിരിച്ചടികളുടെ കൂടി പശ്ചാത്തലത്തിൽ ജനക്ഷേമ പദ്ധതികൾക്കു പ്രാധാന്യം നൽകിയാവും ബജറ്റ് തയാറാക്കുക.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. ക്ഷേമ പെൻഷനുകളിലും വർധനയുണ്ടാവാം. ഈ സർക്കാരിന്‍റെ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നീടു വരുന്ന സർക്കാരിനും പിന്മാറാനാവില്ല. അതുകൊണ്ടു തന്നെ ഈ ബജറ്റ് പാഴായിപോകുന്നതല്ല. ജനുവരി 29നാണ് ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20നാണ് ആരംഭിക്കുന്നത്.

ജനുവരി 28ന് പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നു. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. തുടർച്ചയായി ഒമ്പതു ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയാണ് ഇത്തവണ നിർമല സീതാരാമനെ കാത്തിരിക്കുന്നത്. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയൊഴിവു പ്രഖ്യാപിച്ച കഴിഞ്ഞ തവണത്തെ കേന്ദ്ര ബജറ്റ് വലിയ ആശ്വാസമാണ് ഇടത്തരം വരുമാനക്കാർക്കു നൽകിയത്.

ഇത്തവണയും ആശ്വാസ പദ്ധതികൾ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നത് കേന്ദ്ര സർക്കാരിനും അവഗണിക്കാനാവില്ല. എന്തായാലും കേരളത്തിന്‍റെ താത്പര്യങ്ങൾ ഈ ബജറ്റിൽ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ പലർക്കുമുണ്ട്. അത് എത്രത്തോളം എന്നതാണു കാണാനിരിക്കുന്നത്. കേന്ദ്ര ബജറ്റിനു മുൻപാണ് സംസ്ഥാന ബജറ്റ് എന്നതിനാൽ കേന്ദ്രത്തിന്‍റെ സംഭാവനകൾ അറിഞ്ഞ ശേഷമുള്ളതാവില്ല കേരളത്തിന്‍റെ തെരഞ്ഞെടുപ്പു ബജറ്റ്.

അതേസമയം, കേന്ദ്ര ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പല നിർദേശങ്ങളും സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗം നടന്നപ്പോൾ കെ.എൻ. ബാലഗോപാൽ മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കേണ്ടതാണ്.

സംസ്ഥാനത്തിനായി 21,000 കോടി രൂപയുടെ സാമ്പത്തിക പാക്കെജ് എന്ന ആവശ്യം ഇതിൽ പ്രധാനപ്പെട്ടതാണ്. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതടക്കം കേന്ദ്ര നടപടികളുടെ ഫലമായുണ്ടായ ക്ഷീണം തീർക്കുന്നതിനാണിത്. ‌തൊഴിലുറപ്പു പദ്ധതിയുടെ പേരും ഘടനയും മാറ്റിയതിനെ കേരള സർക്കാർ എതിർക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാക്കിയത് സംസ്ഥാനത്തിനു മേൽ ആയിരക്കണക്കിനു കോടി രൂപയുടെ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് എന്നതിൽ സംശയങ്ങളൊന്നുമില്ല.

1,000 കോടി രൂപയുടെ റബർ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവയ്ക്കുന്നു. ഇതിൽ 33 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതം ഉറപ്പാക്കണമെന്നും 33 ശതമാനം റബർ ഉപയോഗിക്കുന്നവരിൽ നിന്ന് സമാഹരിക്കണമെന്നുമാണു പറയുന്നത്. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർധനയ്ക്കും ബ്രാൻഡിങ്ങിനുമായി പ്രത്യേക പാക്കെജുകളും ആവശ്യപ്പെടുന്നു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ അനുബന്ധ വികസനത്തിന് റെയ്‌ൽ കണക്റ്റിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തുക, വിഴിഞ്ഞം-ചവറ-കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് 'റെയർ എർത്ത് കോറിഡോർ' പ്രഖ്യാപിക്കുക, 1,000 കോടി രൂപ ഇതിനായി നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ബാലഗോപാൽ ഉന്നയിക്കുന്നുണ്ട്.

ജിസിസി മേഖലയിൽ പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പുനരധിവാസത്തിനു പ്രത്യേക പാക്കെജ്, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാൻ 1,000 കോടി രൂപയുടെ സഹായം, എയിംസ്, ശബരി റെയിൽ, പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സംരക്ഷണം എന്നിങ്ങനെ ആവശ്യങ്ങൾ പലതുണ്ട്. കേരളത്തിന്‍റെ ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ കണ്ണടയ്ക്കാതിരിക്കണം എന്നാണ് ഇവിടുത്തെ ജനങ്ങൾ മുഴുവൻ ആഗ്രഹിക്കുന്നത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി