ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കണം.

 
Editorial

നിയന്ത്രിക്കാനാവട്ടെ, ഓണക്കാല വിലക്കയറ്റം

കേരളം മുഴുവൻ ദേശീയോത്സവത്തെ സ്വാഗതം ചെയ്യുന്ന നാളുകളിൽ തട്ടിപ്പും വെട്ടിപ്പുമൊക്കെ നടക്കാനുള്ള സാധ്യതയും മുൻകൂട്ടികണ്ട് തടയേണ്ടതുണ്ട്

MV Desk

മലയാളികൾ ഉത്സവനാളുകളിലേക്കു കടക്കുകയാണ്. ഓഗസ്റ്റ് പിറന്നിരിക്കുന്നു. ഈ മാസം ഒടുവിലാണ് ഓണക്കാലത്തെ ആഘോഷങ്ങൾ. ഓണം ആഘോഷിക്കാത്ത മലയാളികളില്ല. വാണിജ്യ വ്യാപാര രംഗത്തുൾപ്പെടെ ഓണക്കാലത്തു പ്രത്യേക ഉണർവാണ് അനുഭവപ്പെടുന്നത്. നാടും നഗരവും എന്ന വ്യത്യാസമില്ലാതെ കേരളം മുഴുവൻ ദേശീയോത്സവത്തെ സ്വാഗതം ചെയ്യുന്ന നാളുകളിൽ തട്ടിപ്പും വെട്ടിപ്പുമൊക്കെ നടക്കാനുള്ള സാധ്യതയും മുൻകൂട്ടികണ്ട് തടയേണ്ടതുണ്ട്. ജനജീവിതം ദുസഹമാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി ജനങ്ങളെ വലയ്ക്കുന്ന പ്രവണതകൾ കർശനമായി തടയുക തന്നെ വേണം.

ഇപ്പോൾ തന്നെ വലിയ വിലക്ക‍യറ്റമാണു നാടു നേരിടുന്നത്. നിത്യോപയോഗ വസ്തുക്കൾക്കു പലതിനും വില കയറിയിട്ടുണ്ട്. കുടുംബബജറ്റ് താളം തെറ്റിയ നിലയിലാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന്‍റെ ഫലമായുണ്ടായ പെട്രോൾ, ഡീസൽ വില വർധന തന്നെ പൊതുവായ വിലക്കയറ്റത്തിനു കാരണമാണ്. രാജ്യത്തിന്‍റെ തെക്കേയറ്റത്തു കിടക്കുന്ന സംസ്ഥാനം എന്ന നിലയിൽ വിലക്കയറ്റം കൂടുതലായി ബാധിക്കുന്ന നാടു കൂടിയാണു കേരളം. ഇപ്പോൾ തന്നെ അരിവില കുത്തനെ കുതിച്ചുകയറിയിരിക്കുകയാണ്. കിലോയ്ക്ക് അഞ്ചു മുതൽ 10 വരെ രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. ഓണം അടുക്കുന്നതോടെ ഇനിയും വില വർധിക്കാമെന്ന ആശങ്കയുമുണ്ട്. ചരക്കുകൂലിയിലുണ്ടായ വർധനയും മറ്റു സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതും അരിവിലയെ ബാധിച്ചിട്ടുണ്ട്. പഞ്ചസാരയടക്കം മറ്റു പല ഉത്പന്നങ്ങൾക്കും ഈ ദിവസങ്ങളിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്.

ഓണനാളുകളിൽ ഇതു കൂടുതൽ രൂക്ഷമാവുമെന്നു വേണം കരുതാൻ. ആഘോഷ നാളുകൾ മുന്നിൽക്കണ്ട് കൃത്രിമ വിലക്കയറ്റത്തിനു ശ്രമിക്കുന്നവരുണ്ടാകാം. ആവശ്യം കൂടുതലാവുന്നു എന്നതുകൊണ്ടുള്ള സ്വാഭാവിക വിലക്കയറ്റത്തിനു പുറമേയാണിത്. നേന്ത്രപ്പഴത്തിനും പച്ചക്കായയ്ക്കും വിവിധ പച്ചക്കറി ഇനങ്ങൾക്കും വില വർധനയുണ്ടാവാം. വെളിച്ചെണ്ണയുടെയും മറ്റു ഭക്ഷ്യ എണ്ണകളുടെയും വിലയിലും വർധനയ്ക്കു സാധ്യതയുണ്ട്. ഓണവിപണി ആളുകളെ ചൂഷണം ചെയ്യുന്നതായി മാറാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതു സർക്കാർ സംവിധാനങ്ങളാണ്. പൊതുവിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അടക്കം തെറ്റായ പ്രവണതകൾ ഉണ്ടാവുന്നില്ലെന്നു സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഈ പട്ടിക പേരിനു വേണ്ടി മാത്രമുള്ളതാവരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയട്ടെ. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കട്ടെ. പൂഴ്ത്തിവയ്പ്പ് പൂര്‍ണമായും ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ‍ആത്മാർഥമായ നടപടികൾ ഉണ്ടാവണം. ജില്ലകളിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്റ്റർമാരുടെ നേതൃത്വത്തിലുള്ള ടീം നേരിട്ടു പരിശോധന നടത്തുന്നതുപോലുള്ള നടപടികളും ഉപകാരപ്രദമാണ്. നോക്കാനാളുണ്ടായാൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയന്ത്രിക്കാനാവും.

ഇത്തവണ ഓണച്ചന്ത നേരത്തേ ആരംഭിക്കുമെന്നാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് എറണാകുളത്തു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മൂന്നു പ്രധാന നഗരങ്ങളിൽ വ്യാപാരമേളകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ഓഗസ്റ്റ് 12 മുതൽ ജില്ലാതല ഓണച്ചന്തകളും മണ്ഡലതല പ്രാദേശിക മേളകളും ആരംഭിക്കുകയാണ്. ഓണക്കാലത്ത് സബ്സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സെപ്റ്റംബറിലേക്ക് അനുവദിച്ച ഉത്പന്നങ്ങൾ ഓഗസ്റ്റിൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി ക്ഷേമപദ്ധതികളെയോ സബ്സിഡി സാധനങ്ങളുടെ വിതരണത്തെയോ ബാധിക്കില്ലെന്നാണ് മന്ത്രി ഉറപ്പുനൽകുന്നത്. ഇത്തരത്തിലുള്ള ജാഗ്രത വാക്കുകളിൽ മാത്രമൊതുങ്ങാതെ ജനങ്ങൾക്ക് ഉപകാരപ്രദമായി മാറുക തന്നെ വേണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധ ഇതിന് ആവശ്യമാണ്. ഓണക്കാലത്ത് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതു സർക്കാരിന്‍റെ ഉത്തരവാദിത്വമായി കണ്ടുള്ള നടപടികളാണു വേണ്ടത്. മാവേലി സ്റ്റോറുകൾ അടങ്ങുന്ന പൊതുവിതരണ ശൃംഖലയ്ക്ക് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാനാവും.

തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി തുടരുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു.കൂടാതെ, പശ്ചിമ വിദർഭക്കും തെക്കൻ മധ്യപ്രദേശിനും മുകളിലായി തീവ്രന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് ഇത് വിദർഭ, തെക്കൻ മധ്യപ്രദേശ്, സമീപ മഹാരാഷ്ട്ര പ്രദേശങ്ങളിലൂടെ നീങ്ങി ക്രമേണ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മഴ അതിശക്തമാകാനിടയുള്ള കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

മഴ: ഒരു ജില്ലയ്ക്ക് ശനിയാഴ്ച അവധി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി