ഏറെ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പിലേക്കു രാഷ്‌ട്രീയ ശ്രദ്ധ തിരിയുകയാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിരിക്കുന്നു. നവംബർ ആറിനും പതിനൊന്നിനും രണ്ടു ഘട്ടമായാണ് ബിഹാറിലെ പോളിങ് നടക്കുന്നത്. അതായത് ഇനി ഒരു മാസത്തെ സമയം മാത്രമേയുള്ളൂ. മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള എൻഡിഎയും ആർജെഡി നേതാവ് തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യവും തമ്മിലുള്ള രാഷ്‌ട്രീയപ്പോരിനു ചൂടുകൂടുന്ന ദിനങ്ങളാണിനി. പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടിയും ഇത്തവണ കളത്തിലുണ്ട്. 243 അംഗ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു തുടരാനുള്ള നിതീഷ് കുമാറിന്‍റെ ശ്രമങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നത് ദേശീയ രാഷ്‌ട്രീയവും ഉറ്റുനോക്കുന്നതാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന് നിതീഷിന്‍റെ പാർട്ടി ജെഡിയുവിന്‍റെ പിന്തുണ നിർണായകമാണെന്നിരിക്കെ ബിഹാർ രാഷ്‌ട്രീയത്തിലെ ഓരോ ചലനവും വളരെയേറെ പ്രാധാന്യമുള്ളതാണ്. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് അക്രമങ്ങൾ തലവേദനയായിട്ടുള്ള സംസ്ഥാനത്ത് ഇത്തവണ രണ്ടു ഘട്ടമായാണ് പോളിങ് നടക്കുന്നത് എന്നതു ശ്രദ്ധേയമാണ്. 2020ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നു ഘട്ടമായാണു പോളിങ് നടന്നത്. 2015ൽ അഞ്ചു ഘട്ടമായിരുന്നു. 2010ൽ ആറു ഘട്ടം. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലെന്നും ഇത്തവണ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടത്തണമെന്നും ജെഡിയു ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ സംവിധാനങ്ങൾ, സൗകര്യങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഇത്തവണ രണ്ടു ഘട്ടമായി വോട്ടെടുപ്പു നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബിഹാറിൽ നടക്കുകയെന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അവകാശപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പു സംവിധാനത്തിൽ പരാതികൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ് അക്രമങ്ങൾ ഇല്ലാതാക്കാനുമുള്ള പരിശ്രമം തെരഞ്ഞെടുപ്പു കമ്മിഷന്‍റെയും സർക്കാരിന്‍റെയും വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെയും എല്ലാം ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഓരോ തെരഞ്ഞെടുപ്പും കൂടുതൽ സുതാര്യമാവുക എന്നത് ജനാധിപത്യത്തിന്‍റെ കരുത്തിന് അത്യാവശ്യമാണ്. ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയോടോ സ്ഥാനാർഥികളോടോ പക്ഷഭേദം കാണിക്കുന്നു എന്ന പരാതി ഉയരാതിരിക്കാനാണു കമ്മിഷൻ ശ്രദ്ധിക്കേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അവകാശങ്ങളും ഒരുപോലെയാണ്. ആരു ജയിക്കണം എന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണ്. അത് അവർ നിശ്ചയിക്കട്ടെ. അതിനുള്ള അവസരം ഏറ്റവും നല്ല രീതിയിൽ ഒരുക്കാൻ കമ്മിഷനു കഴിയട്ടെ. ജനവിധി എന്താണോ അത് ഏറ്റവും ബഹുമാനത്തോടെ അംഗീകരിക്കുക എന്നതു രാഷ്‌ട്രീയ കക്ഷികളുടെയും ഉത്തരവാദിത്വമാണ്.
ബിഹാർ വോട്ടർ പട്ടികയിലെ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പ്രത്യേക സമഗ്ര പരിഷ്കരണം (സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ- എസ്ഐആർ) ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കമ്മിഷനെതിരേ വലിയ തോതിൽ പ്രതിപക്ഷ ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി വോട്ടർ പട്ടിക പുതുക്കുന്നത് ലക്ഷക്കണക്കിനു വോട്ടർമാരെ പുറത്താക്കാൻ കാരണമാവുമെന്നാണ് കോൺഗ്രസും ആർജെഡിയും അടക്കം പ്രതിപക്ഷ കക്ഷികൾ ആരോപിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ അവകാശം ഭീഷണി നേരിടുന്നുവെന്നാണു പ്രതിപക്ഷം ആരോപിച്ചത്. അതേസമയം, അനർഹരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണു പുതുക്കൽ നടപടിയെന്നു തെരഞ്ഞെടുപ്പു കമ്മിഷനും അവകാശപ്പെട്ടു. ജൂൺ 24നു തുടങ്ങിയ വോട്ടർ പട്ടിക പരിഷ്കരണത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനാണു കരടു പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുകയുണ്ടായി. വിശദമായ പരിശോധനകൾക്കു ശേഷം വോട്ടർ പട്ടികയിൽ നിന്ന് 40 ലക്ഷത്തിലേറെ പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണു പറയുന്നത്. അന്തിമ വോട്ടർ പട്ടികയിൽ 7.43 കോടി വോട്ടർമാരാണുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 125 സീറ്റാണു ലഭിച്ചത്. ബിജെപി 74 സീറ്റിലും ജെഡിയു 43 സീറ്റിലും വിജയിച്ചു. 75 സീറ്റുകളോടെ ആർജെഡി ഏറ്റവും വലിയ കക്ഷിയായെങ്കിലും വിശാല പ്രതിപക്ഷ മുന്നണിക്ക് 110 സീറ്റേ ഉണ്ടായിരുന്നുള്ളൂ. പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ് 19, ഇടതുപാർട്ടികൾ 16 സീറ്റുകൾ വീതം നേടി. മുന്നണിയിലെ വലിയ കക്ഷിയായിരുന്നിട്ടും മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാറിനു വിട്ടുകൊടുക്കാൻ ബിജെപി തയാറായതാണ് എന്‍ഡിഎ ഭരണം തുടരാനുള്ള വഴിയൊരുക്കിയത്. ലോക്സഭയിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും നിതീഷിനെ ബിജെപി ചേർത്തു പിടിക്കുമെന്നുറപ്പാണ്. ഇത്തവണയും നിതീഷ് എന്നതാണ് ജെഡിയുവിന്‍റെ മുദ്രാവാക്യം തന്നെ. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന ബിഹാറിനെ ഉയർത്തിക്കൊണ്ടുവന്നതു നിതീഷാണെന്ന് ജെഡിയു അവകാശപ്പെടുന്നു. എൻഡിഎ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് ബിജെപിയും വിശ്വസിക്കുന്നു.
നിരവധി വർഷങ്ങളായി ബിഹാർ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന 74കാരനായ നിതീഷ് കുമാറിന്‍റെ പ്രായവും അനാരോഗ്യവും ചൂണ്ടിക്കാണിച്ചാണു പ്രതിപക്ഷം വോട്ടുപിടിക്കാനിറങ്ങുക. ഇനിയും നിതീഷിനെ ജനങ്ങൾ വിശ്വസിക്കില്ലെന്ന പ്രതീക്ഷയാണവർക്ക്. അഴിമതിക്കും ദുർഭരണത്തിനും എതിരായ വോട്ടാകും ഇത്തവണയെന്ന് തേജസ്വി യാദവ് അവകാശപ്പെടുന്നുണ്ട്. പ്രചാരണം ചൂടുപിടിക്കുമ്പോൾ ചട്ടങ്ങൾ പാലിക്കുന്നതിനും രാഷ്‌ട്രീയ മാന്യത പുലർത്തുന്നതിനും എല്ലാ കക്ഷികൾക്കും കഴിയട്ടെ.