തെരുവുനായ ശല്യം: കോടതി ഉത്തരവ് നടപ്പാക്കണം
രാജ്യത്തു തെരുവുനായ ശല്യത്തിനു പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളാണു സുപ്രീം കോടതി നേരത്തേ സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാട് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരിക്കുകയാണു പരമോന്നത കോടതി. മനുഷ്യജീവനു ഭീഷണി ഉയർത്തുന്ന നായ്ക്കളെ കൊല്ലാമെന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേഹ്ത, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്. പേവിഷ ബാധ, ചികിത്സിച്ചു ഭേദപ്പെടുത്താനാകാത്ത രോഗങ്ങൾ എന്നിവയുള്ള നായ്ക്കളെയും അപകടകാരികളും അക്രമ സ്വഭാവമുള്ളവയുമായ നായ്ക്കളെയും ദയാവധത്തിനു വിധേയമാക്കാമെന്നു കോടതി വിധിച്ചിരിക്കുന്നു. അന്തസോടെ ജീവിക്കാനുള്ള അവകാശമെന്നതു നായകളുടെ ഭീഷണിയില്ലാതെ ജീവിക്കാനുള്ള അവകാശമാണെന്ന കോടതിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. തെരുവു നായ്ക്കളെ പുനരധിവസിപ്പിക്കുന്നതും വന്ധ്യംകരണം ചെയ്യുന്നതും സംബന്ധിച്ച സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷം നവംബർ ഏഴിലെ ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള മുഴുവൻ ഹർജികളും കോടതി തള്ളിക്കളഞ്ഞു. മനുഷ്യരുടെ സുരക്ഷയും ജീവനും മറ്റു ജീവജാലങ്ങളുടെ താത്പര്യവും ക്ഷേമവുമായി തുലനം ചെയ്യുമ്പോൾ ഭരണഘടനാപരമായി മനുഷ്യജീവന്‍റെ സംരക്ഷണത്തിനും പരിപാലനത്തിനുമായിരിക്കണം മുൻഗണന നൽകേണ്ടതെന്നാണു വിധിയിൽ പറയുന്നത്. ഇനിയെങ്കിലും കോടതി വിധി ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറാവുകയാണു വേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ പൊതുഇടങ്ങളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഷെൽറ്ററുകളിലേക്കു നീക്കണമെന്നു കോടതി നിർദേശിക്കുന്നുണ്ട്. ഇവയെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്തു തന്നെ വിടണമെന്ന നായസ്നേഹികളുടെ ആവശ്യം തള്ളുകയും ചെയ്തിട്ടുണ്ട്. പൊതുഇടങ്ങളിൽ നിന്നു പിടികൂടുന്ന നായകളെ വന്ധ്യംകരിച്ച ശേഷം ഷെൽറ്ററുകളിൽ നിന്ന് തുറന്നുവിടരുതെന്നു കോടതി നേരത്തേയുള്ള വിധിയിൽ പ്രത്യേകം നിർദേശിച്ചിരുന്നു. പൊതു ഇടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാനുള്ള സംവിധാനമുണ്ടാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന- ദേശീയ ഹൈവേകളിൽ നിന്നും എക്സ്പ്രസ് വേകളിൽ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും നീക്കണമെന്ന നിർദേശം കോടതി നാഷണൽ ഹൈവേസ് അഥോറിറ്റി ഒഫ് ഇന്ത്യ അടക്കം അധികൃതർക്കു നൽകിയിരുന്നതാണ്. പ്രധാന റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ യാത്രക്കാർക്കു തടസങ്ങൾ സൃഷ്ടിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
തെരുവുനായകൾ ആശങ്കാജനകമായ രീതിയിൽ പെരുകുന്നുണ്ട് എന്നതു വാസ്തവമാണ്. ഇവ അക്രമാസക്തമാവുന്നതും ആളുകളെ ആക്രമിക്കുന്നതും വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. കുട്ടികളും വയോധികരും അടക്കം തെരുവുനായകളുടെ ആക്രമണത്തിന് ഇരകളാകുന്നു. വിദേശ സഞ്ചാരികൾ വരെ ഇരകളാവുന്നുണ്ട്. കേരളത്തിൽ തന്നെ നായ കടിച്ചുകീറുന്ന എത്രയോ സംഭവങ്ങളാണ് ഉണ്ടാകുന്നത്. പൊതുജന സുരക്ഷയ്ക്കു നിരന്തരം ഇവ ഭീഷണി ഉയർത്തുന്നത് ഭരണാധികാരികൾ കണ്ടുകൊണ്ടിരിക്കാൻ പാടില്ലാത്തതാണ്. സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ എടുക്കാതെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. തെരുവു നായകൾ മനുഷ്യരെ കടിച്ചുകീറുന്നത് അധികാരികൾ നിഷ്ക്രിയ സാക്ഷികളായി നോക്കിനിൽക്കുന്നത് സമൂഹത്തോടു ചെയ്യുന്ന പാതകമാണ്.
എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കിയെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നുവെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ ജില്ലയിലും ചുരുങ്ങിയത് ഒരു എബിസി സെന്‍ററെങ്കിലും വേണമെന്നാണു കോടതി പറയുന്നത്. ജനസാന്ദ്രതയുള്ള ജില്ലകളിൽ അതിനനുസരിച്ച് എണ്ണം കൂട്ടുകയും വേണം. ഇത്തരം കേന്ദ്രങ്ങൾ പേരിന് അനുവദിച്ചാൽ പോരാ അവ പ്രവർത്തനസജ്ജമായിരിക്കുകയും വേണമെന്നത് ഇതിനോടു ചേർത്തു പറയേണ്ടതുണ്ട്. പേവിഷ പ്രതിരോധ വാക്സിൻ എല്ലാവർക്കും ഉറപ്പാക്കുന്നതും സർക്കാരിന്‍റെ ചുമതലയാണ്. തെരുവുനായ ശല്യമുള്ള പൊതുസ്ഥാപനങ്ങളിൽ നായ കടക്കാതിരിക്കാൻ തക്കവണ്ണമുള്ള വേലി, മതിൽക്കെട്ട്, ഗേറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടെന്ന് സ്ഥാപനങ്ങളുടെ ഭരണച്ചുമതലയുള്ളവർ ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ-പഞ്ചായത്ത് അധികൃതർ നിരന്തരം പരിശോധനകൾ നടത്തേണ്ടതും അനിവാര്യമാണ്.