പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണ പരിഷ്കരണ കമ്മിഷന്‍റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം കാലാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയും ശുപാര്‍ശ ചെയ്തെങ്കിലും സ്വീകരിക്കാൻ മന്ത്രിസഭ തയാറായില്ല.
കേരളത്തിൽ പങ്കാളിത്ത പെൻഷന് അർഹരായ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആണ്. സംസ്ഥാനത്തെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 ആയി നിജപ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. അങ്കണവാടി ഹെൽപർമാരുടെ വിരമിയ്ക്കൽ പ്രായം 62 ആണ്. ഇതേ പ്രായത്തിലാണ് മെഡിക്കൽ കോളെജുകളിലെ ഡോക്റ്റർമാർ വിരമിക്കേണ്ടത്. ബാങ്കിങ് മേഖലയിലും പെന്‍ഷന്‍ പ്രായം 60 ആണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായമായി നിശ്ചയിച്ചിട്ടുള്ളതും 60 തന്നെ.
തമിഴ്നാടും ഗോവയും പഞ്ചാബും ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആണ്. ഇതിൽ മിക്ക സംസ്ഥാനങ്ങളും 60 ആയി ഉയർത്താനുള്ള ശ്രമങ്ങളിലാണെന്നാണ് വിവരം. പശ്ചിമ ബംഗാൾ, ത്രിപുര, ഉത്തർ പ്രദേശ്, ബിഹാർ, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ 60 ആണ് ജീവനക്കാരുടെ വിരമിക്കൽ പ്രായം. മധ്യപ്രദേശിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി ഉയർത്തിയത് 6 കൊല്ലം മുമ്പാണ്. സംസ്ഥാനത്തെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ചെറുപ്പക്കാരുടെ സംഘടനയായ ബെരോജ്ഗാർ സേന ഇത് യുവാക്കളോടു കാട്ടിയ വഞ്ചനയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവിടെ ആ തീരുമാനമെടുത്ത സർക്കാരിനനുകൂലമായിരുന്നു ജനവിധി.
കേരളം ലോക നിലവാരത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഇതിൽ കുറെയേറെ വാസ്തവവുമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് പെൻഷൻ പ്രായം കുറവ്. ജപ്പാനിൽ വിരമിക്കൽ പ്രായം 64. അമെരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ 62 മുതൽ 70 വയസു വരെ. ന്യൂസിലാൻഡിലും ബ്രസീലിലും ക്യാനഡയിലും ചിലിയിലും ക്യൂബയിലും പോളണ്ടിലും റുമാനിയയിലും സിംഗപ്പുരിലും സ്വിറ്റ്സർലന്‍റിലും യുഎഇയിലും 65, ബ്രിട്ടനിൽ 66, ഓസ്ട്രേലിയ, ഗ്രീസ്, ഇസ്രയേൽ, ഇറ്റലി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ 67 എന്നിങ്ങനെയാണ് വിരമിക്കൽ പ്രായമെങ്കിൽ ഇറാനും ഇറാഖും 60 ആണ്. റഷ്യയും ചൈനയും 63 ആണെങ്കിൽ വിയറ്റ്നാം 60, സ്പെയിൻ 66, ഫിൻലാൻഡ് 69 എന്നിങ്ങനെ ആവുമ്പോൾ ജർമനിയിൽ 70 ആയിരുന്നത് 65 ആയി കുറച്ചു. പാക്കിസ്ഥാനിൽ ഇന്ത്യയെപ്പോലെ 60 ആണെങ്കിൽ നേപ്പാളിൽ 65 ആണ്. ലോക സന്തോഷ സൂചികയിൽ ഒന്നാമതുള്ള ഫിൻലൻഡിൽ 65 മുതൽ 69 വരെയാണ് വിരമിക്കൽ പ്രായം.
കേരളത്തിൽ ആയുർദൈർഘ്യം എല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണ്. സംസ്ഥാനത്ത് ആയുർദൈർഘ്യം 75 എന്നത് ദേശീയ തലത്തിലെ 70നേക്കാൾ മുകളിലാണല്ലോ. ആരോഗ്യവും കാര്യപ്രാപ്തിയും ഊർജസ്വലതയുമുള്ള ഒരാളെ 56ാം വയസിൽ വിരമിക്കാൻ വിട്ട് പെൻഷൻ നൽകി വീട്ടിലിരുത്തുന്ന നടപടി തനി പ്രാകൃതമാണെന്നു മാത്രമല്ല, സംസ്ഥാനത്തിന് കനത്ത നഷ്ടവുമാണ്. സർവീസിൽ സേവനമനുഷ്ഠിച്ച കാലത്തെക്കാൾ പെൻഷൻ നൽകേണ്ടി വരുന്ന അവസ്ഥയാണ് കേരളത്തിനുള്ളത്. ഇത്തരത്തിൽ പ്രത്യുത്പാദനപരമല്ലാത്ത വമ്പൻ ചെലവുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാൻ കേരളത്തിലെ ഒരു രാഷ്‌ട്രീയ കക്ഷിക്കും ധൈര്യമില്ല. അതിനായി യുവാക്കളുടെ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന്‍റെ പീരിയോഡിക് ലേബര്‍ സര്‍വെ ഫോഴ്‌സിന്‍റെ കണക്കനുസരിച്ച് 15 മുതൽ 29 വരെ പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്. 2023 ജൂലൈ 2024 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. തൊഴിലില്ലായ്മാ നിരക്ക് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാര്‍: ലക്ഷദ്വീപ്- 36.2%, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍- 33.6%, കേരളം-29.9%, നാഗാലാന്‍ഡ്- 27.4%, മണിപ്പുര്‍- 22.9%. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്.
കഴിഞ്ഞ വർഷം ജനുവരിമുതൽ ഡിസംബർ വരെ കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) 34,410 പേരെ നിയമന ശുപാർശ ചെയ്തു. കേരളത്തേക്കാൾ 20 കോടി ജനങ്ങൾ അധികമുള്ള ഉത്തർ പ്രദേശിൽ ഈ കാലയളവിൽ നടത്തിയ നിയമന ശുപാർശ 4,120. ആന്ധ്ര പ്രദേശ്- 332, ഗുജറാത്ത്- 1,680, മധ്യപ്രദേശ്- 2,123, മഹാരാഷ്‌ട്ര-3,949, രാജസ്ഥാൻ-3,062. ഇതിലും കുറവാണ് മറ്റുടങ്ങളിൽ. 2023ൽ രാജ്യത്താകെ പിഎസ്‌സി നിയമനങ്ങൾ 62,580 ആണ്. ഇതിൽ 54.5 ശതമാനവും കേരളത്തിലാണ്. അതായത്, കൂടിയാൽ ഒരു വർഷം സംസ്ഥാന സർക്കാർ നിയമനം ലഭിക്കുന്നത് 35,000 പേർക്കാണ്. അത്രയും പേർക്ക് എല്ലാ വർഷവും നിയമനം ഉറപ്പുനൽകി പെൻഷൻ പ്രായം കൂട്ടിയാൽ യുവാക്കളിൽ നിന്ന് എതിർപ്പുണ്ടാവില്ല. നിലവിൽ വളരെക്കുറച്ച് ജീവനക്കാരേ പെൻഷൻ പ്രായം 60 ആയി ഉയർത്താൻ ബാക്കിയുള്ളൂ. സംസ്ഥാന സർക്കാർ കാലത്തിന്‍റെ ചുവരെഴുത്ത് വായിച്ച് വിരമിക്കൽ പ്രായം 60 എങ്കിലുമായി ഏകീകരിക്കണം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രകുറഞ്ഞ പെൻഷൻ പ്രായമില്ല. സംസ്ഥാനത്തെ ജീവനക്കാരിൽ വലിയൊരു പങ്കും സർക്കാർ ജോലിക്ക് അർഹരാവുന്നത് ഉയർന്ന പ്രായപരിധിക്കടുത്താണ്. അവർക്ക് ഫുൾ പെൻഷൻ കിട്ടാത്ത സാഹചര്യം കൂടിയാണ് കുറഞ്ഞ പെൻഷൻ പ്രായത്തിലൂടെ ഉണ്ടാവുന്നത്. ആ അനീതി തിരുത്താൻ സർക്കാർ തയാറാവണം.
എറണാകുളം മഹാരാജാസ് കോളെജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന കവി എസ്. ജോസഫ് 3 കൊല്ലം മുമ്പ് വിരമിക്കൽ ദിനം പറഞ്ഞതിങ്ങനെ: "ഞാനിവിടെ വന്നിട്ടുമില്ല, എങ്ങോട്ടും പോയിട്ടുമില്ല'. ബഹുഭൂരിപക്ഷം സാധാരണ ജനങ്ങൾക്കും ഉദ്യോഗസ്ഥരോട് ഇതേ മനോഭാവമാണ്. എത്ര വലിയ വിപ്ലവകാരിയാണെങ്കിലും ഉദ്യോഗസ്ഥന്‍റെ കസേരയിലിരിക്കുന്നതോടെ ജനവിരുദ്ധമാവുന്നതാണ് അനുഭവം. വിരമിക്കൽ പ്രായം കൂട്ടിയാലും കുറച്ചാലും ഉള്ള കാലത്ത് "ഞാനിവിടെ ഉണ്ടായിരുന്നു, ഓരോ ഫയലിലെയും ജീവിതം കണ്ടറിഞ്ഞ് അനുതാപത്തോടെ വേഗത്തിൽ തീരുമാനമെടുക്കാൻ' എന്ന് ജീവനക്കാർ വിചാരിച്ചാൽ "ഇത്തരക്കാർ എങ്ങും പോയിട്ടില്ല' എന്ന് പിന്നാലെ വരുന്നവരോട് ജനം പറയുന്ന സ്ഥിതി വരും. അപ്പോൾ, സിവിൽ സർവീസ് സാർഥകമാവും. അല്ലാത്തിടത്തോളം കാലം ജനവിരുദ്ധമായ ഈ സംവിധാനത്തോട് ഇപ്പോഴത്തെപ്പോലെ ജനം മുഖം തിരിച്ചുനിൽക്കും. ജീവനക്കാർ വന്നാലും വിരമിച്ചാലും എന്തെന്ന ചിന്തയിൽ ജനം മാറി നിൽക്കും. പകരം, ജനകീയമായാൽ വിരമിക്കൽ പ്രായം കാലാനുസൃതമായി ഉയർത്തണമെന്ന ആവശ്യം ഉയർത്തുന്നത് ജനങ്ങളായിരിക്കും. അതിനായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചെങ്കിലെന്ന് ആശിക്കുന്നു.