പ്രതിസന്ധിയില്‍ സ്വകാര്യ ബസ് മേഖല
file image
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ "പ്രിയദർശിനി പദ്ധതി' പ്രകാരം സ്ത്രീകൾക്കു സൗജന്യ യാത്ര നടപ്പാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസ് മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നു ബന്ധപ്പെട്ട എല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. നഷ്ടം സഹിക്കാൻ കഴിയാതെ നൂറുകണക്കിനു സർവീസുകൾ നിർത്തിവയ്ക്കാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ജി- ഫോം നൽകി സർവീസ് നിർത്താനാണ് ഇവരുടെ തീരുമാനമത്രേ. വാഹനം താത്കാലികമായി നിരത്തിലിറക്കുന്നില്ലെന്നു കാണിച്ച് മോട്ടോർ വാഹന വകുപ്പിനു സമർപ്പിക്കുന്നതാണ് ജി- ഫോം. പ്രതിസന്ധി ഒഴിഞ്ഞാൽ നികുതി അടച്ച് വീണ്ടും ബസ് ഇറക്കാനും ഈ ഫോം സമർപ്പിക്കുന്നതിലൂടെ കഴിയും. പക്ഷേ, ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി എങ്ങനെ മറികടക്കാനാവും എന്നതിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. ഇതിനിടെ, ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് അവസാനിപ്പിച്ചാൽ ഈ മേഖലയിൽ തൊഴിലെടുക്കുന്ന മുപ്പതിനായിരത്തിലേറെ ജീവനക്കാരും നൂറുകണക്കിനു ബസ് ഉടമകളും കടുത്ത പ്രതിസന്ധിയിലാവും. ഇവരിൽ ഏറെ പേരും മധ്യവയസിലെത്തിയവരോ അതു പിന്നിട്ടവരോ ആണ്. മറ്റൊരു ജോലി അവർക്ക് എളുപ്പമാവില്ല. സ്വകാര്യ ബസുകൾ ഇല്ലാതായാൽ പല മേഖലകളിലും യാത്രാക്ലേശം അനുഭവപ്പെടും എന്നതും ഓർക്കേണ്ടതാണ്. അതിനാൽ തന്നെ ഗൗരവമായ ചർച്ച ഇതുമായി ബന്ധപ്പെട്ടു നടക്കേണ്ടതുണ്ട്. സ്വകാര്യ ബസ് ഉടമകൾ പറയുന്നത് കണ്ണടച്ചു തള്ളുന്നതാവരുത് സർക്കാർ നിലപാട്. പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു തീരുമാനിക്കാൻ സമയം വൈകിക്കൂടാ.
സംസ്ഥാനത്തു ബസ് യാത്രക്കാരിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുള്ള മേഖലകളിൽ സ്ത്രീകൾ യാത്രയ്ക്ക് സ്വകാര്യ ബസുകളെ കൈയൊഴിഞ്ഞ അവസ്ഥയാണ്. നൂറുകണക്കിനു ബസുകൾ ഒഴിഞ്ഞ സീറ്റുകളുമായി സർവീസ് നടത്തേണ്ടിവരുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ കോടിക്കണക്കിനു രൂപയുടെ വരുമാനം സ്വകാര്യ ബസ് മേഖലയ്ക്കു നഷ്ടമായിട്ടുണ്ട്. ഇന്ധനം അടിക്കാനും ജീവനക്കാർക്കു ശമ്പളം നൽകാനുമുള്ള വരുമാനം ബസ് ഓടിയാൽ കിട്ടുന്നില്ലെന്നു പരാതിയുള്ള ബസ് ഉടമകൾ പലരാണ്. സമീപകാലത്തുണ്ടായ ഇന്ധന വില വർധനയും നഷ്ടം വർധിപ്പിക്കുന്നുണ്ടെന്നു ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കളക്‌ഷൻ കുറഞ്ഞതോടെ ജീവനക്കാരുടെ വേതനം കുറച്ച ബസ് ഉടമകളുമുണ്ട്.
സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്കുണ്ടാവുന്ന നഷ്ടം നികത്താൻ പൊതുഖജനാവിലെ പണം ഉപയോഗിക്കാം. എന്നാൽ, സ്വകാര്യ ബസുകൾക്ക് അതിനു വകുപ്പില്ലല്ലോ. സ്വകാര്യ ബസുകളെയും സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രത്യേക സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ ഖജനാവിന് അതു താങ്ങാനാവുമോ എന്നതു വിഷയം തന്നെയാണ്. പ്രിയദർശിനി പദ്ധതി നടപ്പാക്കുന്നതിന് കെഎസ്ആർടിസിക്കു തന്നെ കോടിക്കണക്കിനു രൂപ അധിക സഹായം നൽകേണ്ടതുണ്ട്. മാസം 60 കോടി മുതൽ 70 കോടി രൂപ വരെ കെഎസ്ആർടിസിക്ക് അധികമായി നൽകേണ്ടിവരും. അതു കണ്ടെത്താനുള്ള മാർഗങ്ങൾ തേടുകയാണു സർക്കാരിപ്പോൾ. ചെലവു ചുരുക്കി കാര്യക്ഷമത വർധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ മാർഗങ്ങളെക്കുറിച്ചൊക്കെ പറഞ്ഞുകേൾക്കുന്നുണ്ട്. അതൊക്കെ എത്രമാത്രം നടപ്പാവുമെന്നു കണ്ടറിയേണ്ടതാണ്. അതിനിടെ സ്വകാര്യ മേഖലയെ കൂടി സഹായ പദ്ധതിയിൽ ഉൾപ്പെടുത്താമെന്നു സർക്കാരിനു സമ്മതിക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാണ്.
സ്വകാര്യ ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവു നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ നികുതിയിളവു കൊണ്ട് വളരെ ചെറിയ ആശ്വാസം മാത്രമാണു ലഭിക്കുകയെന്ന് ബസ് ഉടമകൾ പറയുന്നു. ഒരു ദിവസം 100 മുതൽ 150 രൂപ വരെയാണ് ഈ നികുതിയിളവു കൊണ്ടുള്ള ലാഭമത്രേ. ഇതിന്‍റെ പല ഇരട്ടിയാണ് സമീപകാലത്തുണ്ടായ ഡീസൽ വില വർധന തന്നെ. സ്ത്രീയാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ദിവസം 1,000 മുതൽ 4,000 വരെ രൂപ നഷ്ടമുണ്ടാകുന്ന ബസുകളുണ്ട്. ഇതൊക്കെ എങ്ങനെ നികത്തുമെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. കെഎസ്ആർടിസി ഓർഡിനറി ബസുകൾ കാര്യമായി ഇല്ലാത്ത മേഖലകളിൽ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളെ അത്രകണ്ട് ബാധിക്കണമെന്നില്ല. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഏതാണ്ട് തുല്യമായി ഓടുന്ന മേഖലകളിലാണു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അതു കൃത്യമായ പരിഹാരം കാണേണ്ട വിഷയവുമാണ്. പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുക എന്ന നിർദേശം മന്ത്രി സി.പി. ജോൺ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്തായാലും ഇതൊക്കെ ചർച്ച ചെയ്ത് ധാരണയിലെത്തേണ്ട വിഷയങ്ങളാണ്.