കളിക്കളത്തിൽ നിന്ന് പോഡിയത്തിലേക്ക്
കായിക രംഗത്തെ സഹകരണം പരസ്പര ബഹുമാനം, സംവാദം, ഉൾക്കൊള്ളൽ എന്നിവയിലൂടെ ശക്തമാക്കാനുള്ള അംഗരാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് വിശാഖപട്ടണത്ത് നടന്ന ഇത്തവണത്തെ ബ്രിക്സ് രാജ്യങ്ങളിലെ കായിക മന്ത്രിമാരുടെ ഉച്ചകോടിയുടെ സമാപനത്തിൽ "ബ്രിക്സ് സംയുക്ത കായിക പ്രഖ്യാപനം' ഏകകണ്ഠേന അംഗീകരിച്ചത്. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന 2026ലെ ബ്രിക്സ് കായിക യോഗത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള കായിക വകുപ്പ് മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പങ്കെടുത്തിരുന്നു. പരസ്പര സഹകരണത്തിനുള്ള മുൻഗണനകളെക്കുറിച്ചും കായിക വികസനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അംഗരാജ്യങ്ങളുടെ പൊതു കാഴ്ചപ്പാടുകളെ യഥാർഥ കായിക സഹകരണമാക്കി മാറ്റുന്ന ഒരു "ബ്രിക്സ് കായിക സഹകരണ വേദി " കെട്ടിപ്പടുക്കാനാണ് നമ്മുടെ കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആമുഖ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തത്. അടുത്തമാസം 12, 13 തീയതികളിൽ ഡൽഹിയിലാണ് ബ്രിക്സ് ഉച്ചകോടി. അതിനു മുന്നോടിയായാണ് ഈ യോഗം ചേർന്നത്.
പ്രഖ്യാപനങ്ങൾക്കും ഉപരി വളരുക, അത്ലറ്റ്- കോച്ച് കൈമാറ്റം, സംയുക്ത മത്സരങ്ങൾ, സ്പോർട്സ് സയൻസ് വിജ്ഞാന വിനിമയം തുടങ്ങി കായിക സഹകരണത്തിന് നല്ല വേദികൾ സൃഷ്ടിക്കുന്ന കായിക പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതു പ്രധാനമാണ്. രാഷ്ട്ര നിർമാണത്തിൽ കായികരംഗത്തിനു വലിയ പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കായിക ആവാസ വ്യവസ്ഥയെ മാറ്റിയെഴുതുകയാണ്. കളിക്കളത്തിൽ നിന്ന് പോഡിയത്തിലേക്ക് അവസരങ്ങൾ സൃഷ്ടിക്കുകയാണ്. കായിക സാമഗ്രികളുടെ നിർമാണം ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുകയാണ്. സ്പോർട്സ് ഉപകരണ നിർമാണ ക്ലസ്റ്ററുകളുടെ പ്രോത്സാഹനത്തിന് ഉടൻ ആരംഭിക്കാനിരിക്കുന്ന പദ്ധതി നിക്ഷേപം സുഗമമാക്കും, ആഗോള വിപണികൾക്കായി ഉത്പാദനം പ്രോത്സാഹിപ്പിക്കും എന്നാണു പ്രതീക്ഷ. ആഗോള നിർമാതാക്കളെയും സാങ്കേതിക കമ്പനികളെയും നിക്ഷേപകരെയും "ഇന്ത്യയിൽ നിർമിക്കുക, ഇന്ത്യയിൽ കളിക്കുക, ഇന്ത്യയ്ക്കൊപ്പം വളരുക' എന്ന മുുദ്രാവാക്യവുമായി രാജ്യം ക്ഷണിക്കുകയാണ്. പാരാ- സ്പോർട്സ് പ്രോത്സാഹന സംരംഭങ്ങളിലൂടെയും കായികരംഗത്ത് സ്ത്രീകളുടെ വർധിച്ച പങ്കാളിത്തത്തിനായുള്ള പുതിയ പാതകളിലൂടെയും കായിക രംഗത്തെ കൂടുതൽ സമഗ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണു രാജ്യം നടത്തുന്നത്.
ഇന്ത്യയുടെ അധ്യക്ഷതയിൽ, കായികരംഗത്തെ സഹകരണം ആഴത്തിലാക്കാൻ മൂന്ന് മുൻഗണനാ സംരംഭങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്:
കായിക സാങ്കേതികവിദ്യയിലെ ബ്രിക്സ് വർക്കിങ് ഗ്രൂപ്പ്: കായിക ശാസ്ത്രം, അത്ലറ്റുകളുടെ പ്രകടനം, ഭരണം, നിർമിത ബുദ്ധി, ഡിജിറ്റൽ പരിവർത്തനം, നൂതനാശയം എന്നിവയിലെ ബ്രിക്സ് സഹകരണം ഈ വർക്കിങ് ഗ്രൂപ്പ് ശക്തിപ്പെടുത്തും; പ്രധാന കായിക മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഇന്ത്യ ഇതിനായി സംഭാവന ചെയ്യും.
കായിക ഉപകരണ നിർമാണത്തിനായുള്ള ബ്രിക്സ് കോൺക്ലേവ്: ഒരു "ബ്രിക്സ് സ്പോർട്സ് മാനുഫാക്ചറിങ് കോൺക്ലേവ്' നടത്താനുള്ള ഇന്ത്യയുടെ നിർദേശത്തിന് വ്യാപകമായ പിന്തുണ ലഭിച്ചു. ഇതിന്റെ ഉദ്ഘാടന പതിപ്പ് രാജസ്ഥാനിലെ ഉദയ്പുരിൽ നവംബറിൽ നടക്കും. നിർമാതാക്കൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, സാങ്കേതിക ദാതാക്കൾ, എസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും. മികച്ച രീതികളുടെ കൈമാറ്റം, സാങ്കേതികവിദ്യയും നൂതനാശയവും, ഗുണനിലവാര മാനദണ്ഡങ്ങൾ, ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരം, സുസ്ഥിരമായ വിതരണ ശൃംഖലകൾ എന്നിവയിൽ ഈ കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.
ബ്രിക്സ് പരമ്പരാഗത, തദ്ദേശീയ കായിക പ്രകടന മത്സരങ്ങൾ: ഒക്റ്റോബർ 12, 13 തീയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടത്താൻ നിർദേശിച്ചിരിക്കുന്ന ഈ മത്സരങ്ങൾ ബ്രിക്സ് രാജ്യങ്ങൾക്ക് വൈവിധ്യമാർന്ന പരമ്പരാഗത, തദ്ദേശീയ കായിക പാരമ്പര്യം പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും വേദിയൊരുക്കും. മത്സരമല്ലാതെ സാംസ്കാരിക പ്രാധാന്യമുള്ള ഒരു സംരംഭമായി വിഭാവനം ചെയ്തിട്ടുള്ള ഈ കായിക മേള സാംസ്കാരിക കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളിലുടനീളമുള്ള അത്ലറ്റുകളുടെയും പരിശീലകരുടെയും സ്വമേധയാ ഉള്ള പങ്കാളിത്തം സുഗമമാക്കാനും ഈ മത്സരങ്ങൾ സഹായിക്കുമെന്നാണു വിലയിരുത്തൽ. ഓരോ കായിക ഇനവുമായും ബന്ധപ്പെട്ടിരിക്കുന്ന സാംസ്കാരിക പ്രാധാന്യം, ആചാരങ്ങൾ, പരമ്പരാഗത അറിവ് എന്നിവ പ്രകടിപ്പിച്ച് പൊതു സാംസ്കാരിക സംവേദന രീതികളും പരസ്പരം ബഹുമാനിക്കുന്ന ചട്ടക്കൂടുകളും പരിപാടിയിൽ ഉണ്ടാകുമെന്നാണു സൂചന.
സൗഹൃദ സൈക്ലിങ് പരിപാടി: ഔദ്യോഗിക നടപടിക്രമങ്ങൾക്കു മുന്നോടിയായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച "ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' 87ാം പതിപ്പിന്റെ ഭാഗമായി നടന്ന "ബ്രിക്സ് സൗഹൃദ സൈക്ലിങ് പരിപാടി'യിൽ മന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കുചേർന്നിരുന്നു. ഡോ. മൻസുഖ് മാണ്ഡവ്യ, യുവജനകാര്യ- കായിക സഹമന്ത്രി രക്ഷാ ഖഡ്സെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, യുഎഇ, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരും പങ്കെടുത്തു. കായിക രംഗത്തിലൂടെ ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത അവിടെ പ്രതിഫലിച്ചു.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ കൈവരിച്ച പുരോഗതിയെ സ്വാഗതം ചെയ്ത പ്രതിനിധി സംഘങ്ങൾ, യുവജന വികസനം, ഉൾക്കൊള്ളൽ, സാംസ്കാരിക വിനിമയം, അന്താരാഷ്ട്ര സഹകരണം എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കായികരംഗത്തിന്റെ പങ്ക് എടുത്തുപറഞ്ഞു. ബ്രിക്സ് ചട്ടക്കൂടിനുള്ളിൽ കായിക രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ സന്നദ്ധരാണെന്ന് എല്ലാ അംഗ രാജ്യങ്ങളും ഉറപ്പു നൽകിയിരിക്കുകയാണ്. "പ്രതിരോധ ശേഷി, നൂതന ആശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി നിർമിക്കുക' എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ബ്രിക്സ് കായിക യോഗത്തിന്റെ ഫലപ്രാപ്തി അവിടത്തെ നിർദേശങ്ങൾ പ്രതിഫലിപ്പിക്കുന്നു.