ശബരിമല

 

file image

Editorial

മികച്ചതാവട്ടെ, ശബരിമലയിലെ ഒരുക്കം

നാളെയാണു മകരവിളക്ക്.

Reena Varghese

ഇത്തവണത്തെ ശബരിമല തീർഥാടനം അവസാന ഘട്ടത്തിലാണ്. 30 ലക്ഷത്തിലേറെ അയ്യപ്പ ഭക്തർ ദർശനം നടത്തിയ മണ്ഡലകാലത്തിനു ശേഷം മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30നു നട തുറന്ന ശേഷവും തീർഥാടക പ്രവാഹമായിരുന്നു. സമീപദിവസങ്ങളിൽ പതിനെട്ടാം പടി കയറി ദർശനം നടത്താൻ പത്തും അതിലേറെയും മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നവരുണ്ട്. ഒരു ലക്ഷത്തിനടുത്ത് ഭക്തർ എത്തിയ ദിവസങ്ങളുണ്ട്. തിരക്കു നിയന്ത്രിക്കാൻ തീർഥാടകരെ പമ്പയിൽ തടയേണ്ട അവസ്ഥയുണ്ടായി.

തിരക്കു നിയന്ത്രണ വിധേയമാക്കുന്നതിന് അധികൃതർ പരമാവധി ശ്രമിക്കുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് നടത്തുന്ന സേവനം എടുത്തുപറയേണ്ടതുണ്ട്. മകരവിളക്കിനു നട തുറന്ന ശേഷം പത്തു ലക്ഷത്തോളം തീർഥാടകർ ദർശനം നടത്തിയെന്നാണു കരുതുന്നത്. നാളെയാണു മകരവിളക്ക്. ഇതു കണക്കിലെടുത്തു വലിയ തോതിലുള്ള തയാറെടുപ്പുകളാണു നടത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും ഭംഗിയായി ഈ ദിവസങ്ങളിൽ ദർശനം നടത്താൻ എല്ലാവർക്കും കഴിയട്ടെ. അതിനുള്ള എല്ലാവിധ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ടെന്നു പ്രതീക്ഷിക്കാം. തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഇന്ന് 35,000 പേർക്കും നാളെ 30,000 പേർക്കും വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കാനാണു കോടതി നിർദേശം.

അതിനുശേഷം 18 വരെ തീയതികളിൽ 50,000 പേർക്കും 19നു 30,000 പേർക്കും വെർച്വൽ പാസ് നൽകാം. സ്പോട്ട് ബുക്കിങ് 5,000 പേർക്കായി പരിമിതപ്പെടുത്തി. ഇതുവഴി അവസാന ദിവസങ്ങളിലെ തിരക്കു നിയന്ത്രിക്കാൻ കഴിയുമെന്നു കരുതാം. ഈ ദിവസങ്ങളിൽ മലകയറിയ പലരും മകരജ്യോതി ദർശനത്തിനായി കാത്തുനിൽക്കുന്നുണ്ട് എന്നതും ഇതോടൊപ്പം കാണണം. കൂടുതൽ പേർ മലയിറങ്ങാതെ നിന്നാൽ അതിനനുസരിച്ച് തിരക്കു വർധിക്കും.

മകരവിളക്കു ദിവസം രാവിലെ 10നു ശേഷം നിലയ്ക്കലിൽ നിന്നു പമ്പയിലേക്കും 11നു ശേഷം പമ്പയിൽ നിന്നു സന്നിധാനത്തേക്കും തീർഥാടകരെ അനുവദിക്കരുതെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴിയും സത്രം- പുല്ലുമേട് വഴിയും തീർഥാടകരെ കടത്തിവിടുന്നതിനും നിയന്ത്രണങ്ങളുണ്ട്. മകരവിളക്ക് ദർശിക്കാൻ പുല്ലുമേട്ടിൽ ഒരേസമയം 5,000 പേരിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിർദേശിക്കുന്നു. ഭക്തർക്കു കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം തുടങ്ങിയവ ഉറപ്പാക്കുന്നതും ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്.

തീർഥാടനം സുഗമമായി നടക്കുന്നതിനു പൊലീസും കെഎസ്ആർടിസിയും വരുംദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ആയിരക്കണ‍ക്കിനാളുകളുടെ യാത്രയും ദർശനവും സൗകര്യപ്രദമാക്കേണ്ടത് ഇവരുടെ സേവനങ്ങളിലൂടെയാണ്. ഈ ദിവസങ്ങളിൽ 1,000 ബസുകള്‍ സര്‍വീസിനായി ഒരുക്കിയിട്ടുണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ പ്രതിദിനം 160 ചെയിന്‍ സര്‍വീസുകളാണു നടത്തിവരുന്നത്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 250 ബസുകള്‍ അധികമായി സര്‍വീസ് നടത്തുമെന്നു പറയുന്നു. കോയമ്പത്തൂര്‍, പഴനി, തെങ്കാശി തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലേക്കും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലേക്കുമായി 20ഓളം ദീര്‍ഘദൂര സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ടത്രേ. സംസ്ഥാനത്തെ വിവിധ ഡിപ്പൊകളില്‍ നിന്നുള്ള മികച്ച ബസുകളാണു പമ്പയിലേക്ക് സര്‍വീസിനായി എത്തിച്ചിരിക്കുന്നതെന്നും കെഎസ്ആർടിസി അവകാശപ്പെടുന്നു.

മകരജ്യോതി ദര്‍ശനം കഴിഞ്ഞു ഭക്തര്‍ തിരിച്ചെത്തുന്നതോടെ പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തുമെന്നും പറയുന്നു. ആവശ്യമുള്ളത്ര ബസുകളും അതിന് ആവശ്യമായ ഉദ്യോഗസ്ഥരും ശബരിമലയിൽ ഉ‍ണ്ടാവുമെന്ന് ഉറപ്പാക്കാൻ കെഎസ്ആർടിസിക്കു കഴിയട്ടെ. ഹില്‍ടോപ്പില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസി ബസുകള്‍ക്കും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങള്‍ക്കും മാത്രമേ അവിടെ പാര്‍ക്കിങ്ങിന് അനുമതിയുള്ളൂ‌. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നാണു നിർദേശം. മകരവിളക്കു ദിവസം ശബരിമലയിലും പരിസരത്തുമായി സുരക്ഷ ഒരുക്കുന്നതിന് 2,000 പൊലീസുകാരെ നിയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.1,500 പേരാണ് ഇപ്പോൾ ഡ്യൂട്ടിയിലുള്ളത്.

അധികമായി 500 പേർ കൂടിയെത്തുന്നു.‌ നിലവിലുള്ള പൊലീസുകാർ ഡബിൾ ഡ്യൂട്ടി ചെയ്യുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിനു തുല്യമായി അതു മാറുമെന്നും അധികൃതർ വിശദീകരിക്കുന്നുണ്ട്. തീർഥാടകർക്കു മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ, വിദഗ്ധ ഡോക്റ്റർമാരുടെ സേവനം തുടങ്ങിയ വാഗ്ദാനങ്ങൾ അക്ഷരാർഥത്തിൽ നടപ്പായെന്ന് ആവശ്യക്കാർക്കു ബോധ്യമാവട്ടെ.

ശുചീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഈ ദിവസങ്ങളിൽ യാതൊരു വീഴ്ചയും സംഭവിക്കരുത്.‌ വിവിധ വകുപ്പുകളും ഏജൻസികളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് ഭക്തർക്ക് അസൗകര്യങ്ങൾ കുറഞ്ഞുകിട്ടുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ദേവസ്വം ബോർഡിനു വീഴ്ചയുണ്ടാവരുത്.

കേന്ദ്രം ഞെരുക്കുന്നെന്ന് മുഖ്യമന്ത്രി, 3.2 ലക്ഷം കോടി തന്നെന്ന് രാജീവ് ചന്ദ്രശേഖർ

24 മണിക്കൂറിൽ 29 കിലോമീറ്റർ റോഡ്: ദേശീയപാതാ അഥോറിറ്റിക്ക് റെക്കോഡുകൾ നാല്

ബ്രിട്ടനിൽ തീവ്രവാദം പഠിപ്പിക്കും: വിദ്യാർഥികളെ വിലക്കി യുഎഇ

ഹിന്ദുത്വ ഭ്രാന്തമായ ആശയം: മണിശങ്കർ അയ്യർ

ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video