തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്നാട് ഗവർണർ ആർ.എൻ. രവി
file photo
ഒരു സർക്കാരിന്‍റെ കാലാവധി തീരാനിരിക്കെ, നിയമസഭയുടെ അവസാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് രാഷ്‌ട്രീയമായി പ്രാധാന്യമുണ്ടാവാം. അതിനപ്പുറം വലിയ പ്രസക്തിയൊന്നും ആ നയപ്രഖ്യാപനത്തിനില്ല. കാരണം തെരഞ്ഞെടുപ്പിനു ശേഷം വരുന്ന പുതിയ സർക്കാരിന്‍റെ നയമാണല്ലോ ഇനി നടപ്പാവാൻ പോകുന്നത്. അത് അവർ അധികാരത്തിൽ വന്നശേഷം വ്യക്തമാക്കുകയും ചെയ്യും.
ആ നിലയ്ക്കാണ് കേരളത്തിലും തമിഴ്നാട്ടിലും നിയമസഭകളിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗങ്ങളെ കാണേണ്ടത്. നിലവിലുള്ള സർക്കാരിന് ഒരു തുടർച്ചയുണ്ടെങ്കിൽ അവർ എന്തു ചെയ്യാൻ പോകുന്നു എന്നതിന്‍റെ സൂചന ഇത്തരത്തിലുള്ള അവസാന നയപ്രഖ്യാപനത്തിൽ നിന്ന് ലഭിച്ചേക്കാം. നിലവിലുള്ള സർക്കാരിനെ നയിക്കുന്ന പാർട്ടികളുടെ നയമെന്ത് എന്നറിയുന്നതിന്, ജനങ്ങളെ അറിയിക്കുന്നതിന്, പല മാർഗങ്ങളുണ്ട്.
അതിലൊന്നായി ഈ നയപ്രഖ്യാപനത്തെയും കാണാം. ആ നിലയ്ക്കാണ് ഇതിന്‍റെ രാഷ്‌ട്രീയ പ്രാധാന്യം. നയപ്രഖ്യാപനത്തെച്ചൊല്ലിയുള്ള രാഷ്‌ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചേക്കാം. കേരളത്തിലും തമിഴ്നാട്ടിലും നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗവർണർമാർ സ്വീകരിച്ച നടപടികൾ ചർച്ചയായി മാറുകയാണല്ലോ.
ദേശീയ ഗാനം ആദ്യം ആലപിച്ചില്ലെന്നു ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തന്നെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർച്ചയായി മൂന്നാം തവണയാണ് തമിഴ്നാട് ഗവർണർ ഇത്തരത്തിൽ ഇറങ്ങിപ്പോകുന്നത് എന്നതിനാൽ അതിൽ പുതുമയൊന്നുമില്ല.
"തമിഴ് തായ് വാഴ്ത്ത് ' ഗാനം ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്ന രീതിയിലാണ് ഗവർണർക്കു വിയോജിപ്പ്. ക്ഷുഭിതനായി ഇറങ്ങിപ്പോയ ഗവർണർക്കെതിരേ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്ത് ഗവർണറുടെ ആവശ്യമില്ലെന്നു വരെ പറഞ്ഞുവച്ചു. കേന്ദ്രത്തിനെതിരായ വിമർശനങ്ങളടങ്ങിയ നയപ്രഖ്യാപനം സ്പീക്കർ വായിക്കുകയും ചെയ്തു. എന്തായാലും വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ നയപ്രഖ്യാപനത്തെക്കാൾ പ്രസക്തമാവുക ഗവർണർ- സർക്കാർ പോരാവും. കേന്ദ്ര സർക്കാരിനെതിരായ ശക്തമായ വിമർശനങ്ങളുടെ ഭാഗമാവും ഡിഎംകെയ്ക്ക് ഗവർണറുടെ നടപടികളും.
തമിഴ്നാടിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലും നടത്തിയെന്നതാണു വിവാദമായി മാറിയിരിക്കുന്നത്. സർക്കാരിന്‍റെ നയമെന്ത് എന്നതു തന്നെയാണു നയപ്രഖ്യാപന പ്രസംഗത്തിൽ ഉദ്ദേശിക്കുന്നത്. അത് അതേപടി വായിക്കുന്നതിൽ ഗവർണർ തുറന്ന മനസു കാണിക്കേണ്ടതുമാണ്.
ഗവർണർക്കു വ്യക്തിപരമായി വിയോജിപ്പുണ്ട് എന്നതുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിൽ ഭേദഗതി വരുത്താനാവുമോ എന്നതാണു കൂടുതൽ ചർച്ചകൾക്കു കാരണമാവുന്നത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം തന്നെയാണ് ഔദ്യോഗികമായി നിയമസഭയും അംഗീകരിക്കുകയെന്നു സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഗവർണറുടെ വ്യതിചലനങ്ങൾ രാഷ്‌ട്രീയ ചർച്ചകൾക്കുള്ള ആയുധം മാത്രമേ ആകുന്നുള്ളൂ.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സർക്കാരിന്‍റെ നയമാണ് ഗവർണർ സഭയിൽ അവതരിപ്പിക്കുന്നത് എന്നതിനാൽ മന്ത്രിസഭ അംഗീകരിച്ചതെന്തോ അത് അതേപടി നിലനിൽക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര സർക്കാർ നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ധനകാര്യ ഫെഡറലിസത്തിന്‍റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഇതുവഴി കേന്ദ്രമെന്നും കുറ്റപ്പെടുത്തുന്ന വാചകം ഗവർണർ ഒഴിവാക്കി.
മന്ത്രിസഭ അംഗീകരിച്ച ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതും ഇതുമായി ബന്ധപ്പെട്ടു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതും കോടതി അവ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുന്നതും പരാമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചില്ല. നികുതി വിഹിതവും ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റുകളും ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്.
ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുർബലപ്പെടുന്നതാണെന്ന് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലുണ്ട്. എന്നാൽ, സർക്കാർ അങ്ങനെ കരുതുന്നു എന്ന രീതിയിലാണ് ഗവർണറുടെ കൂട്ടിച്ചേർക്കൽ ഉണ്ടായിരിക്കുന്നത്.
എന്തായാലും നയപ്രഖ്യാപന പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്ന സർക്കാരിന്‍റെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ കേന്ദ്ര സഹായം അനിവാര്യമാണ്. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി കുറച്ചതിനെതിരേയും നേരത്തേ തന്നെ സംസ്ഥാന സർക്കാർ രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം പുതുതായി അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.