വി.എസ്. അച്യുതാനന്ദൻ 

file image

Editorial

ജനകീയ നേതാവിന് പ്രണാമം

നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ എത്രയോ ആളുകളെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

കേരളം വിട ചൊല്ലുകയാണ്, വി.എസ്. അച്യുതാനന്ദൻ എന്ന നേതാവിന്. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനലക്ഷങ്ങളുടെ ക്ഷേമകാര്യങ്ങൾക്കു വേണ്ടി, ഈ നാടിനു വേണ്ടിത്തന്നെയും, നിരന്തരം പോരാട്ടങ്ങൾ നയിച്ച വി.എസ്, തന്‍റെ എല്ലാ ദൗത്യങ്ങളും പൂർത്തിയാക്കി നമ്മോടു യാത്ര പറയുന്നു. ഇന്ന് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമത്തിനു മുൻപായി അനേകായിരങ്ങളുടെ യാത്രാമൊഴിയാണ് അദ്ദേഹം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അണികളുടെ, ആരാധകരുടെ, മനസു നിറയെ 'കണ്ണേ കരളേ വി.എസേ...' എന്ന മുദ്രാവാക്യം വിളികളാണ്. 'ധീര സഖാവേ വി.എസേ.... ജീവിക്കുന്നൂ ഞങ്ങളിലൂടെ...' എന്ന മുദ്രാവാക്യം ഉയരുന്നതും അനേകായിരങ്ങളുടെ ഹൃദയത്തിൽ നിന്നാണ്.

കർമ മണ്ഡലമായ തിരുവനന്തപുരത്ത് ചൊവ്വാഴ്ച മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ രാവിലെ മുതൽ കണ്ട അണമുറിയാത്ത ജനപ്രവാഹം സമര സഖാവിനോടുള്ള ജനങ്ങളുടെ സ്നേഹവും ആദരവും വ്യക്തമാക്കുന്നതായിരുന്നു. തലസ്ഥാന നഗരിയിൽ നിന്ന് ജന്മദേശമായ ആലപ്പുഴയിലേക്കു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചപ്പോഴും ജനസഹസ്രങ്ങൾ ചുറ്റിലുമുണ്ടായിരുന്നു. വിലാപയാത്ര കടന്നുപോകുന്ന പാതയുടെ ഇരുവശത്തും തടിച്ചുകൂടിയവർ പ്രിയ നേതാവിനെ അവസാനമായൊന്നു കണ്ടു വണങ്ങാൻ മണിക്കൂറുകളാണു കാത്തുനിന്നത്.

വി.എസ് ജനങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നതിനുള്ള ഉത്തരം അദ്ദേഹത്തിന്‍റെ അന്ത്യയാത്രയിൽ കാണുന്ന ഈ ജനക്കൂട്ടങ്ങളിൽ നിന്ന് മനസിലാക്കാവുന്നതാണ്. സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ക്രൗഡ് പുള്ളറായിരുന്നു എന്നും വി.എസ്. കേരളത്തിന്‍റെ ഏതു ഭാഗത്തായാലും വി.എസിനെ കാണാനും കേൾക്കാനും ജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുമായിരുന്നു. ആരവങ്ങളോടെ എതിരേൽക്കുമായിരുന്നു. ജനസാഗരം ഇരമ്പിയെത്തിയ എത്രയോ രാഷ്‌ട്രീയ യോഗങ്ങൾ വി.എസിന്‍റേതായുണ്ട്. നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ എത്രയോ ആളുകളെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ വി.എസിനു വേണ്ടി പ്രതിഷേധവുമായി തെരുവിലിറങ്ങിയതും സാധാരണക്കാരായ പാർട്ടി പ്രവർത്തകരായിരുന്നു. പ്രിയ നേതാവിനു വേണ്ടി അവർ മുഴക്കിയ ശബ്ദം കേൾക്കാതെ തരമില്ലായിരുന്നു അന്നു പാർട്ടിക്ക്. അതേ തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയായതും. അന്നു പ്രായം 82 വയസ്. കേരള മുഖ്യമന്ത്രിസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ ചരിത്ര പുസ്തകത്തിൽ ക‍യറി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്താൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവിന്‍റെ കസേരയിലിരുന്ന നേതാവാണ് വി.എസ്.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ അദ്ദേഹത്തിന്‍റെ പോരാട്ടങ്ങൾ വലിയ ജനപിന്തുണ നേടിയവയാണ്. തൊഴിലാളി, തൊഴിലാളി നേതാവ്, വിപ്ലവകാരി, സ്വാതന്ത്ര്യ സമര സേനാനി, രാഷ്‌ട്രീയ നേതാവ് തുടങ്ങി പ്രവർത്തന രംഗത്തെ ഓരോ ഘട്ടവും വി.എസ് പോരാട്ടത്തിന്‍റേതാക്കി മാറ്റി. മൂല്യങ്ങളിൽ അടിയുറച്ചു നിന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു നിശ്ചയദാർഢ്യമുള്ള ഈ പോരാളി. ഇതുവരെയുള്ള കേരളത്തിന്‍റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ പ്രധാന സ്ഥാനത്തു നിന്ന് വി.എസിനെ മാറ്റിനിർത്താനാവില്ല. ആദ്യ തെരഞ്ഞെടുപ്പു മുതൽ സ്ഥാനാർഥിയായോ പ്രചാരകനായോ വി.എസ് സജീവമായിട്ടുണ്ട്. പുന്നപ്ര എന്ന ഗ്രാമത്തിൽ നിന്ന്, ആലപ്പുഴയിലെ കയർ തൊഴിലാളികൾക്കിടയിൽ നിന്ന്, കേരള മുഖ്യമന്ത്രിക്കസേര വരെ എത്തി. ജനങ്ങളുമായുള്ള ബന്ധം ഏതു സമയത്തും കാത്തുസൂക്ഷിച്ചു.

ജനകീയ നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മൂന്നാറിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന ദൗത്യം ഏറെ ചർച്ച ചെയ്യപ്പെട്ടത്. പാർലമെന്‍ററി രംഗത്തു കയറ്റങ്ങൾ മാത്രമല്ല ഇറക്കങ്ങളും ഉണ്ടായിട്ടുണ്ട്. വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും, പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കും എന്നൊരു പഴഞ്ചൊല്ലു തന്നെ ഒരുകാലത്ത് ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയ കേരളം വി.എസിലേക്ക് ഉറ്റുനോക്കിയിരുന്ന സമയത്തുണ്ടായ തോൽവി വലിയ ചർച്ചയായ സന്ദർഭവുമുണ്ട്. അത്തരം തോൽവികളിലും ജനങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തിൽ ഒരിറക്കവും സംഭവിച്ചിട്ടില്ല.

പുന്നപ്ര- വയലാർ സമര നായകനായ വി.എസ് സാമൂഹിക അനാചാരങ്ങൾക്കും ജന്മിത്വത്തിനുമെതിരേയുള്ള സമരങ്ങൾ നയിക്കാനും മുന്നിട്ടിറങ്ങിയിരുന്നു. എട്ടു പതിറ്റാണ്ടിലധികം നീളുന്ന പൊതുജീവിതം. സുദീർഘമായ രാഷ്‌ട്രീയ പ്രവർത്തനകാലം. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളുടെ ഭാഗമായ നേതാവാണ് അദ്ദേഹം.

കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാവ്, 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണി. രാഷ്‌ട്രീയ വിദ്യാർഥികൾക്ക് വി.എസിൽ നിന്ന്, അദ്ദേഹത്തിന്‍റെ ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഏറെ പാഠങ്ങൾ പഠിക്കാനുണ്ട്. ഈ ജനനായകന്‍റെ ധീര സ്മരണകൾക്കു മുന്നിൽ, ജനസേവന ചരിത്രത്തിനു മുന്നിൽ 'മെട്രൊ വാർത്ത'യുടെ പ്രണാമം.

വേലിക്കകത്ത് വീട്ടിൽ നിന്നും അവസാനമായി വിഎസ് പടിയിറങ്ങി; അന്ത്യാഭിവാദ്യമർപ്പിച്ച് പതിനായിരങ്ങൾ

സ്കൂൾ അപകടഭീഷണിയിലെന്ന് വിദ‍്യാർഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഫെമ നിയമ ലംഘനം; മിന്ത്രക്കെതിരേ ഇഡി

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം കേന്ദ്രം തള്ളി

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ