ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഒഴിവാകട്ടെ | മുഖപ്രസംഗം
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരുകളുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കാൻ സംസ്ഥാന ഗവർണർമാർക്ക് അധികാരമില്ലെന്നു പരമോന്നത കോടതി സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഇപ്പോൾ നേരിടേണ്ടിവരുന്ന ഭീഷണിയാണു ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർമാർ. കോടതി ഉത്തരവുണ്ടായത് തമിഴ്നാടുമായി ബന്ധപ്പെട്ടാണെങ്കിലും പഞ്ചാബിലും പശ്ചിമ ബംഗാളിലും ഈ വിഷയമുണ്ട്. കേരളത്തിലും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ പിടിച്ചുവച്ച് സംസ്ഥാന സർക്കാരിനെ വലച്ചിട്ടുണ്ട്. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നുവെന്ന പരാതി കർണാടക സർക്കാരിനുമുണ്ട്. ഗവർണറുടെ ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാവില്ലെന്നു നേരത്തേയും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
2023ൽ കേരള സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ് ആരിഫ് മുഹമ്മദ് ഖാൻ പിടിച്ചുവച്ചിരുന്ന ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. മറ്റൊരു ബില്ലിൽ ഒപ്പുവയ്ക്കുകയും ചെയ്തു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിച്ചതിനെതിരേ അന്നു കോടതി നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. ബില്ലുകളിൽ രണ്ടു വർഷമായി ഗവർണർ എന്തെടുക്കുകയായിരുന്നുവെന്ന് ആരാഞ്ഞത് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. അതിനുമുൻപ് ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന തമിഴ്നാട്, പഞ്ചാബ് ഗവർണർമാരുടെ നടപടികൾക്കെതിരേയും കോടതി നിശിത വിമർശനം ഉന്നയിച്ചിരുന്നു. പഞ്ചാബ് ഗവർണർക്കെതിരേ പുറപ്പെടുവിച്ച വിധി വായിച്ചുനോക്കാൻ കേരള ഗവർണറോടു നിർദേശിക്കുകയും ചെയ്തിരുന്നു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്‍റെ നിയമ നിർമാണത്തെ ഗവർണർക്കു തടസപ്പെടുത്താനാവില്ലെന്നാണു കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിലൂടെ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഉപദേശപ്രകാരമാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്. ജനപ്രതിനിധികൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കാൻ ഗവർണർമാർക്ക് അധികാരം നൽകിയാൽ പാർലമെന്‍ററി ജനാധിപത്യം വാഴില്ല. ഇതു കോടതിക്കു ബോധ്യമുണ്ട്- ആ വിധികളിലൂടെ കോടതി വിശദമാക്കി. 2020 മുതലുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാതിരിക്കുന്ന തമിഴ്നാട് ഗവർണർ ആർ.എന്‍. രവിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് 2023ൽ കോടതി ചോദിച്ചത് മൂന്നുവർഷക്കാലം എന്താണു ചെയ്തതെന്നായിരുന്നു. ഇപ്പോൾ വീണ്ടും ഇതേ വിഷയത്തിൽ തമിഴ്നാട് ഗവർണറെ കോടതിക്കു വിമർശിക്കേണ്ടിവന്നു എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്.
ബില്ലുകൾ അനിശ്ചിത കാലത്തേക്കു തടഞ്ഞുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതി വിശദീകരിച്ചിട്ടുണ്ട്. ബില്ലുകൾ പിടിച്ചുവയ്ക്കാനുള്ള ഒരധികാരവും ഭരണഘടന ഗവർണർമാർക്കു നൽകിയിട്ടില്ലെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. ഗവർണർ സർക്കാരിന്‍റെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഭരണസംവിധാനത്തിനു തടസം സൃഷ്ടിക്കുകയാണ്. ഗവർണർമാർ വഴിമുടക്കികളാവരുത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കണമെങ്കിൽ അത് ഒരു മാസത്തിനകം വേണം. അല്ലെങ്കിൽ മൂന്നു മാസത്തിനകം ഒപ്പുവയ്ക്കണം. അതല്ലെങ്കിൽ തിരിച്ചയയ്ക്കണം. തിരിച്ചയച്ച ബിൽ നിയമസഭ പാസാക്കി വീണ്ടും നൽകിയാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഗവർണർ തടഞ്ഞുവച്ച 10 ബില്ലുകളും പാസാക്കിയതായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. നിയമസഭ രണ്ടാം തവണയും പാസാക്കി ഗവർണർക്ക് അയച്ച ബില്ലുകളാണിത്.
രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണു സുപ്രീം കോടതിയുടെ ഉത്തരവെന്നു പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസകരമാണ് ഈ വിധി എന്നതിൽ സംശയവുമില്ല. എന്നാൽ, ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സർക്കാരുകളെ അസ്വസ്ഥപ്പെടുത്തുന്നു എന്ന ആരോപണം കേൾക്കേണ്ടിവന്നിട്ടുള്ളത് ബിജെപിക്കു മാത്രമല്ല. കോൺഗ്രസ് ദീർഘകാലം കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോഴും ഗവർണർമാർ സംസ്ഥാന സർക്കാരുകൾക്കു പലവിധത്തിൽ തലവേദനയായിട്ടുണ്ട്. എന്തായാലും ഗവർണർമാർ ബില്ലുകൾ പിടിച്ചുവച്ച് സംസ്ഥാന സർക്കാരുകളെ വട്ടം ചുറ്റിക്കുന്നത് ഒഴിവാകേണ്ടതു തന്നെയാണ്. സർക്കാരും ഗവർണറും ഐക്യത്തിലായിരിക്കുക എന്നതാണ് ഭരണം സുഗമമാവുന്നതിന് ആവശ്യമായിട്ടുള്ളത്. സർക്കാരിനെ ഗവർണറും ഗവർണറെ സർക്കാരും ശത്രുവായി കാണാതിരിക്കുകയാണു വേണ്ടത്.