ഓൺലൈൻ വായ്പാ കെണി
symbolic image
വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ജനങ്ങൾക്കു വലിയ തോതിലുള്ള ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. എത്രയോ ആളുകളാണ് തട്ടിപ്പുകാരുടെ തന്ത്രങ്ങളറിയാതെ അവർ ഒരുക്കുന്ന കെണികളിൽ ചെന്നുചാടുന്നത്. ഇങ്ങനെ ചാടിക്കൊടുത്താൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടും പിന്നെയും ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർക്കു കഴിയുന്നു എന്നതു നാം കണ്ടു കൊണ്ടിരിക്കുകയാണ്.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. പരാതികളിന്മേൽ നടപടികളുണ്ടാവുന്നുണ്ട്. പക്ഷേ, തട്ടിപ്പു പിന്നെയും തുടർന്നുകൊണ്ടിരിക്കുകയാണ്. സാധാരണ വീട്ടമ്മമാർ മുതൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ വരെ തട്ടിപ്പുകൾക്കു വിധേയരാവുന്നു. ചെറുതും വലുതുമായി വാർത്തയാകുന്ന തട്ടിപ്പുകൾ നിരവധിയാണ്. പുറത്തറിയാത്തവ അതിന്‍റെ എത്രയോ മടങ്ങുണ്ടാവാം. ഡിജിറ്റൽ അറസ്റ്റിലാക്കിയെന്നും പാഴ്സൽ കസ്റ്റംസ് തടഞ്ഞു എന്നും പറഞ്ഞുള്ള തട്ടിപ്പുകൾ ആവർത്തിക്കുന്നുണ്ട്. ഓഹരി ട്രേഡിങ്ങിലൂടെ കോടികളുണ്ടാക്കാമെന്നു വാഗ്ദാനം നൽകിയും ചെറിയ ജോലികൾക്കു വലിയ പ്രതിഫലം ഓഫർ ചെയ്തും ഒക്കെ തട്ടിപ്പുകൾ നടക്കുന്നു.
അതിനൊക്കെ ഒപ്പമാണ് ഓൺലൈൻ ലോൺ ആപ്പുകൾ വഴി ഇൻസ്റ്റന്‍റ് വായ്പയെടുത്തു കുടുങ്ങിപ്പോവുന്നവർ. ലോൺ ആപ് വഴിയുള്ള വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നു നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചതിന്‍റെ മനോവിഷമത്തിൽ തിരുവനന്തപുരത്ത് ഒരു യുവാവ് ജീവനൊടുക്കിയത് ഇത്തരം ദുരന്തങ്ങളിൽ അവസാനത്തേതാണ്. ലോൺ ആപ്പിൽ നിന്നു വായ്പയെടുത്തതിനു പിന്നാലെ തന്നെ യുവാവിനു ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. പണം നൽകാതിരുന്നതോടെ ഫോണിലെ ഗ്യാലറിയിൽ നിന്ന് ഫോട്ടൊകൾ ഡൗൺലോഡ് ചെയ്തെടുത്ത് നഗ്നചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നുവത്രേ.
തുടർന്നു കടുത്ത മാനസിക സമ്മർദത്തിലായി 21 വയസു മാത്രം പ്രായമുള്ള യുവാവ്. ആപ്പിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങൾ യുവാവിന്‍റെ ഫോണിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി പന്തലിച്ചു കിടക്കുന്ന ലോൺ ആപ് മാഫിയയുടെ ഭീഷണികൾ അതിജീവിക്കാനാവില്ല എന്നതിനു പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും ആളുകൾ ഇതിൽ വീണുപോകുന്നു. എളുപ്പം പണം കിട്ടും എന്നതാകാം കാരണം. അതിനു പിന്നാലെ ഭീഷണികൾ ഉയരുമ്പോഴാണു പകച്ചുപോകുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടു ധാരാളം കബളിപ്പിക്കലുകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഓൺലൈൻ പണമിടപാടുകൾ വർധിച്ചതു പലവിധ സൈബർ തട്ടിപ്പുകൾക്കും കാരണമായി. കൊവിഡ് കാലത്ത് ഓൺലൈൻ പ്രവർത്തനങ്ങൾ സജീവമായതും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതും ഓൺലൈൻ വായ്പകൾ വഴിയുള്ള ചൂഷണങ്ങൾക്കും അവസരമൊരുക്കി. അതിനുശേഷവും ഇത്തരത്തിലുള്ള വായ്പാ തട്ടിപ്പുകൾ തുടരുകയാണ്.
ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടവർ വളരെയേറെ പേരുണ്ടെന്നാണ് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ലക്ഷക്കണക്കിനു രൂപ നഷ്ടമായവർ ഇരകളിൽ ഉൾപ്പെടുന്നു. പൊലീസ് ഇടപെട്ട് നടപടി സ്വീകരിച്ച ഓൺലൈൻ വായ്പാ ആപ്പുകൾ പുതിയ പേരിൽ സജീവമായി വീണ്ടും ആളുകളെ കെണിയിൽ വീഴ്ത്തിയ സംഭവങ്ങളും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതു വിധത്തിലും പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ആരെയും ഇരകളാക്കി മാറ്റുന്നവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുക എന്നതാണു കാലം ആവശ്യപ്പെടുന്നത്. ഓൺലൈൻ വഴിയുള്ള ഏതു സാമ്പത്തിക ഇടപാടിലും അത്രയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ആപ്പുകൾ ഇറക്കിയുള്ള വായ്പാ തട്ടിപ്പുകൾ പോലും ഉണ്ടായിട്ടുണ്ട്.
ബാങ്കുകളിൽ നിന്നു വായ്പയെടുക്കുന്നതിനു പലവിധ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാൽ, അതൊന്നുമില്ലാതെ, നാമമാത്രമായ രേഖകൾ ഉപയോഗിച്ച് വളരെയെളുപ്പം വായ്പ ലഭ്യമാക്കുമെന്നതാണ് ഇത്തരം ആപ്പുകൾ ആകർഷകമാവുന്നതിനു കാരണം. പണത്തിന് വളരെ അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ സാധാരണക്കാർ അതിൽ വീണുപോകുകയാണ്. എന്നാൽ, ആപ് ഫോണിൽ ഇൻസ്റ്റോൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാർ ചോർത്തിയെടുക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ കൂടുതൽ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വായ്പാ ആപ്പുകളുണ്ട്.
ഫോണിൽ നിന്നു ചോർത്തിയ കോൺടാക്റ്റുകളിലേക്കു ഭീഷണി, അശ്ലീല സന്ദേശങ്ങൾ അയയ്ക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വായ്പയെടുത്തയാളെ മോശമായി ചിത്രീകരിക്കും. ഇവരുടെ "സൈബർ അറ്റാക്ക് ' മാനം കളയും എന്നു വരുമ്പോൾ അന്യായമായി ചോദിക്കുന്നത്രയും പണം തിരിച്ചടയ്ക്കാൻ തയാറാവുന്നവരുണ്ട്. അതിനു കഴിയാത്തവർ ആത്മഹത്യയെ അഭയം പ്രാപിച്ചുകൂടെന്നില്ല. അതിഭീമമായ പലിശയാണു പല ആപ്പുകളും ചോദിക്കുക.
"രേഖകളില്ലാതെ' എളുപ്പത്തിൽ പണം കിട്ടും എന്നു കരുതി ഇറങ്ങിപ്പുറപ്പെട്ട് ചതിക്കുഴികളിൽ അകപ്പെട്ടുപോവാതിരിക്കാൻ സ്വയം ശ്രദ്ധിക്കുകയാണ് ഏറ്റവും നല്ലത്. നിയമപ്രകാരം പ്രവർത്തിക്കുന്ന, റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പയെടുക്കുന്നതാവും സുരക്ഷിതം. തട്ടിപ്പിന് ഇരയായാൽ അതു വെളിപ്പെടുത്താനും പൊലീസിൽ പരാതി നൽകാനും മടിക്കുന്നതും തട്ടിപ്പുകാർക്കു സഹായകരമാണ്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിന് ഇരയായവർക്കു പരാതി നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക വാട്സ്ആപ് നമ്പർ സംവിധാനമൊക്കെ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ മടി കാണിക്കേണ്ടതില്ല. ഓൺലൈൻ വായ്പാ തട്ടിപ്പുകാരെ തടയാൻ ഇനിയെന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നു സർക്കാർ സംവിധാനങ്ങളും ആലോചിക്കട്ടെ.