ഇതൊരു വൻ സാമൂഹ്യ വിപത്ത്

 
Editorial

ഇതൊരു വൻ സാമൂഹ്യ വിപത്ത്

ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങൾ ഒന്നിനൊന്നു കൂടി വരുകയാണ്.

കൊച്ചിയിൽ കോർപ്പറേഷൻ മുൻ വനിതാ കൗൺസിലറെ മകൻ കുത്തിപ്പരുക്കേൽപ്പിച്ച സംഭവമുണ്ടായതു കഴിഞ്ഞ ദിവസമാണ്. പരുക്കേറ്റ അമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ കുത്തിയ മകൻ ഒളിവിൽ കഴിയുന്നു. പണം ആവശ്യപ്പെട്ടാണ് മകൻ അമ്മയുമായി തർക്കത്തിലേർപ്പെട്ടതും കൈയിലുണ്ടായിരുന്ന കത്തിയെടുത്തു കുത്തിയതും എന്നാണു പൊലീസ് പറയുന്നത്. മകൻ ലഹരിക്ക് അടിമയാണെന്നാണ് അറിയുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങൾ ഒന്നിനൊന്നു കൂടി വരുകയാണ്.

അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന അക്രമവാസനയും മറ്റു മയക്കുമരുന്നുകളുടെ ഉപയോഗം മൂലമുള്ള അക്രമവാസനയും നിരവധി കുടുംബങ്ങളെയാണു തകർക്കുന്നത്. ലഹരിക്ക് അടിമയാവുന്നവർ ഏറ്റവും അടുത്ത ബന്ധുക്കളുടെ വരെ ജീവനെടുക്കാൻ മടിക്കുന്നില്ല എന്നതാണു കണ്ടുവരുന്നത്. മനുഷ്യത്വം അവരെ തൊട്ടുതീണ്ടുന്നു പോലുമില്ല. അച്ഛനും അമ്മയും ഒന്നും ഒരു വിഷയമേ ആവുന്നില്ല. ലഹരി ഉപയോഗത്തിനു തടസമായി മാറുന്നത് ആരായാലും അവരെല്ലാം അവർക്കു ശത്രുക്കളാവുന്നു. അവരോട് അതിക്രൂരമായി പെരുമാറുന്നു. നാടിനും വീടിനും വലിയ വിപത്തായി അതിനാൽ തന്നെ ലഹരി വസ്തുക്കൾ മാറിയിരിക്കുന്നു.

ഏതാനും ദിവസം മുൻപാണ് തൃശൂർ കൊരട്ടിയിൽ 56 വയസുള്ള പിതാവിനെ 28 വയസുള്ള മകൻ മദ്യലഹരിയിൽ കുത്തിക്കൊന്ന സംഭവമുണ്ടായത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുള്ള തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ട്. ഇതിനു തൊട്ടുമുൻപാണ് തിരുവനന്തപുരം കാര്യവട്ടം ഉള്ളൂർക്കോണത്ത് മുപ്പത്തഞ്ചു വയസുള്ള മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ദുരന്തം ഉണ്ടായത്. മദ്യപാനത്തെത്തുടർന്നുള്ള അടിപിടിയാണ് ഇതിനും കാരണം. മദ്യപിച്ച ശേഷം വീട്ടുസാധനങ്ങൾ അടിച്ചുപൊട്ടിക്കുകയും അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പറയുന്നത്.

തിരുവനന്തപുരത്തു തന്നെ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊ ലപ്പെടുത്തിയതും ഏതാനും ദിവസം മുൻപാണ്. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തപ്പോൾ മകൻ അച്ഛന്‍റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നുവത്രേ. പാലക്കാട് നല്ലേപ്പിള്ളിയിൽ 58 വയസുള്ള പിതാവിനെ മകൻ മർദിച്ചു കൊലപ്പെടുത്തിയതു കഴിഞ്ഞ മാസമാണ്. മകൻ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച കേസിൽ പൊലീസ് പറയുന്നത്. പാമ്പാടി ഇളംപള്ളി പുല്ലാനിത്തകടിയിൽ നാൽപ്പത്തഞ്ചു വയസുള്ള അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത് രണ്ടു മാസം മുൻപാണ്. വീടിനു പുറത്തുള്ള താത്കാലിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന അമ്മയെ വിറക് ഉപയോഗിച്ച് മകൻ തലയ്ക്ക് അടിക്കുകയും വാക്കത്തികൊണ്ട് കഴുത്തിനു പുറകിൽ പല തവണ വെട്ടുകയും ചെയ്യുകയായിരുന്നു.

പ്രതി ലഹരിക്ക് അടിമയാണെന്നു പൊലീസ് വ്യക്തമാക്കിയ കേസാണ് ഇതും. ലഹരി ഉപയോഗിക്കുന്ന മകന്‍റെ സ്വഭാവത്തിലെ മാറ്റങ്ങൾ അമ്മയെ ഭയപ്പെടുത്തിയിരുന്നുവെന്നും അമ്മയുമായി മകൻ പതിവായി വഴക്കിട്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. 15 വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം മക്കൾക്കു വേണ്ടി ജീവിച്ച അമ്മയെയാണ് ലഹരിയുടെ സ്വാധീനത്താൽ മകൻ നിഷ്കരുണം കൊലപ്പെടുത്തിയത്. താമരശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ 53 വയസുള്ള അമ്മയെ വെട്ടിക്കൊന്ന സംഭവവും ഏതാനും മാസങ്ങൾ മുൻപാണ് ഉണ്ടായത്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് നിസാരമായി കാണാനാവില്ല. ഏറ്റവും അടുത്ത ബന്ധുക്കൾക്കു പോലും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് അമിതമായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും മൂലം ഉണ്ടാവുന്നത്. സർക്കാർ പ്രധാന വരുമാനമാർഗമായി മദ്യത്തെ കാണുന്നതിനൊപ്പം ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തുന്നുണ്ടെന്നാണു പറയുന്നത്. എന്നാൽ, ബോധവത്കരണമൊക്കെ പേരിനു മാത്രമുള്ളതാണ്.

മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നൊക്കെ മദ്യനയത്തിൽ വിശദീകരിക്കുമെങ്കിലും ഫലത്തിൽ മദ്യ ഉപയോഗം കുറയുന്നില്ല. മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരേ അതിശക്തമായ നടപടികളാണ് എടുക്കുന്നത് എന്നത്രേ സർക്കാർ വാദം. പക്ഷേ, ലഹരിക്ക് അടിമയാകുന്നവർ കൂടിക്കൊണ്ടിരിക്കുകയാണ്.

ലഹരിമാഫിയ വ്യാപകമായി വല വിരിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾ മുതൽ തൊഴിലെടുക്കുന്ന യുവാക്കൾ വരെ ഇവരുടെ ലക്ഷ്യമാണ്. ലഹരി ഉപയോഗം ഏറ്റവും വലിയ സാമൂഹികവിപത്തായി മാറിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവേണ്ടിയിരിക്കുന്നു. ലഹരി ഉപയോഗം ഇങ്ങനെ വർധിച്ചുകൊണ്ടിരുന്നാൽ യുവതലമുറയിൽ ഒരുവിഭാഗം അതിന്‍റെ ഇരകളായി മാറും. അതിന്‍റെ പ്രത്യാഘാതം നിരവധിയായ കുടുംബങ്ങളും സമൂഹം മൊത്തത്തിലും അനുഭവിക്കേണ്ടിയും വരും.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം