.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ആശങ്കയായി പകരം തീരുവ
ലോക വ്യാപാരത്തിനു ഭീഷണി ഉയർത്തിക്കൊണ്ടാണ് അറുപതോളം രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പകരം തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുള്ള ട്രംപിന്‍റെ റസിപ്രോക്കൽ താരിഫ് നേരിടേണ്ടിവരുന്ന രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആശങ്ക വർധിപ്പിക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്‍റായി രണ്ടാം വട്ടവും ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഭീഷണിയായി നിലനിൽക്കുന്നതാണ് ഈ അധിക തീരുവ. അമെരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയേ തീരൂവെന്ന് അദ്ദേഹം നേരത്തേ നിലപാടെടുത്തതാണ്. വ്യാപാര മേഖലയിൽ അമെരിക്കയ്ക്കു സംരക്ഷണം ഉറപ്പാക്കുന്നതിന് പല രാജ്യങ്ങൾക്കെതിരേ പല നിരക്കിലാണു തീരുവ ഈടാക്കുന്നത്. ചൈനയ്ക്ക് 54 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം, ബംഗ്ലാദേശിന് 37 ശതമാനം, തായ് ലൻഡിന് 36 ശതമാനം, പാക്കിസ്ഥാന് 29 ശതമാനം എന്നിങ്ങനെയാണു പകരം തീരുവ. അതുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയ്ക്കു കുറഞ്ഞ തീരുവയാണു ട്രംപ് പ്രഖ്യാപിച്ചത്. അപ്പോഴും 27 ശതമാനം പകരം തീരുവ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിക്കു തിരിച്ചടിയാവാം. അതുകൊണ്ടു തന്നെ ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാവേണ്ടതുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്നുണ്ടെന്നു കരുതണം.
അമെരിക്കയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ ഒരു രാജ്യത്തെയും ട്രംപ് വെറുതെ വിട്ടിട്ടില്ല. യൂറോപ്യൻ യൂണിയനും ജപ്പാനും ദക്ഷിണ കൊറിയയും എല്ലാം പകരം തീരുവയുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ നല്ല സുഹൃത്താണെന്നു വിശേഷിപ്പിച്ചുകൊണ്ടു തന്നെയാണ് ട്രംപ് ഇന്ത്യക്കെതിരേ തിരിയുന്നത്. അമെരിക്കയ്ക്ക് ഇന്ത്യ 52 ശതമാനം നികുതി ഈടാക്കുന്നുവെന്നും അതിന്‍റെ പകുതിയേ താൻ ചുമത്തുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെടുന്നു. അമെരിക്കൻ വ്യാപാര മേഖലയ്ക്ക് തുല്യ അവസരം കിട്ടുന്നതിന് ഈ തീരുവ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേരത്തേ, തീരുവയുടെ രാജാവാണ് ഇന്ത്യയെന്ന് ട്രംപ് ആരോപിച്ചിരുന്നു. വ്യാപാര ബന്ധത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണു സഖ്യ രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ പല കമ്പനികളെയും യുഎസിന്‍റെ പകരം തീരുവ ബാധിക്കും. ചെറിയ സ്ഥാപനങ്ങൾ മുതൽ വലിയ കമ്പനികൾ വരെ ഭീഷണി നേരിടേണ്ടിവരും. രത്നങ്ങൾ, ആഭരണങ്ങൾ, മരുന്നുകൾ, വാഹന ഭാഗങ്ങൾ തുടങ്ങി അമെരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പല വസ്തുക്കൾക്കും തീരുവ കുറച്ച് ട്രംപിന്‍റെ പകരം തീരുവയിൽ നിന്ന് ആശ്വാസം നേടാനുള്ള നീക്കം ഇന്ത്യ നടത്തുന്നുവെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചൊന്നും ധാരണയിലെത്തിയിട്ടില്ല. നികുതികൾ കുറയ്ക്കുന്നതും വിപണിസാന്നിധ്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കണമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇരുപക്ഷവും ഉയർന്ന താരിഫുകളിൽ ഉറച്ചുനിന്നുള്ള വ്യാപാരയുദ്ധം നീണ്ടുപോകുന്നത് ഒഴിവാക്കാൻ വ്യാപാരക്കരാറിനു കഴിയും. ട്രംപ് പ്രസിഡന്‍റായിരുന്ന ആദ്യ ടേമിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരക്കരാറിനു നീക്കം നടത്തിയിരുന്നതാണ്. പിന്നീടു വന്ന ബൈഡൻ ഭരണകൂടം അതിനോടു താത്പര്യം കാണിച്ചില്ല. ഇപ്പോൾ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഈ വർഷം തന്നെ കരാറിന്‍റെ ആദ്യ ഘട്ടം സാധ്യമാകുമെന്നാണു വാണിജ്യ മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2023ലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 190.08 ബില്യൺ ഡോളറിന്‍റേതായിരുന്നു. അതിൽ 66.19 ബില്യൺ ഡോളർ സേവന മേഖലയുടേതാണ്. 123.89 ബില്യൺ ഡോളർ ചരക്കു വ്യാപാരത്തിന്‍റേതും. ഇതിൽ ഇന്ത്യയുടെ ചരക്കു കയറ്റുമതി 83.77 ബില്യൻ ഡോളറിന്‍റേതാണ്. ഇറക്കുമതി 40.12 ബില്യന്‍റേതും. വ്യാപാര വ്യത്യാസം കയറ്റുമതി കൂടുതലുള്ള ഇന്ത്യയ്ക്ക് അനുകൂലം. സേവന മേഖലയിലും ഇതാണവസ്ഥ. 2023ൽ ഇന്ത്യയുടെ സേവന കയറ്റുമതി 36.33 ബില്യന്‍റേത്, ഇറക്കുമതി 29.86 ബില്യന്‍റേതും. വ്യാപാര വ്യത്യാസം ഇന്ത്യയ്ക്ക് അനുകൂലമായി 6.47 ബില്യന്‍റേത്. 2024ലെ കണക്കുപ്രകാരം ഇന്ത്യ-യുഎസ് ചരക്കു വ്യാപാരം 129.2 ബില്യൺ ഡോളറിന്‍റേതാണ്. അതിൽ ഇന്ത്യയുടെ കയറ്റുമതി 87.4 ബില്യൻ ഡോളറിന്‍റേത്. ഇറക്കുമതി 41.8 ബില്യൺ ഡോളറിന്‍റേതും. വ്യാപാര വ്യത്യാസം വീണ്ടും ഇന്ത്യയ്ക്ക് അനുകൂലം. ഉയർന്ന തീരുവ ചുമത്തുന്നതു കൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്തരത്തിൽ വൻ വ്യാപാര ലാഭം ഉണ്ടാവുന്നതെന്നു ട്രംപ് കരുതുന്നു. ഇന്ത്യയുടെ മൊത്തം ചരക്കു കയറ്റുമതിയിൽ 18 ശതമാനവും യുഎസിലേക്കാണ് എന്നൊരു കണക്കു കൂടിയുണ്ട്. ഇറക്കുമതിയിൽ 6.22 ശതമാനമാണ് യുഎസിൽ നിന്നുള്ളത്.
ഫാർമസ്യൂട്ടിക്കൽസ്, സെമി കണ്ടക്റ്ററുകൾ, കോപ്പർ, ഊർജ ഉത്പന്നങ്ങൾ തുടങ്ങിയവയെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നത് ഈ മേഖലയിലുള്ള വ്യാപാരത്തിന് ആശ്വാസമാണ്. എന്നാൽ, ഇലക്‌ട്രോണിക്സ്, സ്മാർട്ട് ഫോണുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയ മേഖലകളിലൊക്കെ ഇന്ത്യൻ കയറ്റുമതിക്ക് തിരിച്ചടിയുണ്ടാവാം. തുണിത്തരങ്ങളുടെ കയറ്റുമതിയെ എങ്ങനെ ബാധിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്. യുഎസിലേക്ക് കാര്യമായി ഇറക്കുമതി നടത്തുന്ന മറ്റു പല രാജ്യങ്ങൾക്കും ഇന്ത്യയെക്കാൾ കൂടുതൽ തീരുവ ചുമത്തിയിട്ടുണ്ട് എന്നതിലാണു പലരും ചെറിയ ആശ്വാസം കാണുന്നത്. അവരുടെ ഉത്പന്നങ്ങളെക്കാൾ സ്വീകാര്യത ഇന്ത്യൻ ഉത്പന്നങ്ങൾക്കു കിട്ടുമല്ലോ. അതു നേട്ടമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലുകൾ നടക്കുന്നുണ്ട്. എന്തായാലും വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കുക എന്നതാണ് കയറ്റുമതിക്കാർ ആവശ്യപ്പെടുന്നത്.