.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വൈകാതെ നടപ്പാവട്ടെ,

വനിതാ സംവരണം

 

file photo

Editorial

വൈകാതെ നടപ്പാവട്ടെ, വനിതാ സംവരണം

എത്രയും വേഗം വനിതാ സംവരണം നടപ്പിലാവേണ്ടത് അനിവാര്യമാണ്

Reena Varghese, MV Desk

2023 സെപ്റ്റംബറിൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ലോക്സഭ ചേർന്ന ആദ്യ ദിവസം തന്നെ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ ആ ചരിത്ര ദിനത്തെ ശ്രദ്ധേയമാക്കുകയുണ്ടായി. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ നയരൂപവത്കരണത്തിൽ സ്ത്രീകൾക്കു മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ളതായി എന്നതു ചരിത്ര രേഖകളിൽ അടയാളപ്പെടുത്തുമല്ലോ. അന്ന് അംഗീകരിച്ച ഭര‍ണഘടനാ ഭേദഗതി ബിൽ പ്രകാരം സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷമാണു വനിതാ സംവരണം നടപ്പാവേണ്ടത്. അതിനു സമയം വേണ്ടിവരുമെന്നതിനാലാണു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ സംവരണം പ്രാബല്യത്തിലുണ്ടാവാതിരുന്നത്. ഉടൻ ആരംഭിക്കാനിരിക്കുന്ന ഇപ്പോഴത്തെ സെൻസസിനു ശേഷമാണു മണ്ഡല പുനർനിർണയം ഉണ്ടാവുന്നതെങ്കിൽ 2029ലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും വനിതാ സംവരണം നടപ്പിലാവണമെന്നില്ല. അതുകൊണ്ട് 2011ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പാക്കാനാണു കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണു പുതിയ റിപ്പോർട്ടുകൾ കാണിക്കുന്നത്.

പാർലമെന്‍റിലും നിയമസഭകളിലും മൂന്നിലൊന്നു വനിതാ സംവരണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാവണം എന്ന സർക്കാരിന്‍റെ താത്പര്യമാണു പുതിയ നീക്കത്തിനു പിന്നിലുള്ളത് എന്നാണു കേൾക്കുന്നത്. കേന്ദ്ര സർക്കാരിനും ബിജെപിക്കും രാഷ്‌ട്രീയമായി ഏറെ നേട്ടമുള്ളതാവും ഈ നീക്കം എന്നതിൽ സംശയമില്ല. വനിതാ ശാക്തീകരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തോടു ചേർന്നു നിൽക്കുന്നതാണു നിയമനിർമാണ സഭകളിലെ മൂന്നിലൊന്നു സംവരണവും എന്നാണല്ലോ ബിജെപി അവകാശപ്പെടുന്നത്. അതെന്തായാലും വർഷങ്ങൾ മുൻപു നടപ്പാവേണ്ട ഒരു തീരുമാനം ഇനിയും നീണ്ടുപോവില്ല എന്നതാണ് ഇപ്പോഴത്തെ സർക്കാർ നീക്കത്തിന്‍റെ ഫലം. എത്രയും വേഗം വനിതാ സംവരണം നടപ്പിലാവേണ്ടത് അനിവാര്യമാണ്. അതിനു പ്രതിപക്ഷത്തിന്‍റെ കൂടി സഹകരണം സർക്കാരിനു തേടേണ്ടതുണ്ട്. ഭരണഘടനാ ഭേദഗതി പാസാവാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷം എന്‍ഡിഎയ്ക്കു പുറത്തുള്ള പാർട്ടികളുടെ കൂടി പിന്തുണയോടെ ഉറപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ കക്ഷികളുമായി ചർച്ച നടത്തിക്കഴിഞ്ഞു എന്നാണു സൂചനകൾ. ഈ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ വനിതാ സംവരണം നേരത്തേയാക്കാനുള്ള ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കരുതുന്നത്. പ്രതിപക്ഷം അതിനോടു പുറംതിരിഞ്ഞു നിൽക്കില്ല എന്നു കരുതാം.

ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിച്ചുകൊണ്ടാണ് മൂന്നിലൊന്നു വനിതാ സംവരണം നടപ്പിലാക്കുക എന്നാണു റിപ്പോർട്ടുകൾ. നിലവിൽ 543 ലോക്സഭാ സീറ്റുകളാണുള്ളത്. അത് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കും. വനിതകളുടെ പ്രാതിനിധ്യം കുത്തനെ ഉയരുമ്പോഴും പുരുഷന്മാരുടെ സീറ്റുകൾ കുറയുന്നില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. പുതിയ സംവിധാനത്തിൽ ലോക്സഭയിൽ ഭൂരിപക്ഷത്തിന് 409 സീറ്റുകൾ ആവശ്യമായി വരും. അഞ്ചു പതിറ്റാണ്ടിനു ശേഷമാണ് ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഇപ്പോഴുള്ള ലോക്സഭാംഗങ്ങൾ 20 ആണ്. പുതിയ സംവിധാനത്തിൽ അത് 30 ആയി ഉയരുമെന്നു കരുതണം. വനിതാ സംവരണത്തിന്‍റെ ആദ്യ പടിയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സീറ്റ് അവർക്കു മാറ്റിവയ്ക്കുന്നത്. ഇതിനുള്ള ബിൽ ആദ്യമായി അവതരിപ്പിക്കുന്നത് എൺപതുകളുടെ അവസാനം രാജീവ് ഗാന്ധി സർക്കാരാണ്. അതു ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല. 1992-93ൽ നരസിംഹ റാവു സർക്കാർ ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെടുത്തു. താഴെത്തട്ടിലെ അധികാര വിനിയോഗത്തിൽ സ്ത്രീകൾക്കു ലഭിച്ച ഉയർന്ന പങ്കാളിത്തം വിപ്ലവകരമായ മാറ്റമായിരുന്നു. വനിതകളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇതു ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർധിപ്പിക്കുന്നതിന്‍റെ ഭാഗമാണു നിയമ നിർമാണ സഭകളിലെ പങ്കാളിത്തം ഉയർത്തുന്നതും. നിയമപ്രകാരം സീറ്റുകൾ നീക്കിവയ്ക്കാതെ രാജ്യത്തെ രാഷ്‌ട്രീയ കക്ഷികൾ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകുമെന്നു കരുതാനാവില്ല. എത്രയോ വർഷങ്ങളായി അതു കാണുന്നതാണ്. വലിയ തോതിൽ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിൽ പോലും സ്ത്രീപ്രാതിനിധ്യം തീരെ കുറവാണ്. സംസ്ഥാനത്തുനിന്നുള്ള ലോക്സഭാ എംപിമാരിലെ ഏക വനിത പ്രിയങ്ക ഗാന്ധിയാണ്. അടുത്തമാസം ഒമ്പതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം കഴിഞ്ഞപ്പോഴും വനിതാ പ്രാതിനിധ്യം തീരെ കുറവ്. സ്ത്രീകൾക്ക് രാഷ്‌ട്രീയ കക്ഷികൾ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന പരാതി ആവർത്തിച്ച് ഉയർന്നാലും അതു പരിഗണിക്കപ്പെടാറില്ല. ഇപ്പോൾ ലോക്സഭാംഗങ്ങളുടെ 15 ശതമാനത്തിനടുത്താണു വനിതകളുള്ളത്. പല നിയമസഭകളിലും സ്ത്രീകൾ പത്തു ശതമാനത്തിൽ താഴെയാണ്. അതുകൊണ്ടു തന്നെ സ്ത്രീശാക്തീകരണത്തിലെ സുപ്രധാന ചുവട് എന്ന നിലയിൽ വേണം വനിതാ സംവരണത്തെ കാണുന്നതിന്.

സമാധാനം വേണം: ട്രംപിനോട് മോദി

''പോസ്റ്ററുകൾ പുഴയിലൊഴുക്കി, വോട്ട് ചെയ്യരുതെന്ന് വീട് കയറി പറഞ്ഞു'', സ്വന്തം പാർട്ടിക്കാർ തോൽപ്പിച്ചെന്ന് മുൻ മന്ത്രി

ജഗ് വസന്തും പൈന്‍ ഗ്യാസും ഇന്ത്യയിലേക്ക്

റിപ്പോർട്ടർ ചാനലിന്‍റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചു

SSLC മൂല്യനിർണയം മാറ്റിവച്ചു