സി.പി. രാധാകൃഷ്ണൻ.

 
Editorial

സിപിആറിന്‍റെ വിജയം

സൗമ്യനും മിതഭാഷിയും രാഷ്‌ട്രീയാതീത ബന്ധങ്ങൾ പുലർത്തുന്നയാളും എന്നാൽ, ആശയ കാർക്കശ്യക്കാരനുമായ സി.പി. രാധാകൃഷ്ണനെ 'തമിഴ്‌നാടിന്‍റെ മോദി', 'കോയമ്പത്തൂരിന്‍റെ വാജ്പേയി' എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്

ഉപരാഷ്‌ട്രപതി രാജ്യത്തിന്‍റെ രണ്ടാമത്തെ പൗരനാണ്. പക്ഷേ, നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ആ പദവിക്കു വലിയ പ്രാധാന്യമൊന്നുമില്ല. രാഷ്‌ട്രപതിയുടെ നിർദേശങ്ങളനുസരിച്ചു പ്രവർത്തിക്കുക എന്നതു മാത്രമാണു ചുമതല. അതിനപ്പുറമുള്ള വലിയ ഉത്തരവാദിത്വം പാർലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയുടെ ചെയർമാൻ എന്നതാണ്. ലോക്സഭയ്ക്കു സ്പീക്കർ എന്നതുപോലെ, രാജ്യസഭയെ സമവായത്തോടെ നയിച്ചുകൊണ്ടുപോകേണ്ട കടമ അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. പക്വതയുള്ളവരുടെ സഭ എന്നാണു രാജ്യസഭയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും കുറേ നാളുകളായി അവിടെയും ബഹളവും അട്ടഹാസവും ആക്രോശവും ഇറങ്ങിപ്പോക്കുമൊക്കെ പതിവാണ്. നയപരമായി കാര്യങ്ങളിൽ ഇടപെട്ട്, ഇരുപക്ഷത്തെയും നേതാക്കളുമായി സംസാരിച്ച് സഭാ നടപടികൾ ഭംഗിയായി നടത്തുക എന്നത് ഉപരാഷ്‌ട്രപതിയുടെ, അഥവാ രാജ്യസഭാ ചെയർമാന്‍റെ ബാധ്യതയാണ്. ഹമീദ് അൻസാരിയും വെങ്കയ്യ നായിഡുവുമൊക്കെ അക്കാര്യത്തിൽ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചിട്ടുമുണ്ട്. ജഗ്ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായപ്പോൾ അതിനു കുറെയൊക്കെ മാറ്റം വന്നു. അദ്ദേഹം ഇടയ്ക്കുവച്ചു രാജി നൽകിയതിനാലാണ് പുതിയ ആളെ കണ്ടെത്തേണ്ടിവന്നത്. അങ്ങനെയാണ് തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവും മുൻ ഗവർണറുമായ ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണൻ രാജ്യത്തിന്‍റെ 15ാമത് ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്‌ട്രതിയാണ് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍. ആദ്യ ഉപരാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണനും ആര്‍. വെങ്കിട്ടരാമനും തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപരാഷ്‌ട്രപതിമാരായിരുന്നു. വെങ്കയ്യ നായിഡുവിനു പിന്നാലെ ആര്‍എസ്എസ് പശ്ചാത്തലമുള്ള മറ്റൊരാൾ കൂടി ആർഎസ്എസിന്‍റെ 100ാം വാർഷികവേളയിൽ ഉപരാഷ്‌ട്രപതിയാകുന്നു എന്ന പ്രാധാന്യവുമുണ്ട്. സൗമ്യനും മിതഭാഷിയും രാഷ്‌ട്രീയാതീത ബന്ധങ്ങൾ പുലർത്തുന്നയാളും എന്നാൽ, ആശയ കാർക്കശ്യക്കാരനുമായ അദ്ദേഹത്തെ 'തമിഴ്‌നാടിന്‍റെ മോദി', 'കോയമ്പത്തൂരിന്‍റെ വാജ്പേയി' എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെയാവാം പ്രതിപക്ഷത്തു നിന്നുള്ള വോട്ടുകൾ കൂടി നേടി അദ്ദേഹത്തിന് ഉജ്വല വിജയം നേടാൻ കഴിഞ്ഞത്.

ബിജെപി നേതൃത്വവുമായി പല കാര്യങ്ങളിലും ഉടക്കിയതിനാലാണ് ധന്‍കറിന് സഭ ചേർന്നുകൊണ്ടിരിക്കെത്തന്നെ അപ്രതീക്ഷിതമായി ഉപരാഷ്‌ട്രപതി സ്ഥാനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ ധന്‍കര്‍ പല വിഷയത്തിലും പാർട്ടി താല്‍പര്യങ്ങള്‍ക്കും സർക്കാർ താത്പര്യങ്ങൾക്കും വിരുദ്ധമായ നിലപാടെടുത്തിരുന്നു. അതിനാല്‍ പുതിയ ഉപരാഷ്‌ട്രപതി കൃത്യമായ ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയാകണമെന്ന് ബിജെപി, ആർഎസ്എസ് നേതൃത്വം നിലപാടെടുത്തിരുന്നു. എന്നാൽ, സി.പി. രാധാകൃഷ്ണൻ എന്ന പേര് ആരും പ്രതീക്ഷിച്ചിരുന്നതേയില്ല. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ശേഷം 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 99ലും വിജയം ആവര്‍ത്തിച്ചു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ അദ്ദേഹം സ്‌പൈസ് എന്ന പേരില്‍ വസ്ത്ര ബ്രാന്‍ഡ് തുടങ്ങി തിരുപ്പൂരില്‍ നിന്നുള്ള ആദ്യകാല വസ്ത്രകയറ്റുമതിക്കാരില്‍ ഒരാളാണ്. 1974ല്‍ ജനസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെത്തി. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ നയിച്ച ദേശീയ പദയാത്രയില്‍ സജീവമായി പങ്കെടുത്തു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും സജീവമായി.

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കു മേഖലയിലെ പ്രബല ഒബിസി വിഭാഗമായ കൊങ്കു വെള്ളാളര്‍ (ഗൗണ്ടര്‍) വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ ആ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശക്തികേന്ദ്രമായ കൊങ്കു മേഖലയിലെ പ്രധാന നേതാവായി മാറി.

പാര്‍ലമെന്‍റ് അംഗമായിരിക്കെ ടെക്‌സ്റ്റൈല്‍സ് സ്ഥിരം സമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. അക്കാലത്ത് തന്നെ യുഎന്‍ പൊതുസഭയിലും സംസാരിച്ചു. 2004ല്‍ തമിഴ്‌നാട് ബിജെപി പ്രസിഡന്‍റായി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഏക സിവില്‍കോഡ്, നദീ സംയോജനം വിഷയങ്ങളിൽ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റര്‍ രഥയാത്ര തമിഴ്‌നാട്ടില്‍ വലിയ ഇളക്കമുണ്ടാക്കി. 2016ല്‍ കയർ ബോര്‍ഡ് ചെയര്‍മാനായപ്പോൾ കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 2020 മുതൽ 2022 വരെ കേരള ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയുമായിരുന്നു. 2023ല്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായി. 2024 ജൂലൈ 31 മുതല്‍ മഹാരാഷ്‌ട്ര ഗവര്‍ണറായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തെലങ്കാന ആക്റ്റിങ് ഗവര്‍ണര്‍, പുതുച്ചേരി ആക്റ്റിങ് ലഫ്. ഗവര്‍ണര്‍ എന്നീ പദവികളും വഹിച്ചു.

തമിഴ്‌നാട്ടിലെ പ്രമുഖ ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്ന് ഒരു ഉപരാഷ്‌ട്രപതിയെ വിജയിപ്പിച്ചതിലൂടെ മറ്റു നിരവധി രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ബിജെപിക്കുണ്ട് എന്നുറപ്പാണ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെയും മുന്നണിയെയും വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചയാളാണ് സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാധാകൃഷ്ണൻ. എന്‍ഡിഎയില്‍ നിന്ന് ഡിഎംകെ പടിയിറങ്ങിയപ്പോള്‍ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിലെല്ലാം രാധാകൃഷ്ണൻ വലിയ പങ്ക് വഹിച്ചു. വ്യക്തിബന്ധങ്ങളിലൂടെ പ്രശ്നപരിഹാരം എന്നതാണ് അദ്ദേഹത്തിന്‍റെ മുഖ്യമായ നയം. അതുകൊണ്ടുതന്നെയാണ് ഇന്ത്യാ മുന്നണിയെ ഞെട്ടിച്ചുകൊണ്ട് പ്രതിപക്ഷത്തു നിന്നു കൂടി അദ്ദേഹത്തിനു നിരവധി വോട്ടുകൾ ലഭിച്ചത്. തിരുപ്പൂരിൽ നിന്നുള്ള സിപിഐ എംപിയുടെ വോട്ടുപോലും രാധാകൃഷ്ണനു ലഭിച്ചിരിക്കാം എന്നു ബിജെപി നേതാക്കൾ അവകാശപ്പെടുന്നത് അതിനാലാണ്. എന്തായാലും, രാജ്യസഭയെ അതിന്‍റെ ഗൗരവത്തിൽ തന്നെ നയപരമായി നയിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു കരുതാം. മലയാളമറിയുന്ന, കേരളവുമായി ബന്ധമുള്ള പുതിയ ഉപരാഷ്‌ട്രപതി എന്നതിൽ നമുക്കും അഭിമാനിക്കാം. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്