ടിവികെ റാലിയിൽ പ്രസംഗിക്കുന്ന വിജയ്.
ഏതാനും മാസം മുൻപാണ് ബംഗളുരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേർ മരിച്ച ദുരന്തമുണ്ടായത്. ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിജയാഘോഷത്തിനിടെയായിരുന്നു ഈ ദുരന്തം. ആർസിബി ടീമിന് സ്വീകരണമൊരുക്കിയവരുടെ തയാറെടുപ്പുകൾ പാളിപ്പോയതാണ് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനും അവരോടൊത്ത് ആഹ്ലാദം പങ്കുവയ്ക്കാനുമായി സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു ക്രിക്കറ്റ് ആരാധകർ ഒഴുകിയെത്തിയപ്പോൾ സംഘാടകരുടെ പദ്ധതിയെല്ലാം പാളി. സ്റ്റേഡിയത്തിനു മുന്നിലുണ്ടായിരുന്ന തിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ സുരക്ഷ പൊലീസിന്‍റെ കൈയിൽ നിന്നില്ല. ആരാധകരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ പിന്നെ കൈവിട്ട കളിയാണ്. ഇത്ര വലിയൊരു ജനക്കൂട്ടത്തെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷിച്ചില്ലെന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ അന്നു പറഞ്ഞത്.
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഞെട്ടിക്കുന്ന ദുരന്തത്തിനു കാരണവും ഇത്തരത്തിൽ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ബംഗളൂരുവിൽ ക്രിക്കറ്റ് ആരാധകരായിരുന്നെങ്കിൽ കരൂരിൽ സിനിമാ താരത്തെ ആരാധിക്കുന്നവരുടെ അനിയന്ത്രിതമായ തിരക്കായിരുന്നു. നടനും തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനുമായ വിജയ് നടത്തിയ റാലിയിലാണ് തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ചത്. നിരവധി പേർ ഇപ്പോഴും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അത്രയൊന്നും വിശാലമല്ലാത്ത ഒരു വഴിയിൽ പതിനായിരം പേർക്കു റാലിയിൽ പങ്കെടുക്കാൻ പൊലീസ് അനുമതി നൽകിയെന്നാണു പറയുന്നത്. അവിടേക്കാണ് അതിന്‍റെ പലമടങ്ങ് ആരാധകർ ഒഴുകിയെത്തിയത്. രാവിലെ മുതൽ ജനക്കൂട്ടം താരത്തെ കാത്തുനിൽക്കുകയായിരുന്നു. പതിനായിരം പേരെ പ്രതീക്ഷിച്ചിടത്ത് അതിന്‍റെ പലമടങ്ങ് ആളുകൾ വന്നാൽ എന്തു നിയന്ത്രിക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ വിജയ് നടത്തുന്ന റാലിയാണു ദുരന്തത്തിൽ കലാശിച്ചത്. പരമാവധി ആളെക്കൂട്ടണം എന്നതല്ലാതെ മറ്റൊന്നും ടിവികെ നേതാക്കൾ ചിന്തിച്ചില്ല എന്നു വേണം കരുതാൻ.
മുൻകൂട്ടി അറിയിച്ചതിലും മണിക്കൂറുകൾ വൈകിയാണു വിജയ് എത്തിയത്. അതുകൊണ്ടു തന്നെ രാവിലെ മുതൽ വൈകിട്ടു വരെ ആരാധകർ കാത്തിരിക്കുകയായിരുന്നു. അവരുടെ വിശപ്പും ദാഹവും ഒന്നും നേതാവിന്‍റെ പാർട്ടിക്കോ അതിന്‍റെ നേതാക്കൾക്കോ വിഷയമായിരുന്നില്ല. പൊരിവെയിലത്തുള്ള ആരാധകരുടെ കാത്തുനിൽപ്പു കാര്യമായെടുത്തില്ല. ഉച്ചയ്ക്ക് 12ന് കരൂരിൽ എത്തുമെന്നു സംഘാടകർ അറിയിച്ചിരുന്ന വിജയ് എത്തിയത് രാത്രി 7.40നാണെന്നു പൊലീസ് പറയുന്നു. അപ്പോഴേക്കും പകൽ മുഴുവൻ ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ചൂടിൽ കാത്തുനിന്ന ആരാധകർ തളർന്നു കഴിഞ്ഞിരുന്നു. വിജയ് എത്തിയപ്പോൾ സ്വാഭാവികമായും ജനക്കൂട്ടം ആവേശഭരിതരായി. ജനക്കൂട്ടം വാഹനത്തിനരികിലേക്ക് ഇരച്ചെത്തി. തിക്കും തിരക്കും വർധിച്ചു. ക്ഷീണം മൂലം പലരും കുഴഞ്ഞുവീണു.
തന്‍റെ വാഹനത്തിനു മുകളിൽ നിന്ന് വിജയ് എറിഞ്ഞുകൊടുത്ത വെള്ളക്കുപ്പികൾക്കായി ആളുകൾ തിക്കിത്തിരക്കിയതും അപകടത്തിനു കാരണമായെന്നു പറയുന്നുണ്ട്. തളർന്നുവീണവർക്കു മുകളിലേക്ക് ആളുകൾ കയറിയിറങ്ങിയെന്നും ദൃക്സാക്ഷികൾ പറയുന്നു. ആളുകൾ കുഴഞ്ഞുവീഴുന്നുവെന്നു കണ്ടതോടെ വിജയ് മൈക്കിലൂടെ പൊലീസിന്‍റെ സഹായം തേടുകയുണ്ടായി. അപകടത്തിൽപ്പെട്ടവർക്കു വെള്ളം നൽകാനും പരസ്പരം സഹായിക്കാനും അദ്ദേഹം അഭ്യർഥിച്ചു. പക്ഷേ, ആർക്കും ഒന്നും ചെയ്യാനാവുന്ന അവസ്ഥയായിരുന്നില്ല. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിക്കുന്നതടക്കം രക്ഷാപ്രവർത്തനം ജനങ്ങളുടെ തിരക്കു മൂലം തടസപ്പെട്ടു.
പൊതുയോഗങ്ങൾക്കും റാലികൾക്കും എല്ലാമായി ആളുകളെ വിളിച്ചുകൂട്ടുന്ന നേതാക്കൾക്കും സംഘടനകൾക്കും നല്ലൊരു പാഠമാണ് കരൂരിലുണ്ടായ ദുരന്തം. വിജയ് മണിക്കൂറുകൾ വൈകിയെത്തിയതു തന്നെ അപകടത്തിനു വഴിവച്ചുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിജയ് എത്തിയിട്ടില്ലെന്നറിഞ്ഞ് നേരം ഇരുളുംവരെ ആളുകൾ എത്തിക്കൊണ്ടേയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാതെ ഇത്തരത്തിലുള്ള ഒരു പരിപാടിയും സംഘടിപ്പിക്കരുത്. എന്തായാലും ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കട്ടെ. സംഭവസ്ഥലത്തു വേണ്ടത്ര പൊലീസ് ഉണ്ടായിരുന്നില്ല എന്നതടക്കം പരാതികൾ ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ചുള്ള സ്വതന്ത്രമായ അന്വേഷണമാണ് ഉണ്ടാവേണ്ടത്. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കമ്മിഷന്‍റെ റിപ്പോർട്ട് ഏറെ പ്രധാന്യമുള്ളതാണ്.
അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയുടെ വിജയം ലക്ഷ്യമിട്ടാണു വിജയ് പ്രവർത്തിക്കുന്നത്. പാർട്ടിയെ ജനങ്ങളുമായി അടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സംസ്ഥാന പര്യടനം അദ്ദേഹം ആരംഭിക്കുന്നത് സെപ്റ്റംബർ പതിമൂന്നിനാണ്. അദ്ദേഹത്തിന്‍റെ റാലികളിലെ വൻ ജനക്കൂട്ടം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം തന്നെ ഈ റാലികൾ വലിയ സുരക്ഷാ ആശങ്കയും ഉയർത്തിയിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് സമ്മേളന വേദിയിലേക്കുള്ള 20 മിനിറ്റ് ദൂരം ആറു മണിക്കൂർ നീണ്ട ട്രാഫിക് കുരുക്കുണ്ടാക്കിയതോടെ പൊലീസ്, താരത്തിന്‍റെ റാലികൾക്ക് 23 സുരക്ഷാ ഉപാധികൾ നിർദേശിച്ചിരുന്നതാണ്. വിജയ് നടത്തുന്ന റാലികൾ സുരക്ഷാ പ്രശ്നമുണ്ടാക്കുന്നതായി പിന്നീടു തമിഴ്നാട് ഹൈക്കോടതിയും വിലയിരുത്തി. എന്നാൽ, ടിവികെയ്ക്കെതിരായ ഏകപക്ഷീയ നീക്കമായാണ് വിജയ് ഇതിനെ വ്യാഖ്യാനിച്ചത്. അപകടം സംഭവിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നു ചോദിച്ച ഹൈക്കോടതി, ടിവികെ അധ്യക്ഷനെന്ന നിലയിൽ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടതു വിജയ് ആണെന്നും ഓർമിപ്പിച്ചിരുന്നു. കോടതി നൽകിയ മുന്നറിയിപ്പുകൾ ടിവികെ വേണ്ടവിധം പരിഗണിച്ചില്ല എന്നു വേണം കരുതാൻ.