വൈകാതെ പൂർത്തിയാവട്ടെ, ടൗൺഷിപ്പ് നിർമാണം|മുഖപ്രസംഗം
നാടിനെയൊന്നാകെ ഞെട്ടിച്ച മഹാദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ. സംസ്ഥാനം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒരു രാത്രി ഉണർന്നെഴുന്നേൽക്കും മുൻപേ നാമാവശേഷമാവുകയായിരുന്നു. മുകളിൽനിന്നു കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞത് നിരവധി ആളുകളുടെ ജീവനാണ്, ജീവിതമാണ്, സ്വപ്നങ്ങളാണ്.
ഉറ്റവരെ നഷ്ടപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവരും മുഴുവൻ സമ്പാദ്യങ്ങളും ഒലിച്ചുപോയവരും ഇനിയെന്ത് എന്നറിയാതെ പകച്ചുനിന്ന ദിവസങ്ങളിൽ കേരളം ഒറ്റക്കെട്ടായി ദുരന്തബാധിതർക്കൊപ്പം നിന്നു. രാഷ്‌ട്രീയ കക്ഷികളും വിവിധ സംഘടനകളും സ്ഥാപനങ്ങളും കൂട്ടായ്മകളും എല്ലാം ഒന്നിച്ചുചേർന്നു പ്രവർത്തിച്ചു. ദുരന്തത്തിന് ഇരയായവർക്കു സഹായം എത്തിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഉണ്ടായത്.
ജീവൻ മാത്രം ബാക്കിയായ നിരവധിയാളുകളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. അതിജീവിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനു കഴിഞ്ഞ ദിവസം തുടക്കമായി.
കൽപ്പറ്റ ബൈപാസിനോടു ചേർന്നുള്ള 64 ഹെക്റ്റർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടപ്പോൾ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രിയങ്ക ഗാന്ധി എംപിയും അടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നൂറുകണക്കിനാളുകൾ ചടങ്ങിനു സാക്ഷികളായി. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചു തന്നെ വേണം ഇതിന്‍റെ തുടർ പ്രവർത്തനങ്ങളും നടക്കേണ്ടത്.
ദുരന്തമുണ്ടായി എട്ടു മാസത്തിനു ശേഷമാണ് അതിജീവന പദ്ധതിക്കു തുടക്കം കുറിക്കുന്നത്. അതു മാതൃകാപരമായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാവും.
ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാവില്ലെന്നാണ് തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്. നാടിന്‍റെ ഒരുമയുടെ കരുത്താണ് പുനരധിവാസ പ്രവർത്തനങ്ങൾ ഈ നിലയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. ദുരന്തബാധിതരുടെ കാര്യത്തിൽ ഈ ഒരുമ തുടർന്നും ഉണ്ടാവണം.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തടസമില്ലാതെ പൂർത്തിയാവുകയും വേണം. ആയിരം ചതുരശ്ര അടിയിലുള്ള വീടുകൾ ഏഴു സെന്‍റ് വീതമുള്ള പ്ലോട്ടുകളിലായാണ് ഇവിടെ നിർമിക്കുന്നത്. ഭാവിയിൽ രണ്ടു നിലയായി ഉയർത്താനാവുന്ന വിധത്തിലാണു വീടുകൾ നിർമിക്കുക എന്നതും പ്രത്യേകതയാണ്. രണ്ട് ബെഡ്റൂമുകൾ, ഹാൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയോടു കൂടിയ വീടുകളാണു നിർമിക്കുന്നത്.
ആരോഗ്യകേന്ദ്രം, ആംഗൻവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്‍റർ എന്നിവയും ടൗൺഷിപ്പിൽ ഉണ്ടായിരിക്കും. വൈദ്യുതി, കുടിവെള്ളം, ലൈബ്രറി, സ്പോർട്സ്ക്ലബ്, ഓപ്പൺ എയർ തിയെറ്റർ, കമ്യൂണിറ്റി സെന്‍റർ, മൾട്ടിപർപ്പസ് ഹാൾ, കളി സ്ഥലം എന്നിവയും ഒരുക്കുന്നുണ്ട്. ചുരുക്കത്തിൽ എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് ഈ ടൗൺഷിപ്പ്.
അതിനകത്ത് ആധുനിക നിലവാരത്തിലുള്ള റോഡുകളാണു നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 242 കുടുംബങ്ങളെയാണു പരിഗണിക്കുക.
ഒന്നാം ഘട്ടം പട്ടികയിൽ ഉൾപ്പെട്ടവരിൽ ബഹുഭൂരിഭാഗവും വീടിനു സമ്മതപത്രം നൽകിക്കഴിഞ്ഞു. ടൗൺഷിപ്പിൽ വീടിനു താത്പര്യമില്ലാത്തവർക്കായി 15 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായി നാഞ്ഞൂറിലേറെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ളതാണു സർക്കാർ പദ്ധതി.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം വച്ചു പരിശോധിച്ചാൽ നല്ല നിലയിൽ പൂർത്തിയാക്കാൻ കഴിയുന്നതാണു പദ്ധതി. നാടിന്‍റെ മുഴുവൻ പിന്തുണയോടെ അതു പൂർത്തീകരിക്കുമ്പോൾ കേരളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന മാതൃകയായി മാറും.
പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നുള്ള സഹായം വേണ്ടത്രയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. പുനരധിവാസ പദ്ധതിക്കായി 529.50 കോടി രൂപയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
50 വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണിത്. 2000 കോടിയുടെ പ്രത്യേക സഹായം സംസ്ഥാനം ആവശ്യപ്പെട്ടപ്പോഴാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. എന്തായാലും ഇനിയുള്ള ഓരോ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കട്ടെ. അതിനൊപ്പം പ്രധാനമാണ് ദുരന്തബാധിതരുടെ ബാങ്കുകളിലെ കടബാധ്യതകൾ എഴുതിത്തള്ളുന്നത്.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാടു സ്വീകരിച്ചിരിക്കുന്നത്. വായ്പയ്ക്ക് ഒരു വർഷത്തെ മൊറൊട്ടോറിയം പ്രഖ്യാപിക്കുമെന്നും തിരിച്ചടവു പുനഃക്രമീകരിക്കുമെന്നുമാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. വായ്പാബാധ്യതകൾ എഴുതിത്തള്ളുന്നതിന് രാഷ്‌ട്രീയ വ്യത്യാസങ്ങൾ മറന്ന് നേതാക്കൾ ഒത്തൊരുമിച്ച് കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ടതുണ്ട്.