വേഗം പൂർത്തിയാവട്ടെ, വയനാട്ടിലെ ടൗൺഷിപ്പുകൾ | മുഖപ്രസംഗം file image
Editorial

വേഗം പൂർത്തിയാവട്ടെ, വയനാട്ടിലെ ടൗൺഷിപ്പുകൾ | മുഖപ്രസംഗം

കൽപ്പറ്റ‍യിൽ ടൗണിനോടടുത്ത പ്രദേശത്ത് അതിനു യോജിച്ച തരത്തിലും നെടുമ്പാലയിൽ കുന്നിൻപ്രദേശത്തിന് അനുകൂലമായ വിധത്തിലും നിർമാണം നടത്തും എന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്

Namitha Mohanan

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി രണ്ടു ടൗൺഷിപ്പുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലുമായാണ് ഈ ടൗൺഷിപ്പുകൾ നിലവിൽവരുന്നത്. കൽപ്പറ്റയിൽ 58.5 ഹെക്റ്ററും നെടുമ്പാലയിൽ 48.96 ഹെക്റ്ററും ടൗൺഷിപ്പുകൾക്കായി ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചതനുസരിച്ച് വീടുകൾക്കു പുറമേ മാർക്കറ്റും ആരോഗ്യകേന്ദ്രവും വിദ്യാലയവും അ​ങ്ക​ണ​വാടിയും എല്ലാം ടൗൺഷിപ്പുകളിൽ ഉണ്ടാവും. വൈദ്യുതിയും കുടിവെള്ളവും അടക്കം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. 750 കോടി രൂപ മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണു നൽകിയിരിക്കുന്നത്. കൽപ്പറ്റയിലെ ടൗൺഷിപ്പിൽ അഞ്ചു സെന്‍റിൽ 1,000 ചതുരശ്രയടി വീടുകൾ നിർമിക്കുന്നു. നെടുമ്പാലയിൽ 10 സെന്‍റിൽ 1,000 ചതുരശ്രയടി വീടുകൾ നിർമിക്കും. രണ്ടു നില നിർമിക്കുന്നതിനുള്ള അടിത്തറ വീടുകൾക്കുണ്ടാവുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണം എന്നതും എടുത്തുപറയേണ്ടതാണ്.

കൽപ്പറ്റ‍യിൽ ടൗണിനോടടുത്ത പ്രദേശത്ത് അതിനു യോജിച്ച തരത്തിലും നെടുമ്പാലയിൽ കുന്നിൻപ്രദേശത്തിന് അനുകൂലമായ വിധത്തിലും നിർമാണം നടത്തും എന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ പദ്ധതികൾ സർക്കാരിനുണ്ട് എന്നു തന്നെ കരുതണം. എത്രയും വേഗം എത്രയും ഭംഗിയായി പുനരധിവാസ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കട്ടെ. സമയം വൈകുന്തോറും വിഷമിക്കുന്നത് വീടും കൃഷിയും ഭൂമിയും അടക്കം സർവതും നഷ്ടപ്പട്ട് താത്കാലിക ഭവനങ്ങളിൽ കഴിയുന്ന നിരവധി പാവപ്പെട്ടവരാണ്. ജീവിതം തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുന്ന അവർ തങ്ങളുടെ സുരക്ഷിത ജീവിതം എന്നത്തേക്ക് ഉറപ്പാക്കാനാവുമെന്ന് ആശങ്കപ്പെടുന്നവരാണ്. കഴിയാവുന്നത്ര നല്ല രീതിയിൽ തന്നെ ഇവർക്കുള്ള ഭവനങ്ങൾ ഒരുങ്ങണം. വീടുകൾ നിർമിക്കാനും നിർമാണ വസ്തുക്കൾ നൽകാനും വീട്ടുപകര‍ണങ്ങൾ നൽകാനുമൊക്കെ സ്പോൺസർമാരുണ്ട് എന്നാണു പറയുന്നത്. ഇവരെയെല്ലാം ഒന്നിച്ചുകൊണ്ടുപോകാനും എല്ലാവരുടെയും സഹായം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം.

അമ്പതു വീടുകളിൽ കൂടുതൽ നിർമിച്ചു നൽകാമെന്ന് അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൂടിക്കാഴ്ച നടത്തുകയുണ്ടായി. പുനരധിവാസ പദ്ധതികളെക്കുറിച്ച് ഈ കൂടിക്കാഴ്ചയിൽ അവർക്കു വ്യക്തമായ വിവരം കിട്ടിക്കാണുമെന്നു കരുതാം. നൂറു വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന്‍റെ പ്രതിനിധിയും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. പുനരധിവാസത്തിനുള്ള തങ്ങളുടെ സഹായ വാഗ്ദാനത്തോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അടുത്തിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാതി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനു തെളിവാണിതെന്നും സഹായം വാഗ്ദാനം ചെയ്തവരെ അവഗണിക്കുന്നുവെന്നും ഇതിനു പിന്നാലെ യുഡിഎഫ് നേതാക്കൾ ആരോപിക്കുകയുണ്ടായി. ഒരു സഹായവും നഷ്ടപ്പെടുത്തില്ലെന്നും ടൗൺഷിപ്പ് പദ്ധതിക്ക് അന്തിമ രൂപമാകുമ്പോൾ കർണാടകയെ അറിയിക്കുമെന്നുമാണ് സർക്കാർ ഇ‍തിനു മറുപടി പറഞ്ഞത്. സഹായം വാഗ്ദാനം ചെയ്തവർക്ക് ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിന് ഇന്നലത്തെ കൂടിക്കാഴ്ച ഉപകരിച്ചിട്ടുണ്ടാവണം.

ഇതോടൊപ്പം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും വയനാട്ടിലെ ദുരന്തബാധിതർ ആഗ്രഹിക്കുന്നുണ്ട്. വയനാടിനു പ്രത്യേക സഹായം പ്രഖ്യാപിക്കാൻ കേന്ദ്രം മടി കാണിക്കരുത്. കഴിഞ്ഞ ജൂലൈ മുപ്പതിനാണ് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വളരെ വലിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായത്. അതിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതു തന്നെ അടുത്തിടെയാണ്. എന്നാൽ, കേരളത്തിനു പ്രത്യേക ധനസഹായ പാക്കെജ് അനുവദിക്കുന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർ നിർമാണത്തിനു പ്രത്യേക പാക്കെജ് അനുവദിക്കുക എന്നീ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു നിൽക്കരുത്. മുഴുവൻ സമ്പാദ്യങ്ങളും ഉരുൾ തട്ടിയെടുത്ത നിസ്സഹായരോട് അനുകമ്പ കാണിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെയും ഉത്തരവാദിത്വമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തബാധിതരെ കണ്ടപ്പോൾ അദ്ദേഹം നൽകിയ ഉറപ്പ് പണമില്ലെന്ന തടസം ഒന്നിനും ഉണ്ടാവില്ല എന്നായിരുന്നു. കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്ന വിശ്വാസമാണ് അതുണ്ടാക്കിയത്. ആ വിശ്വാസം പക്ഷേ മങ്ങിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ പുനരധിവാസത്തിനുള്ള കേന്ദ്ര സഹായം ആവർത്തിച്ച് അഭ്യർഥിക്കുകയുണ്ടായി. കേരളത്തിന്‍റെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിക്കുകയും ചെയ്തു. അതിനു ശേഷവും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് പ്രത്യേക പാക്കെജ് സംബന്ധിച്ച് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ പുനരധിവാസ പദ്ധതിക്കു രൂപമായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും കേന്ദ്രം നോക്കിയിരിക്കുന്നത് വളരെയേറെ നിരാശാജനകമാണ്.

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം

വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദീഖ് എംഎൽഎക്കെതിരേ കൂവി വിളി; പരാതി നൽകി ദുരന്തബാധിതര്‍