അടുത്ത വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ടു പൊതുപരീക്ഷ

 
file
Education

അടുത്ത വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ടു പൊതുപരീക്ഷ

വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ ബോർഡ് പുറത്തിറക്കി

ന്യൂഡല്‍ഹി: അടുത്ത അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ ബോർഡ് പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം.

2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതല്‍ 20 വരെ രണ്ടാംഘട്ടവും പരീക്ഷ നടത്തും. ഇരു ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും.

നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്‍റെ പകുതിയായാണ് പരീക്ഷാ കാലയളവ് കുറയുക. ഇതോടെ രണ്ട് പേപ്പറുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. നിലവില്‍ അഞ്ച് അല്ലെങ്കില്‍ 10 ദിവസം വരെ ഇടവേളയുണ്ട്.

രണ്ടാംഘട്ട പരീക്ഷ എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എഴുതിയാല്‍ മതിയാകും. ആദ്യഘട്ടത്തിൽ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്‍റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം.

വിജയിക്കാത്തവര്‍ക്കായി പ്രത്യേകം സപ്ലിമെന്‍ററി പരീക്ഷകളുണ്ടാകില്ല. രണ്ടു തവണയും പരീക്ഷയെഴുതാന്‍ തീരുമാനിച്ചാൽ വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത വിഷയങ്ങള്‍/ പേപ്പറുകള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും.

രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന മാര്‍ക്ക്ഷീറ്റില്‍ അവരുടെ മികച്ച സ്‌കോര്‍ ലഭിക്കും. രണ്ടാംഘട്ടം മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്‍റിന് അവസരമില്ല.

ഇവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യഘട്ട പരീക്ഷയെഴുതാമെങ്കിലും സിലബസ് മാറ്റം ബാധകമാകും. സ്‌പോര്‍ട്‌സ് ക്വാട്ട വിദ്യാര്‍ഥികള്‍ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണമെന്നും സിബിഎസ്ഇ മാർഗരേഖയിൽ പറ‍യുന്നു.

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

"ചെമ്പടയ്ക്ക് കാവലാൾ"; മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തി സെക്രട്ടേറിയറ്റ് ജീവനക്കാർ

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

"ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു"; താരിഫ് യുദ്ധത്തിൽ അടുത്ത അടവുമായി പീറ്റർ നവാരോ

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്