കളമശേരി: ആഗോള ഉന്നത വിദ്യാഭ്യാസ അനലിസ്റ്റായ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് (സുസ്ഥിരത) 2025ന്‍റെ ഫലം പുറത്ത് വന്നപ്പോള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ലോകത്തിലെ മികച്ച 1000 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ചു. ആഗോള തലത്തില്‍ 971-980 ബാൻഡിൽ ഇടം നേടിയ കുസാറ്റ് ഏഷ്യയില്‍ 299-ാം റാങ്കും ദക്ഷിണേന്ത്യയിൽ 53-ാം റാങ്കും ഇന്ത്യയില്‍ 38-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി. നിരവധി ഉപവിഭാഗങ്ങളിലും കുസാറ്റിന് മികച്ച റാങ്കുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. പരിസ്ഥിതി ആഘാത വിഭാഗത്തിൽ ലോകത്ത് 609-ാം സ്ഥാനവും ഭരണ വിഭാഗത്തിൽ ലോകത്ത് 576-ാം സ്ഥാനവുമാണ്.
ലോകമെമ്പാടുമുള്ള 1,744 സ്ഥാപനങ്ങളുടെ പട്ടികയിൽ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ കുസാറ്റും 1181-1200 ബാൻഡിൽ റാങ്ക് ചെയ്യപ്പെട്ട കേരള സർവകലാശാലയും മാത്രമാണ്.
ആഗോള പാരിസ്ഥിതിക, സാമൂഹിക, ഭരണ (ഇഎസ്ജി)വെല്ലുവിളികളെ നേരിടാനുള്ള ഒരു സ്ഥാപനത്തിന്റെ കഴിവ് അളക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റാങ്കിങ്.
പരിസ്ഥിതി ആഘാതം, സാമൂഹിക ആഘാതം, ഭരണം എന്നീ വിഭാഗങ്ങൾക്ക് കീഴിൽ ഒമ്പത് പാരാമീറ്ററുകളിലായാണ് സ്‌കോറുകൾ നേടിയിരിക്കുന്നത്.
ഈ വര്‍ഷം പ്രസിദ്ധീകരിച്ച 2024ലെ ഇന്ത്യാ ടുഡേ റാങ്കിങ്ങിൽ രാജ്യത്ത് ഏഴാം സ്ഥാനവും, എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ പട്ടികയില്‍ 34ആം സ്ഥാനവും, ടൈംസ് ഹയർ എജ്യുക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ ഇന്ത്യയിൽ 27ാംസ്ഥാനവും കുസാറ്റ് നേടിയിരുന്നു.