കിഫ്ബി പദ്ധതികളിൽ വിദ്യാഭ്യാസം പരമപ്രധാനം
KIIFB
വിദ്യാഭ്യാസം മുൻഗണനാ വിഷയമായി മാറുന്നതാണ് ഒരു പുരോഗമനാത്മക സർക്കാരിന്‍റെ പ്രധാന മുഖമുദ്രകളിലൊന്ന്. എൽഡിഎഫ് സർക്കാർ ഈ മേഖലയിൽ വലിയ നിക്ഷേപവും മുതൽമുടക്കും നടത്തുമ്പോൾ, സാമ്പത്തിക സഹായം ഉറപ്പാക്കിക്കൊണ്ട് കിഫ്ബി ഒപ്പമുണ്ട്.
ശക്തമായൊരു വിദ്യാഭ്യാസ അടിത്തറയാണ് ശോഭനമായ ഭാവിയിലേക്കുള്ള താക്കോൽ എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായാണ് ഈ പ്രവർത്തനമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിവർത്തനം ചെയ്യുന്നതിന് ചരിത്രപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി.
കിഫ്ബി വഴി സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് സുരക്ഷിതവും സുസജ്ജവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകി. ഇതിനായി ആകെ 1427 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഈ സംരംഭത്തിന്‍റെ ഭാഗമായി അഞ്ച് കോടി രൂപ ചെലവ് വരുന്ന 141 സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചു. ഇതിൽ 139 എണ്ണത്തിന്‍റെയും പണി പൂർത്തിയാക്കുകയും ചെയ്തു. മൂന്നു കോടി രൂപ ചെലവ് മതിക്കുന്ന 386 സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചതിൽ 179 എണ്ണത്തിന്‍റെ നിർമാണം ഇതിനകം പൂർത്തിയായി. ഒരു കോടി രൂപ വീതം 446 സ്കൂൾ കെട്ടിടങ്ങൾക്കായി അനുവദിച്ചു. ഇതിൽ 195 എണ്ണവും പൂർത്തിയായിട്ടുണ്ട്. ഇത്തരത്തിൽ, ആകെ 973 സ്കൂൾ കെട്ടിടങ്ങൾക്കാണ് കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്. ഇതിൽ 513 എണ്ണം പൂർത്തിയായി.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിവിധ ഫണ്ടുകളിൽ നിന്ന് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്ന ആകെ നിക്ഷേപം 5000 കോടി രൂപയുടേതാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന മുൻഗണന ഇതിൽ നിന്നു വ്യക്താകുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുന്നു.