കോട്ടയം സിഎംഎസ് കോളെജിൽ 37 വർഷങ്ങൾക്ക് ശേഷം നീലക്കൊടി പാറിച്ച് കെഎസ്‌യു; 15ൽ 14 സീറ്റും സ്വന്തമാക്കി

 
Education

കോട്ടയം സിഎംഎസ് കോളെജിൽ 37 വർഷങ്ങൾക്ക് ശേഷം നീലക്കൊടി പാറിച്ച് കെഎസ്‌യു; 15ൽ 14 സീറ്റും സ്വന്തമാക്കി

വ്യാഴാഴ്ച നടന്ന വോട്ടെണ്ണലിനിടെ ‌എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിൽ ക്യാംപസിൽ സംഘർഷമുണ്ടായിരുന്നു.

ബിനീഷ് മള്ളൂശേരി

കോട്ടയം: സിഎംഎസ് കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് മധുരിക്കുന്ന വിജയം. നീണ്ട 37 വർഷങ്ങൾക്ക് ശേഷം 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തത്. എസ്എഫ്ഐക്ക് ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് ലഭിച്ചത്. കെഎസ്‌യുവിലെ സി. ഫഹദ് ആയിരിക്കും യൂണിയൻ ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടി.എസ്. സൗപർണിക ആർട്‌സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച നടന്ന വോട്ടെണ്ണലിനിടെ ‌എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിൽ ക്യാംപസിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ പൊലീസിന്‍റെ അഭ്യർഥന പ്രകാരമാണ് ഫലപ്രഖ്യാപനം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കോളെജ് ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരുന്നു ഫലപ്രഖ്യാപനം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. വിദ്യാർഥികളെ കൂടാതെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി ക്യാംപസിലേക്ക് എത്തിയതും സംഘർഷങ്ങൾക്ക് ഇടയാക്കി. പെൺകുട്ടികളടക്കം വിദ്യാർഥികൾ രാത്രി വൈകിയും ക്യാംപസിന് പുറത്തും വഴിയിലുമായി നിൽക്കുന്ന അവസ്ഥ ഉണ്ടായി. ഇതോടെയാണ് മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.

യൂണിയൻ ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികളാണ് വോട്ട് ചെയ്യുന്നത്. ക്ലാസ് പ്രതിനിധികളുടെ എണ്ണത്തിൽ മുന്നിലെത്തിയതോടെ യൂണിയൻ ഭരണം കെഎസ്‌യുവിന് ലഭിക്കുമെന്ന് ഉറപ്പായി. ഇതോടെ കെഎസ്‌യു പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്താൻ ഒരുങ്ങി. ഇതോടെ, കോളെജ് മാനേജ്മെന്‍റെ സഹായത്തോടെ അട്ടിമറി നടത്തിയാണ് കെഎസ്‌യുവിന് ക്ലാസ് പ്രതിനിധികളിൽ മേൽക്കൈ ലഭിച്ചതെന്നാരോപിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ കോളെജിലേക്ക് പ്രതിഷേധവുമായെത്തി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ് അടക്കം പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ച രാത്രിയോടെയാണ് അവസാനിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ സ്ഥാനത്തേക്കില്ല; അഭ‍്യൂഹങ്ങൾ ബിസിസിഐ തള്ളി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ