വിദേശ വിദ്യാർഥികൾക്ക് യുഎസ് വിസ നൽകും; പക്ഷേ സമൂഹമാധ്യമങ്ങൾ തുറന്നു പരിശോധിക്കും
വാഷിങ്ടൺ: വിദശവിദ്യാർഥികൾക്ക് വിസ നൽകുന്ന നടപടികൾ പുനരാരംഭിക്കാൻ ഒരുങ്ങി യുഎസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർഥികൾ അവരുടെ സമൂഹമാധ്യമങ്ങൾ തുറന്നു പരിശോധിക്കാനുള്ള അനുവാദം കൂടി സർക്കാരിന് നൽകണമെന്നാണ് പുതിയ തീരുമാനം. മേയിലാണ് യുഎസ് വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ചത്. പുതുതായി അപേക്ഷിക്കുന്നവരിൽ സമൂഹമാധ്യമങ്ങൾ പബ്ലിക് ആക്കാൻ വിസമ്മതിക്കുന്നവർക്കും പരിശോധിക്കാൻ അനുവാദം നൽകാത്തവർക്കും വിസ നൽകില്ലെന്നും ഡിപ്പാർട്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിസ നടപടികൾ താത്കാലികമായി റദ്ദാക്കിയതോടെ അനിശ്ചിതാവസ്ഥയിൽ ആയി മാറിയിരുന്നു. യുഎസിലെ 200 യൂണിവേഴ്സിറ്റികളിൽ 15 ശതമാനം വിദ്യാർഥികളും വിദേശത്തു നിന്നുള്ളവരാണ്.
യുഎസ്, യുഎസ് സർക്കാർ, സംസ്‌കാരം, സ്ഥാപനങ്ങൾ, സ്ഥാപക തത്വങ്ങൾ എന്നിവയ്ക്ക് എതിരാണെന്നു തോന്നുന്ന പോസ്റ്റുകളും സന്ദേശങ്ങളും കോൺസുലർ ഓഫീസർമാർ നിരീക്ഷിക്കുമെന്ന് വകുപ്പ് അറിയിച്ചു.