സംഗീത, വിജയ്
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് വിവാഹമോചിതനാകുന്നു. ഭാര്യ സംഗീത സൊർലലിംഗമാണ് വിവാഹമോചനത്തിനു വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഏപ്രിൽ 20ന് കോടതി ഹർജി പരിഗണിക്കും. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്. 1999ലാണ് വിജയും സംഗീതയും വിവാഹിതരായത്. 2025 ഡിസംബർ മൂന്നിന് ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ പരസ്ത്രീബന്ധം, ക്രൂരത എന്നിവയാണ് കാരണമായി ഉന്നയിച്ചിരിക്കുന്നത്. വിവാഹബന്ധം യഥാർഥത്തിൽ അവസാനിച്ചുവെന്നും, രേഖകളിൽ മാത്രമാണ് നില നിൽക്കുന്നതെന്നും ഹർജിയിൽ ഉണ്ട്. 2021ൽ വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കണ്ടെത്തൽ വിവാഹജീവിതത്തിൽ വലിയ വഴിത്തിരിവായെന്നും വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പു നൽകിയെങ്കിലും അതു പാലിക്കപ്പെട്ടില്ലയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. 2023 മുതലാണ് ഇരുവരുടെയും വിവാഹജീവിതത്തിൽ വിള്ളലുണ്ടായതായി അഭ്യൂഹങ്ങൾ ശക്തമായത്. വിജയ് സിനിമയിൽ സജീവമായിരുന്നപ്പോഴും സംഗീത പൊതുപരിപാടികളിൽ നിന്ന് അകന്നു നിന്നിരുന്നു. പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷമുണ്ടായ റാലികളിലും സംഗീതയുടെ അസാനിധ്യം ചർച്ച ചെയ്യപ്പെട്ടു.
എന്നാൽ രണ്ടു പേരും ഇതേക്കുറിച്ച് മൗനം പാലിച്ചു. ദിവസങ്ങൾക്കു മുൻപ് വിജയ്ക്കെതിരേ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ പ്രസ്താവനയും വിവാദമായി മാറിയിരുന്നു.വിജയ് പരിചയസമ്പത്തില്ലാത്ത നേതാവാണെന്നും പരിചയസമ്പത്തിനു വേണ്ടി വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തു വരണമെന്നുമാണ് നാഗേന്ദ്രൻ പറഞ്ഞത്. പ്രസ്താവന വിവാദമായെങ്കിലും നാഗേന്ദ്രൻ തന്‍റെ പ്രസ്താവനയിൽ ഉറച്ചു നിന്നു.
തമിഴ്നാട്ടിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. വിജയോടുള്ള കടുത്ത ആരാധനയാണ് ഇരുവരുടെയും വിവാഹത്തിൽ കലാശിച്ചത്. സ്പെഷ്യൽ മാരേജ്യ ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും നടത്തിയ വിവാഹത്തിൽ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.