"എനിക്കിനി ദുൽക്കറിനൊപ്പം അഭിനയിക്കാനാവില്ല, ആ സംഭവങ്ങൾ എന്‍റെ കരിയറിനെ അത്രയധികം ബാധിച്ചിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ പരാജയം കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ നേരിടേണ്ടി വന്ന ട്രോളുകള്‍ കാരണം തന്നെ ദുല്‍ഖറിനൊപ്പം കാസ്റ്റ് ചെയ്യാന്‍ മലയാള സിനിമയിലുള്ളവര്‍ക്ക് പേടിയായെന്നാണ് ഐശ്വര്യ പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം.
"കിങ് ഓഫ് കൊത്ത റിലീസായപ്പോള്‍, വലിയ ഹൈപ്പുണ്ടായിരുന്ന സിനിമയാണ്. അതിന് ലഭിച്ച റിയാക്ഷന്‍ എന്‍റെ കരിയറിനെ ബാധിച്ചുവെന്ന് ഞാൻ കരുതുന്നത്. ശരിയാണോ എന്നെനിക്കറിയില്ല. പക്ഷേ അത് എന്നെ മാനസികമായി തളർത്തിയിട്ടുണ്ട്. എനിക്ക് മാത്രമല്ല, ദുല്‍ഖറിനും ആ സിനിമയ്ക്കാകെ തന്നെയും ട്രോളുകള്‍ നേരിടേണ്ടി വന്നു.
എന്‍റെ ഡയലോഗ് മോഡിലേഷനാണ് പ്രധാനമായും ട്രോളുകൾക്ക് വഴിവച്ചത്. അതിൽ രാജുവേട്ട എന്നാണ് ഞാൻ ദുൽക്കറിനെ വിളിക്കുന്നത്. ഒരു കാലത്ത് എനിക്ക് വന്നിരുന്ന കമന്‍റുകളെല്ലാം രാജുവേട്ട എന്നുള്ളതായിരുന്നു. ആ സിനിമ കാണുമ്പോൾ ചിലപ്പോ എനിക്കും അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നാറുണ്ട്.
ഞാൻ രാജുവേട്ട എന്ന് വിളിക്കാൻ ഒക്കെ ആയിരുന്നില്ല. രാജു എന്ന് വിളിക്കട്ടെ എന്ന് ഞാൻ അവരോട് ചോദിച്ചതാണ്. പക്ഷേ അവർ രാജുവേട്ട എന്ന് തന്നെ വിളിക്കണമെന്നു പറഞ്ഞു. പലരും പല സെറ്റിൽ വച്ച് പോലും എന്നെ നേരിട്ട് രാജുവേട്ട എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്. മാനസികമായി എന്നെ അത് ബാധിച്ചിട്ടുണ്ട്.
നല്ല വിമർശനങ്ങൾ ഞാൻ സ്വീകരിക്കാറുണ്ട്. ഇമോഷൻസൊന്നും എനിക്ക് വർക്കാവില്ലെന്ന് വിമർശനമുണ്ടായിരുന്നു. ഞാനതിനായി പരിശീലിച്ചു. ഇന്ന് ഇമോഷണൽ സീനുകൾ ചെയ്യാൻ എനിക്ക് കോൺഫിഡൻസുണ്ട്.
ഒരിക്കല്‍ ഒരു മൊബൈല്‍ കമ്പനി ഓണത്തിന് ദുല്‍ഖറിനൊപ്പം എന്നെ ഷൂട്ടിന് സമീപിച്ചു. ഞാനാണ് അവരോട് എന്നെ വെക്കണ്ടെന്ന് പറഞ്ഞത്. ബേസിക്കലി, നിങ്ങള്‍ എനിക്ക് പണം തരണ്ട, നിങ്ങളെ ബാധിക്കും, വേറെ ആരെയെങ്കിലും വച്ചോളൂ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എനിക്ക് അറിയില്ല, ഇനി എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിക്കുമോ എന്ന്. അത്ര മോശമായിരുന്നു വിമര്‍ശനം''. ഐശ്വര്യ പറഞ്ഞു.