എ.ആർ. റഹ്മാൻ
സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോളിവുഡിലെ തലമുറ മാറ്റത്തേക്കുറിച്ചും പ്രൊപ്പഗാണ്ട സിനിമകളേക്കുറിച്ചുമുള്ള റഹ്മാന്‍റെ തുറന്നു പറച്ചിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ. പുതിയ തലമുറ വാക്കുകൾ കേട്ട് താൻ തന്‍റെ സംഗീതത്തെ തന്നെ സംശയിച്ചു എന്നാണ് റഹ്മാൻ പറയുന്നത്.
പണ്ട് മുതൽ തന്നെ സ്നേഹിക്കുന്ന ആരാധകരേയും പുതിയ കേൾവിക്കാരേയും സംതൃപ്തിപ്പെടുത്തുന്ന ഗാനങ്ങൾ സൃഷ്ടിക്കാനാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ശ്രമിച്ചത്. 2019 മുതൽ 2025 വരെ തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായി 20-30 സിനിമകൾ താൻ ചെയ്തു. ഇപ്പോൾ 90കളിലെ ഗാനങ്ങളുടെ പേരിലല്ല പുതിയ ഗാനങ്ങളിലൂടെയാണ് താൻ അറിയപ്പെടുന്നത് എന്നാണ് റഹ്മാൻ പറഞ്ഞത്.
കഴിഞ്ഞ ആറ് വർഷത്തിൽ ആളുകൾ എന്‍റെ അടുത്തു വന്നാൽ. 90കളിലുള്ള ജനറേഷനിലുള്ളവർക്ക് എന്‍റെ സംഗീതത്തോട് നൊസ്റ്റാൾജിയയും അടുപ്പവുമുള്ളവരാണ്. 2000ത്തിൽ ജനിച്ചവർക്കും അതുണ്ട്. അതുകഴിഞ്ഞ ജനിച്ചവരും അങ്ങനെ തന്നെയാണ്. അവർ വന്ന് നമ്മളെ ഗ്യാസ്ലൈറ്റ് ചെയ്യും. അവർ പറയും 90കളിൽ നിങ്ങൾ റോജ ചെയ്തു, അത് വളരെ മനോഹരമായിരുന്നു സാർ. അത് കേൾക്കുമ്പോൾ നമുക്ക് എന്താണ് തോന്നുക, ഇപ്പോൾ ചെയ്യുന്ന സംഗീതത്തിൽ ആ ഫീൽ ലഭിക്കുന്നില്ല എന്നല്ലേ? അത് എന്‍റെ ചിന്തയെ മോശമാക്കും. ഞാൻ വളരെ മോശം മൂഡിലേക്ക് പോകും. അതുകൊണ്ട് ഞാൻ തുടർച്ചയായ പാട്ടുകൾ ചെയ്യാൻ തീരുമാനിച്ചു. അതുകൊണ്ട് ഇപ്പോൾ വരുന്നവർ മണിരത്നം സാറിന്‍റെ തഗ് ലൈഫിലെ ഗാനം മികച്ചതായിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ ആറു വർഷം ചെയ്ത ഗാനങ്ങളാണ് ഇപ്പോൾ ഉദാഹരണമാകുന്നത്. അടുത്ത ജനറേഷനുള്ളതും ഞാൻ ചെയ്തുകഴിഞ്ഞു. അത് തന്നെയായിരുന്നു എന്‍റെ ഉദ്ദേശം.- റഹ്മാൻ പറഞ്ഞു.