സിനിമ പ്രമോഷനിടെ മാളിൽ വച്ചു നവ്യ നായരെ സ്പർശിക്കാൻ ശ്രമം
പാതിരാത്രി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ചയാളെ തടഞ്ഞ് നടൻ സൗബിൻ ഷാഹിർ. കോഴിക്കോട് മാളിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പ്രമോഷൻ പരിപാടി കഴിഞ്ഞ് സൗബിൻ ഷാഹിറും നവ്യയും മറ്റ് താരങ്ങളും മടങ്ങുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നു ഒരാൾ നവ്യയെ സ്പർശിക്കാനായി കൈ നീട്ടുകയായിരുന്നു. ഉടൻ തന്നെ നവ്യയുടെ പിന്നിലുണ്ടായിരുന്ന നടൻ സൗബിൻ കൈ തട്ടിമാറ്റുകയും നവ്യയെ സുരക്ഷിതയാക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിൽ ഉളളത്.
രൂക്ഷമായ നോട്ടത്തോടെയാണ് തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരേ നവ്യ പ്രതികരിച്ചത്. സിനിമ താരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ചുറ്റും സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നപ്പോൾ കൂടിയാണ് ഈ മോശം അനുഭവം നേരിട്ടത്.