'എക്കോ' വിജയിച്ചതിന് പിന്നിൽ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി: ദിൻജിത് അയ്യത്താൾ
ദുബായ്: വലിയ പ്രചാരണം നൽകാതിരിന്നിട്ടും എക്കോ വൻ വിജയമായി മാറിയതിന് പിന്നിൽ പ്രേക്ഷകർ നടത്തിയ മൗത്ത് പബ്ലിസിറ്റിയാണെന്ന് സംവിധായകൻ ദിൻജിത് അയ്യത്താൾ പറഞ്ഞു. മുൻചിത്രമായ കിഷ്കിന്ധാ കാണ്ഡവും ഇതുപോലെ വലിയ പ്രചാരണമില്ലാതെയാണ് വിജയം കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എക്കോ സിനിമയുടെ വിജയാഘോഷാവമായി ബന്ധപ്പെട്ട് ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
എക്കോയുടെ തിരക്കഥ ആദ്യം വായിക്കുമ്പോൾ ഏതൊരു പ്രേക്ഷകനെയും പോലെ എനിക്കും വലിയ ആകാംക്ഷ തോന്നി. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ളവരുടെ ആത്മാർഥമായ പ്രവർത്തനമാണ് ചിത്രം മനോഹരമായി പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിൽ.
അഭിനേതാക്കളിൽ അശോകനെ മാത്രമായിരുന്നു ആദ്യം തന്നെ തീരുമാനിച്ചത്. മ്ലാത്തുച്ചേടത്തി, സോയി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ കണ്ടെത്തുക എന്നതായിരുന്നു കാസ്റ്റിംഗിൽ നേരിട്ട വെല്ലുവിളി. അഭിനയത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേരെ ഓഡിഷനിലൂടെ മേഘാലയയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എല്ലാ അഭിനേതാക്കളും ഏറ്റവും അനുയോജ്യമായവർ തന്നെയാണെന്ന് ചിത്രം കണ്ടവർ പറയുമ്പോൾ സന്തോഷമുണ്ടെന്നും ദിൻജിത് പറഞ്ഞു.
സംവിധാന രംഗത്തേയ്ക്ക് തിരിയാത്തത് പിന്നീട് ഛായാഗ്രഹണ അവസരങ്ങൾ കുറയുമോ എന്ന പേടി മൂലമാണെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു. മിക്ക ക്യാമാറാമാന്മാർക്കും ഇത്തരം ഭയമുണ്ട്. 2018 ൽ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രം തൊട്ട് സംവിധായകൻ ദിൻജിത്തുമായി സൗഹൃദമുണ്ട്. ഒരേ മനസ്സോടെയാണ് രണ്ടുപേരും മുന്നോട്ടുപോകുന്നത്. കൊവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് കിഷ്കിന്ധാകാണ്ഡവും പിന്നീട് എക്കോയും എഴുതിയത് എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ സെലക്ടിവായി എന്നതുകൊണ്ടാണ് ഏറെ മലയാള സിനിമകളിൽ അഭിനയിക്കാത്തതെന്ന് നടൻ നരെയ്ൻ പറഞ്ഞു. തമിഴിൽ ശ്രദ്ധ പതിപ്പിച്ചതും ഇതിന് കാരണമായി. എക്കോയിലെ ശക്തമായ കഥാപാത്രത്തെ മികച്ചരീതിയിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. ഇതുവരെ വിളിക്കാത്ത പലരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും നരെയ്ൻ പറഞ്ഞു.
കഥ നടക്കുന്ന പശ്ചാത്തലം തിരഞ്ഞെടുത്തത് എക്കോയുടെ വിജയത്തിന് കാരണമായെന്ന് യുവ താരം സന്ദീപ് പറഞ്ഞു. തിരക്കഥയിൽ എല്ലാം തന്നെ കൃത്യമായി എഴുതിവച്ചിരുന്നു. അതു വായിച്ചപ്പോൾ കിട്ടിയ ഫയർ കഠിനാധ്വാനം ചെയ്ത് അഭിനയിക്കാൻ പ്രചോദനമായി. തിരക്കഥ വായിച്ച് ശ്രദ്ധയോടെയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കി.
നടൻ ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക് ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും ആഘോഷ ചടങ്ങിൽ പങ്കെടുത്തു.