ബാബുരാജ് ജേക്കബ്

 
Entertainment

"വിഴുപ്പലക്കാൻ താത്പര്യമില്ല''; അമ്മയിൽ നിന്നു പിന്മാറുന്നുവെന്ന് ബാബുരാജ്

''കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്''

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നു പിന്മാറുന്നുവെന്ന് നടൻ ബാബുരാജ്. വിഴുപ്പലക്കാൻ താത്പര്യമില്ലാത്തതിനാൽ എന്നെന്നേക്കുമായി സംഘടനയിൽ നിന്നും പിന്മാറുകയാണെന്ന് ഫെയ്സ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രഖ്യാപിച്ചത്.

കഴിഞ്ഞ എട്ടു വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. പിന്മാറ്റം ആരെയും ഭയന്നല്ലെന്നും അദ്ദേഹം ഫെയ്സ്‌ബുക്കിൽ കുറിച്ചു.

ഓഗസ്റ്റ് 15നു നടക്കാനിരിക്കുന്ന അമ്മ സംഘടനാ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാൻ താരം മുന്നോട്ടു വന്നതിനു പിന്നാലെ നിരവധി ആരോപണങ്ങളുയർന്നിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന നടൻ മത്സരത്തിൽനിനിന്നു വിട്ടുനിൽക്കണമെന്നു കാണിച്ച് വിവിധ കോണുകളിൽ നിന്നു വിമർശനങ്ങളുയർന്നിരുന്നു. പിന്നാലെ തന്‍റെ നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചിരുന്നു. ഇതിനു ശേഷമാണ് സംഘടനയിൽ നിന്നു തന്നെ പിൻമാറുകയാണെന്ന പ്രഖ്യാപനം വന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റ്.....

ബഹുമാനപ്പെട്ടവരെ,

വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.

കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എന്‍റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിന്‍റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എന്‍റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.

സ്നേഹത്തോടെ,

ബാബുരാജ് ജേക്കബ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ