ശിൽപ്പ ഷെട്ടി, രാജ് കുന്ദ്ര
മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പുകേസില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും വിദേശയാത്രയ്ക്ക് ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹര്‍ജി നല്‍കിയിരുന്നു.
അന്വേഷണം പുരോഗമിക്കുമ്പോള്‍ ഒരു വ്യക്തി രാജ്യംവിടുന്നത് തടയുന്നതിനായി കോടതിയുടെ നിര്‍ദേശപ്രകാരം ഇമിഗ്രേഷന്‍ അധികാരികള്‍ പുറപ്പെടുവിക്കുന്ന ഒരു മുന്നറിയിപ്പാണ് എല്‍ഒസി.
ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദീപക് കോത്താരി എന്ന വ്യവസായിയില്‍ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.