സൈന്ധവി, ജിവി പ്രകാശ് | ദിവ്യഭാരതി
ആരാധകരെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് - ഗായിക സൈന്ധവി വേർപിരിയൽ. ഇരുവരും വേർപിരിഞ്ഞതിന് കാരണം നടിയും,മോഡലുമായ ദിവ്യഭാരതിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ജി.വി പ്രകാശും ദിവ്യഭാരതിയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ബാച്‌ലർ. ഈ ചിത്രത്തിലെ കഥാപാത്രങ്ങളും അഭിനയവും എല്ലാം ആരാധകരുടെ ഹൃദയം കീഴടിക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിയും എന്ന അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നത്. പിന്നീട് ഇരുവരും കഴിഞ്ഞ വർഷം ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു
ഇപ്പോഴിതാ തനിക്കെതിരെ അന്ന് മുതൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദിവ്യഭാരതി. "എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്‍റെ പേര് വലിച്ചിഴയ്ക്കുന്നത്. ജി.വി പ്രകാശിന്‍റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നു. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്‍റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തില്‍ എന്‍റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി" എന്നായിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, ഗോസിപ്പുകൾ പൊങ്ങി വന്നുകൊണ്ടിരുന്ന സമയത്ത് തന്നെ, ദിവ്യഭാരതിയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളുവെന്നും അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജി.വി അന്നേ പ്രതികരിച്ചിരുന്നു.