'ഡോസ്' ചിത്രീകരണം പൂർത്തിയായി
മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഡോസ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം, റാന്നി, വടശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. വടശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളെജായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.
എസിനാറ്റിക് ഫിലിംസിന്‍റെ ബാനറിൽ ഷാന്‍റോ തോമസാണ് ചിത്രം നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിന്‍റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്.
ജഗദീഷ്, അശ്വിൻ കെ കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നു. അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ, ( വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേർസ്.