സിനിമയായാലും രാജ്യം ആദ്യം
റസൂൽ പൂക്കുട്ടി
കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) ആറു ചിത്രങ്ങളുടെ പ്രദർശനം സംസ്ഥാന ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്‍റെ നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണ്. കേന്ദ്ര സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചപ്പോൾ, രാജ്യതാത്പര്യം കണക്കിലെടുത്താണ് അക്കാദമി ആ തീരുമാനമെടുത്തത്.
രാജ്യത്തിന്‍റെ വിദേശനയവുമായി ബന്ധപ്പെട്ട് അനുമതി തരാത്തതിനെ എതിർക്കുന്നവർ ഇന്ത്യക്കാരാണോ? കേന്ദ്ര ഗവൺമെന്‍റിന്‍റെ വിദേശ നയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൊണ്ട് സിനിമകൾക്ക് അനുമതി തരുന്നില്ല എന്നു പറയുമ്പോൾ എന്തടിസ്ഥാനത്തിലാണ് എതിർക്കേണ്ടത്‍? അങ്ങനെ എതിർക്കുന്നവർ ഇന്ത്യക്കാരാണോ? അങ്ങനെയാണോ നമ്മൾ ചെയ്യേണ്ടത്? അപ്പോൾ, കേരള സർക്കാരിന്‍റെ നിലപാടുകൾ പൊള്ളത്തരമായിരുന്നോ എന്ന ചോദ്യത്തിന് ഇതാണുത്തരം: ""അത് രാഷ്‌ട്രീയ തീരുമാനമാണ്. ഭരണവും രാഷ്‌ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. നമ്മൾ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമത്''.
വിലക്കിയ ചിത്രങ്ങളെല്ലാം പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞുവച്ച 19 ചിത്രങ്ങളിൽ ഈ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങൾക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദർശനാനുമതി നൽകിയത്. ആറ് ചിത്രങ്ങൾക്ക് എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ഞാൻ എതിർക്കുന്നില്ല. അവ ഏതൊക്കെ രാജ്യത്തിന്‍റെ സിനിമകളാണെന്ന് ഞാൻ പറയുന്നില്ല. ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമാണ്, അത് നിങ്ങൾക്ക് ഇങ്ങനെ വച്ചു കളിക്കാനുള്ള സാധനമല്ല.
ചലച്ചിത്രങ്ങളുടെ പ്രദർശന വിലക്കുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവുമായി ഞാൻ സംസാരിച്ചിരുന്നു. രാജ്യത്ത് ഒരു വർഷം അഞ്ഞൂറോളം ചലച്ചിത്ര മേളകളാണ് സംഘടിപ്പിക്കുന്നത്. ആ മേളകളിലെ പാക്കെജുകളിൽ നിർദേശിക്കപ്പെടുന്ന എല്ലാ ചിത്രങ്ങൾക്കും ഒരിക്കലും അനുമതി നൽകാറില്ല എന്നാണ് മന്ത്രാലയത്തിൽ നിന്നും എനിക്ക് അറിയാൻ സാധിച്ചത്.
ഇത്തവണ 187 ചിത്രങ്ങളാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്ക്കായി വാർത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തിൽ പ്രദർശന അനുമതിക്കായി സമർപ്പിച്ചത്. അതിൽ 180 സിനിമകൾക്കും അനുമതി ലഭിച്ചു. ഒരു സിനിമ നമ്മൾ തന്നെ പാക്കെജിൽ നിന്നും മാറ്റിനിർത്തി. അങ്ങനെ നോക്കുകയാണെങ്കിൽ 99 ശതമാനം സിനിമകൾക്കും കേന്ദ്രം പ്രദർശനാനുമതി നൽകിയിട്ടുണ്ട്. ആറു സിനിമകളുടെ പ്രദർശനാനുമതി നിഷേധിച്ചത് വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഒഴിവാക്കപ്പെട്ട ചിത്രങ്ങൾ പ്രേക്ഷകർക്ക് കാണാൻ ഇപ്പോൾ ഇവിടെ ധാരാളം മാർഗങ്ങളുണ്ട്. സിനിമകൾക്ക് അനുമതി നിഷേധിച്ചതിനു പുറമെ നാലു വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചിരുന്നു. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. പക്ഷേ വിസ വിലക്കു മൂലം അവരുടെ സിനിമകളും മേളയിൽ പ്രദര്‍ശിപ്പിക്കാനായില്ല.
ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം രണ്ടു വശങ്ങളാണുള്ളത്. ഒന്ന് രാഷ്‌ട്രീയ വശം. അതിന്‍റെ അടിസ്ഥാനത്തിലാണ് സിനിമകൾക്കു വിലക്കു നേരിട്ടപ്പോൾ അവ പ്രദർശിപ്പിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ നൽകിയത്. സർക്കാരിന്‍റെ രണ്ടാമത്തെ വശം അഡ്മിനിസ്‌ട്രേറ്റീവ് ആംഗിൾ ആണ്. നിയമപരമായ കാര്യങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് വശങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. ഒരു മേള നടത്തി എന്ന കാരണത്താൽ ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന സാഹചര്യമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്ര നിർദേശപ്രകാരം ആറ് സിനിമകൾ മാറ്റിവച്ചത്.
ഇന്ത്യയിൽ നിന്നുള്ള പല സിനിമകളും വിദേശ രാജ്യങ്ങളിലെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും വിലക്ക് നേരിട്ടിട്ടുണ്ട്. അതതു രാജ്യങ്ങളുടെ നയം മനസിലാക്കുമ്പോൾ അതൊരു വിവാദമാക്കാൻ നമ്മൾ ഒരിക്കലും ശ്രമിക്കാറില്ല. അതുകൊണ്ടു തന്നെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മുടെ രാജ്യത്തിന്‍റെ നയത്തിന് മുഖവില നൽകണം.
സിനിമകൾ വിലക്കിയ സാഹചര്യത്തിൽ കേരള സർക്കാർ കേന്ദ്രത്തോട് പ്രതിഷേധം കൃത്യമായ ഭാഷയിൽ അറിയിച്ചിട്ടുണ്ട്. എത്ര വിലക്കു നേരിട്ടാലും കേരളം സിനിമകൾ പ്രദർശിപ്പിക്കും എന്ന ധാരണ കേന്ദ്രത്തിനും ഉണ്ടായിരുന്നു. എങ്കിലും, രാജ്യത്തിന്‍റെ നയതന്ത്ര കാര്യങ്ങളിൽ കോട്ടം വരുത്തുന്ന തരത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അത് ഒരുപക്ഷേ സംസ്ഥാന സർക്കാരിന്‍റെ പരിമിതിയാണെന്ന് കരുതിയാൽ മതി. അതുകൊണ്ടു തന്നെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം.
ചലച്ചിത്ര മേളയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. കുറ്റങ്ങളും കുറവുകളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഞാൻ ഏറ്റെടുക്കും. ചിത്രങ്ങൾ അനുമതിക്കായി അയയ്ക്കുന്നതിൽ ഐഎഫ്എഫ്‌കെയുടെ ഭാഗത്തോ അക്കാദമിയുടെ ഭാഗത്തോ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ല. ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നത് ഒരു സ്വകാര്യ മേഖലയിലല്ല. കേന്ദ്ര സർക്കാരിൽ നിന്നുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിനു വ്യക്തമായ ബോധ്യമുണ്ട്. ഒരുഘട്ടത്തിൽ മേള നടക്കില്ലെന്ന അവസ്ഥയുണ്ടായിരുന്നു. പിന്നെ, കേന്ദ്ര മന്ത്രാലയങ്ങളുമായും ഉദ്യോഗസ്ഥരുമായും മറ്റു പലരുമായും രാപകലില്ലാലെ ബന്ധപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ നേരിൽ കണ്ടു സംസാരിച്ചു. ഡോ. ശശി തരൂർ എംപിയും ഇതിൽ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. പിന്നീടാണ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു കേന്ദ്രത്തിൽ നിന്നു വിലക്ക് നേരിടുകയാണോ എന്ന ചോദ്യത്തിന്, ലോകപ്രശസ്തമായ ഈ വാചകമാണ് എന്‍റെ ഉത്തരം: ""തിരക്കുള്ള സ്ട്രീറ്റിൽ നിങ്ങൾക്ക് ഒരു വാക്കിങ് സ്റ്റിക്ക് കറക്കി നടക്കാം. പക്ഷേ, ആ സ്റ്റിക്ക് മുന്നിലുള്ള ഒരാളുടെ മൂക്കിൽ തട്ടരുത്; അതാണ് ആവിഷ്കാര സ്വാതന്ത്ര്യം''.
ചലച്ചിത്ര മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു കലാകാരനാണ് ഞാൻ. എന്‍റെ തിരക്കുകളും ജോലിയുടെ സ്വഭാവവും മനസിലാക്കി തന്നെയാണ് സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം എനിക്ക് നൽകിയത്. ചലച്ചിത്ര മേളയുടെ സമയത്ത് ഞാൻ ഇവിടെ ഉണ്ടാകില്ല എന്നറിയിച്ചു തന്നെയാണ് ആ സ്ഥാനം ഏറ്റെടുത്തത്. അക്കാദമിയുടെ എല്ലാ പ്രവർത്തനത്തിലും ചെയർപേഴ്സൺ എന്ന നിലയിൽ തീരുമാനം എടുത്തിട്ടുണ്ട്. അതിലൊന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. എന്‍റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ല. വീഡിയൊ കോൺഫറൻസിലൂടെ ഞാൻ എപ്പോഴും സംഘാടനത്തിൽ ഉണ്ടായിരുന്നു. ഞാൻ ഇവിടെ നേരിട്ടുണ്ടായിരുന്നു എങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടായേനെ.
ഇത്രയും തിരക്കുള്ള ഒരു വ്യക്തിയെ ഈ പദവിയിലേക്ക് കൊണ്ടുവരുമ്പോൾ തന്നിൽ നിന്ന് എന്തൊക്കെയോ കാര്യങ്ങൾ ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നിറവേറ്റാനുള്ള ശ്രമം നടത്തും. ചെയർമാൻ സ്ഥാനത്ത് എത്തിയിട്ട് അധികം കാലമായിട്ടില്ലെങ്കിലും എനിക്ക് സാധിക്കുന്ന തരത്തിൽ മികച്ച സേവനം കാഴ്ചവയ്ക്കാൻ ശ്രമിക്കും.