ശോഭാ ഡേ, മിർസാപുർ ദ മൂവി
ഗുർമീത് സിങ്ങിന്‍റെ സംവിധാനത്തിൽ 2026ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് മിർസാപുർ ദ മൂവി. പങ്കജ് ത്രിപാഠി, അലി ഫസൽ അടക്കമുള്ളവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം 200 കോടി രൂപ ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടി മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്.
ഇപ്പോഴിതാ ചിത്രം കണ്ടതിന്‍റെ അനുവഭവം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരിയും ചലചിത്ര നിരൂപകയുമായ ശോഭ ഡേ. പുരുഷന്മാർക്ക് വേണ്ടിയുള്ള ചിത്രമാണിതെന്നും താൻ തിയെറ്ററിൽ 15 മിനിറ്റ് ഉറങ്ങിയെന്നുമാണ് ശോഭ ഡേ പറയുന്നത്.
തിയെറ്ററിൽ തന്‍റെ പുറകിലിരുന്ന രണ്ട് സ്ത്രീകൾ കൂർക്കം വലിക്കുന്നത് തനിക്ക് കേൾക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രവി കിഷന്‍റെയും അലി ഫസലിന്‍റെയും പ്രകടനത്തെ വാഴ്ത്തിയ ശോഭ ഡേ ചിത്രത്തിന്‍റെ കഥ എവിടെയുമെത്തിയില്ലെന്നും യാതൊരു കാരണവുമില്ലാതെ അക്രമ രംഗങ്ങൾ കുത്തി നിറച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
രസിക ദുഗലിന്‍റെ ഇന്‍റിമേറ്റ് രംഗത്തെ പറ്റിയും ശോഭ ഡേ പരാമർശിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് ശോഭ ഡേ വിമർശനവുമായി രംഗത്തെത്തിയത്. ടിക്കറ്റിനു വേണ്ടി താൻ 900 രൂപയും ഭേൽ പൂരിക്ക് 260 രൂപയും ചെലവാക്കേണ്ടി വന്നതായും നാലു മണിക്കൂർ സമയം കളഞ്ഞുവെന്നുമാണ് ശോഭ ഡേ പറയുന്നത്. ശോഭ ഡേയുടെ പരാമർശം ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിൽ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.