ഗൗരി കിഷൻ
സിനിമ പ്രമോഷനിടെ തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിനെതിരേ ഒറ്റയ്ക്ക് ശക്തമായി പോരാടിയ നടി ഗൗരി കിഷൻ വൻ കൈയടിയാണ് നേടിയത്. താരത്തെ പ്രശംസിച്ചുകൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പിന്തുണച്ചവർ തന്നെ നടിക്കെതിരേ വിമർശനവുമായി എത്തിയിരിക്കുകയാണ്. നടിയെ ബോഡി ഷെയിം ചെയ്ത യൂട്യൂബർ ആർ.എസ്. കാർത്തിക്കിന്‍റെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഗൗരി പരിഹാസ കമന്‍റുമായി എത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ശരീര ഭാരത്തിന്‍റെ പേരിൽ വിമർശിക്കപ്പെട്ട സ്ത്രീ, വിമർശിച്ച ആൾ എന്ന ക്യാപ്ഷനുകളോടെ ഗൗരിയുടെയും കാർത്തിക്കിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഒരു സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റ് വന്നത്. ഇതിനു താഴെയായി ''ഹിയ്യോ'' എന്ന കമന്‍റാണ് നടി തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് കുറിച്ചത്. ചിരിക്കുന്ന ഇമോജികൾക്കൊപ്പമായിരുന്നു കമന്‍റ്.
ഇതോടെയാണ് നടിയുടെ നിലപാട് ഇരട്ടത്താപ്പാണ് എന്ന വിമർശനം ഉയർന്നു വന്നത്. ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായി നിലപാടെടുത്ത ഗൗരി മറ്റൊരാളുടെ ശരീര ഭാരത്തെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് പലരുടെയും കമന്‍റ്.
കഴിഞ്ഞ ദിവസം പുതിയ തമിഴ് ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് നടിയെ കാർത്തിക് ബോഡി ഷെയിം ചെയ്യുന്നത്. പിന്നാലെ നടിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ കാർത്തിക്കിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്‍റുകൾ പല പേജുകളിലും പ്രത്യക്ഷപ്പെട്ടു. എന്നാൽ, യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചിരുന്നു. അതിനു പിന്നാലെ നടി തന്നെ പരിഹാസ കമന്‍റുമായി എത്തിയതാണ് പലരേയും ഞെട്ടിച്ചത്.
ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായി സംസാരിച്ച ഗൗരിയും ആ യൂട്യൂബറും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നാണ് വിമർശകർ ചോദിക്കുന്നത്.