ഉദയ്പുർ ഫയൽസ്: നിരോധിക്കാൻ ആവശ്യപ്പെടുന്നവരെ സിനിമ കാണിക്കൂവെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഉദയ്പുർ ഫയൽസ് എന്ന സിനിമ നിരോധിക്കാൻ ആവശ്യപ്പെടുന്നവർക്കു വേണ്ടി സിനിമാപ്രദർശനം ഒരുക്കണമെന്ന് നിർമാതാവിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. കനയ്യ ലാൽ കൊലക്കേസിനെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രത്തിനെതിരേ വിമർശനം ശക്തമാണ്. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം. ജൂൺ 26ന് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിലെ പല രംഗങ്ങളും സംഭാഷണങ്ങളും വർഗീയ കലാപത്തിന് ഇടയാക്കുന്നതാണെന്ന് കാണിച്ച് ജാമിയാത് ഉലാമ-ഐഹിന്ദ് പ്രസിഡന്‍റ് മൗലാന അർഷാദ് മദനി നൽകിയ ഹർജിയാണ്കോടതി പരിഗണിച്ചത്. സിനിമയിലെ പ്രകോപനപരമായ രംഗങ്ങളെല്ലാം വെട്ടി നീക്കിയതായി ഫിലിം സർട്ടിഫിക്കേഷൻ ബോർഡും നിർമാതാവും കോടതിയെ അറിയിച്ചിരുന്നു. ഉദയ്പുർ സ്വദേശിയും തയ്യൽക്കാരനുമായ കനയ്യ ലാൽ 2022 ജൂണിലാണ് കൊല്ലപ്പെട്ടത്.
മുഹമ്മദ് റിയാസ്, മുഹമ്മദ് ഗോയസ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രവാചകൻ നബിക്കെതിരേ മുൻ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ. വിവാദ പരാമർശത്തിന് പിന്തുണയേകിക്കൊണ്ട് കനയ്യ ലാൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന്‍റെ പേരിലാണ് കൊല നടത്തിയതെന്ന് സമ്മതിക്കു കൊണ്ടുള്ള പ്രതികളുടെ വിഡിയോയും പുറത്തു വന്നിരുന്നു. കേസിൽ ഇപ്പോഴും വിചാരണ തുടരുകയാണ്.