ജുവൽ മേരി

 
Entertainment

"നിർത്തിക്കോ, മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്": ജുവൽ മേരി

സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും ആളുകൾ തന്‍റെ ശരീരത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിലുള്ള അതൃപ്തിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വിഡിയോയിൽ ജുവൽ പങ്കുവച്ചത്

Manju Soman

ബോഡി ഷെയ്മിങ്ങിനെതിരേ രൂക്ഷ വിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. നിങ്ങളെന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത് എന്നാണ് ജുവൽ ചോദിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും ആളുകൾ തന്‍റെ ശരീരത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിലുള്ള അതൃപ്തിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വിഡിയോയിൽ ജുവൽ പങ്കുവച്ചത്.

മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി’ എന്ന്. നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?- എന്നാണ് ജുവൽ ചോദിക്കുന്നത്.

നിറത്തിന്‍റേയും വണ്ണത്തിന്‍റേ പേരിൽ എത്ര മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെയാണ് നിങ്ങൾ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്? കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്‍റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്.- ജുവൽ കൂട്ടിച്ചേർത്തു. ഇനി തന്നോട് വളരെ കാഷ്വലായി ശരീരത്തേക്കുറിച്ച് പറയാൻ വരുന്നവരോട് തനിക്ക് തിരിച്ചു പറയാനുണ്ടാകുമെന്നും ജുവൽ വ്യക്തമാക്കി.

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ; വീട്ടുജോലിക്കാരനെ കാണാനില്ല

ഹൈന്ദവ സംഘത്തിനു വേണ്ടി സ്ത്രീ ജീവനക്കാരെ ഒഴിവാക്കി; ഐഫൽ ടവർ മേധാവി രാജിയിലേക്ക്

സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ