മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് കിരീടം. സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. പിന്നാലെ തുടർച്ചയായി എത്തിയ ചിത്രമാണ് ചെങ്കോൽ. കിരീടത്തിനൊപ്പം പിന്തുണ ലഭിച്ചില്ലെങ്കിലും ചെങ്കോലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്. മോഹൻലാലിന്‍റെ കഥാപാത്രത്തിനൊപ്പം ചിത്രത്തിൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് തിലകന്‍റേത്. മോഹൻലാലിന്‍റെ അച്ഛൻ വേഷമാണ് തിലകൻ ചെയ്തത്.
ഇപ്പോഴിതാ ചെങ്കോൽ എന്ന സിനിമയുടെ ആവശ്യമില്ലായിരുന്നെന്ന് പ്രതികരിച്ച് ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുകയാണ്. തിലകന്‍റെ അച്യുതൻ നായർ എന്ന ഹെഡ് കോൺസ്റ്റബിളിന്‍റെ പഠനമാണ് ചെങ്കോലിൽ കാണിക്കുന്നത്. ഇത് ഉൾക്കൊള്ളാനാവുനില്ലെന്നാണ് ഷമ്മി തിലകൻ പ്രതികരിക്കുന്നത്. ചെങ്കോൽ എന്ന സിനിമ അപ്രസക്തമാണ്. തന്‍റെ അച്ഛൻ ചെയ്ത കഥാപാത്രത്തിന്‍റെ പതനം അതെനിക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നും അതിനാൽ തന്നെ അത്തരമൊരു സിനിമയുടെ ആവശ്യമില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കിരീടം കൊണ്ട് സിനിമ അവസാനിപ്പിക്കണമായിരുന്നു. അല്ലെങ്കിൽ ആ കഥാപാത്രത്തെ നേരത്തെ ആത്മഹത്യ ചെയ്യിപ്പിച്ചാലും മതിയായിരുന്നെന്നും ഷമ്മി പ്രതികരിച്ചു. അച്യുതന്‍ നായര്‍ അങ്ങനൊക്കെ ചെയ്യുന്ന ഒരാളല്ല. മകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാകാം ആ സിനിമ വീണു പോയതെന്നും ഷമ്മി വിലയിരുത്തുന്നു.
കിരീടത്തിന്‍റെ ക്ലൈമാക്‌സില്‍ അയാള്‍ വന്ന് സല്യൂട്ട് ചെയ്ത് 'സോറി സാര്‍ അവന്‍ ഫിറ്റല്ല' എന്ന് പറയുന്നു. അച്ഛനാണ് അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാണ് ക്ലീന്‍ എന്‍റ്. അല്ലായിരുന്നുവെങ്കില്‍ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.