Entertainment

127 മണിക്കൂർ തുടർച്ചയായി നൃത്തം; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി കഥക് നർത്തകി

മേയ് 29 മുതൽ ജൂൺ 3 വരെയാണ് സൃഷ്ടി നൃത്തം ചെയ്തത്.

ലാത്തൂർ: തുടർച്ചയായി അഞ്ച് ദിവസം നൃത്തം ചെയ്ത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള നർത്തകി. സൃഷ്ടി സുധീർ ജഗ്താപ് എന്ന നർത്തകിയാണ് 127 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് റെക്കോഡ് സ്വന്തമാക്കിയത്. മേയ് 29 മുതൽ ജൂൺ 3 വരെയാണ് സൃഷ്ടി നൃത്തം ചെയ്തത്. 126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് 2018ൽ നേപ്പാളി നർത്തകി തീർത്ത റെക്കോഡാണ് കഥക് ചുവടുകളിലൂടെ സൃഷ്ടി തകർത്തത്.

നൃത്തത്തിനിടെ പലപ്പോഴും സൃഷ്ടി ക്ഷീണിച്ചവശയാകുന്നുണ്ടായിരുന്നു. കാലുകൾ നിലയ്ക്കാതെ ചലിച്ചു കൊണ്ടിരിക്കണം എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കാലുകൾ ചലിക്കുന്നുണ്ട് എന്നുറപ്പാക്കാനായി ഗിന്നസ് റെക്കോഡ് വിധികർത്താവ് ഒപ്പം തന്നെയുണ്ടായിരുന്നു. രക്ഷിതാക്കളുംഒപ്പം തന്നെയുണ്ടായിരുന്നു. മകൾക്ക് ഇടയ്ക്കിടെ കാപ്പി കൊടുത്തും മുഖത്തു വെള്ളം തെളിച്ചും ഉന്മേഷം വീണ്ടെടുക്കാൻ അവർ സഹായിച്ചു. കാപ്പി, ചോക്കളേറ്റ്, കരിക്ക് എന്നിവയാണ് സൃഷ്ടി മാരത്തണിനിടെ ഉന്മേഷം ഉറപ്പാക്കാനായി കഴിച്ചു കൊണ്ടിരുന്നത്.

മാരത്തണിൽ പങ്കെടുക്കുന്നവർക്ക് ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് വീതം ഇടവേള അനുവദിക്കപ്പെട്ടിരുന്നു. പാതിരാത്രിയിലാണ് ഈ ഇടവേളകൾ സൃഷ്ടി ഉപയോഗിച്ചിരുന്നത്. 15 മാസം നീണ്ടു നിന്ന തയാറെടുപ്പുകൾക്കൊടുവിലാണ് സൃഷ്ടി മാരത്തണിനൊരുങ്ങിയത്. തിങ്ങി നിറഞ്ഞ ഓഡിറ്റോറിയത്തിലായിരുന്നു നൃത്താവതരണം. ഉറക്കത്തെ നിയന്ത്രിക്കുന്നതിനായി സൃഷ്ടി യോഗ നിദ്ര അഭ്യസിച്ചിരുന്നതായി മുത്തച്ഛൻ ബാബാ മാനേ പറയുന്നു. എന്നിട്ടും 127 മണിക്കൂർ നീണ്ടു നിന്ന നൃത്തത്തിനൊടുവിൽ ഏറെക്കുറേ യാതൊന്നിനോടും പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു സൃഷ്ടിയുടെ ശരീരം. ഇന്ത്യയെ നൃത്തത്തിലൂടെ പ്രതിനിധീകരിക്കുക എന്നതായിരുന്നു തന്‍റെ സ്വപ്നം. ശരീരം മുഴുവൻ മരവിപ്പും വേദനയുമായിരുന്നു. പക്ഷേ മാനസികമായി ഞാനുണർന്നു തന്നെയിരുന്ന് എന്‍റെ ലക്ഷ്യം നേടിയെന്ന് സൃഷ്ടിപറയുന്നു.

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി