മോഹൻലാലിന്‍റെ വസ്ത്രത്തെ ചൊല്ലി വിവാദം; വിശദീകരണവുമായി പേഴ്സണൽ സ്റ്റൈലിസ്റ്റ്
മലയാളം ടെലിവിഷന്‍ ഷോയിൽ മോഹൻലാൽ ധരിച്ച വസ്ത്രം വിവാദത്തിൽ. തന്‍റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാട്ടി യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാകാരന്‍ സിജിന്‍ ഗോപിനാഥ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
തന്‍റെ ആര്‍ട്ട് വര്‍ക്ക് തന്നോട് അനുവാദം ചോദിക്കാതെ മോഹന്‍ലാലിന്‍റെ വസ്ത്രത്തില്‍ എഐ ഉപയോഗിച്ച് മോഡിഫൈ ചെയ്‌തെന്നാണ് സിജിന്‍ ആരോപിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ മോഹന്‍ലാലിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു സിജിന്‍റെ പ്രതികരണം.
"ഏകദേശം 3 വര്‍ഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ ആളുകളെ വരച്ചാണ് ഞാന്‍ എന്‍റെ Global Peace artwork സൃഷ്ടിച്ചത്. ഇന്ന് ബിഗ് ബോസ് മലയാളത്തില്‍ മോഹന്‍ലാല്‍ സര്‍ ധരിച്ച വസ്ത്രത്തില്‍, എന്‍റെ ആര്‍ട് വര്‍ക്ക് എഐ ഉപയോഗിച്ച് മോഡിഫൈ ചെയ്ത് എന്‍റെ പെര്‍മിഷന്‍ ഇല്ലാതെ ഉപയോഗിച്ചത് കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ഇത് മോഹന്‍ലാല്‍ സാറിനെതിരെയല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷന്‍/ഡിസൈന്‍, ഏഷ്യാനെറ്റ് ടീമിനോടാണ് എന്‍റെ ചോദ്യം. ഒരു ആര്‍ടിസിന്‍റെ മൂന്ന് വര്‍ഷത്തെ വര്‍ക്ക് പെര്‍മിഷന്‍ ഇല്ലാതെ എടുത്ത് മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നത് ശരിയല്ല." എന്നാണ് സിജിത്ത് കുറിച്ചത്.
സിജിൻ ഗോപിനാഥിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി മോഹൻലാലിന്‍റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. "ഞാനാണ് ലാൽസാറിന്‍റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്‍റെ സ്റ്റൈലിങ് ചെയ്യുന്നത് ഞാനല്ല, നന്ദി", എന്നാണ് ശാന്തി കൃഷ്ണ പ്രതികരിച്ചത്. അതേസമയം, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. എന്നാൽ പ്രവീൺ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
സംഭവം വിവാദമായതോടെ വീണ്ടും പ്രതികരണവുമായി സിജിൻ രംഗത്തെത്തി. തനിക്ക് വിവാദമുണ്ടാക്കൻ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. നെഗറ്റീവ് പബ്ലിസ്റ്റിയിലൂടെയോ വിവാദത്തിലൂടെയോ ശ്രദ്ധ പിടിച്ചു പറ്റുക എന്നത് തന്‍റെ രീതിയല്ലെന്നും അദ്ദേഹം കുറിച്ചു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർച്ചു.