Mammootty
വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ സമ്മിശ്ര അഭിപ്രായങ്ങളാണ് ഉണ്ടായത്. കൊള്ളമെന്ന് പറയുന്നവരും കൊള്ളില്ലെന്ന് പറയുന്നവരുമുണ്ട്. കുറച്ച് കൊള്ളാം കുറച്ച് കൊള്ളില്ല എന്നും അഭിപ്രായങ്ങളുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ദുബായ് പ്രീമിയറിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
"സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതുതന്നെയാണ് വേണ്ടത്.
എനിക്ക് വേറൊന്നും പറയാനില്ല. എക്സ്പീരിയന്‍സ് ദിസ് ഫിലിം. എല്ലാവരും ആസ്വദിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സിനിമയെടുക്കുന്നത്. ഇതി നിങ്ങൾ കാണാത്ത ഒരു വിഷയമാണ്. എന്നാൽ, ചിലരിത് കണ്ടിട്ടുണ്ടെന്ന് പറയുന്നു. അവരുടെ ദീർഘ വീക്ഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല." മമ്മൂട്ടി പറഞ്ഞു.
18 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം എത്തുന്നത്. സിനിമയിൽ ഇവർക്ക് പുറമേ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻ താരയുമെല്ലാമുണ്ട്. രണ്ടു ദിവസം കൊണ്ട് ആഗോള തലത്തിൽ 50.23 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസം 9.8 കോടിയാണ് ചിത്രം നേടിയത്. ആഗോളതലത്തിലിത് 29.37 കോടിയെന്നാണ് റിപ്പോർട്ടുകൾ.