മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്ക വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 10നാണു ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുക.
ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയെറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.
ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നേടിയത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ഡിനോ ഡെന്നിസ്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.