മോഹൻലാൽ‌

 
Entertainment

മോഹൻലാലിനെ ചതിച്ചതാ... ആ കവിത കുമാരനാശാൻ അറിഞ്ഞിട്ടില്ല!!

ഇനി ഈ വരികൾ മോഹൻലാലിന് സംഭാവന ചെയ്തത് ദ ഗ്രേറ്റ് ചാറ്റ് ജിപിടിയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്

ചൊവ്വാഴ്ചയാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങിയത്. വേദിയിൽ അദ്ദേഹം നടത്തിയ ഒരു മിനിറ്റ് പ്രസംഗത്തിനിടെ കുമാരനാശാന്‍റെ കവിതയിലേതെന്ന പരാമർശത്തോടെ ചൊല്ലിയ ഒരു വരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

"ചിതയിലാഴ്ന്നു പോയതുമല്ലോ

ചിരമനോഹരമായ പൂവിത്''

എന്നാണ് പ്രസംഗത്തിനിടെ മോഹൻലാൽ കുമാരനാശാന്‍റെ വീണപൂവിലെ വരികളെന്നു പരാമർശിച്ച് ചൊല്ലിയത്. എന്നാലതിന്‍റെ ശരികേടിനെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച തകർക്കുകയാണ്. കുമാരനാശാന്‍റെ വരികളല്ലെന്നു അധ്യാപകർ അടക്കമുള്ള ചില ഭാഷാ വിദഗ്ധർ പറയുന്നു.

എന്നാൽ, വീണപൂവിലേതല്ലെങ്കിലും കുമാരനാശാന്‍റെ തന്നെ നളിനിയിലേതാണെന്നു ചിലർ. വീണപൂവിൽ എന്നല്ല, കുമാരനാശാന്‍റെ ഒരു കവിതയിലും ഇങ്ങനെയൊരു വരിയില്ലെന്നു മറ്റു ചിലർ.

പി. ഭാസ്കരന്‍റെ, 'ഓർക്കുക വല്ലപ്പോഴും' എന്ന കവിതയിലേതാണെന്നാണ് മറ്റൊരു വാദം. അതുമല്ല ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ രമണനിലെ വരികളാണെന്ന് ചാറ്റ് ജിപിടിയെ ഉദ്ധരിച്ച് വാദിക്കുന്നവരുമുണ്ട്.

എന്നാൽ വീണപൂവിലേതല്ല എന്നതൊഴികെ ഇതിൽ ഒരു വാദവും സ്ഥിരീകരിക്കാനായിട്ടില്ല. വരികളെവിടുന്നു വന്നുവെന്ന ചോദ്യം ഉത്തരം കിട്ടാതെ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുകയാണ്.

ഇനി ഈ വരികൾ മോഹൻലാലിന് സംഭാവന ചെയ്തത് ദ ഗ്രേറ്റ് ചാറ്റ് ജിപിടിയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുമാരനാശാനെയും വീണപൂവിനെയും പരിചയമില്ലാത്ത ചാറ്റ്ജിപിടി മോഹൻലാലിനെ കബളിപ്പിച്ചതാവാമെന്നും ഒരു അഭിപ്രായം ചുറ്റിത്തിരിയുന്നത്. പക്ഷേ, കുമാരനാശാന്‍റെ കവിത വായിച്ചിട്ടില്ലാത്ത ആളൊന്നുമാവില്ല ലാലേട്ടൻ എന്നു ഫാൻസും പറയുന്നു.

അതൊന്നുമല്ലാതെ ഉയരുന്ന വേറൊരു സംശയം, ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ പുരസ്കാരം ഏറ്റുവാങ്ങുന്ന വേദിയിൽ ചിതയിൽ വീഴുന്ന പൂവിനെക്കുറിച്ച് മോഹൻലാൽ എന്തിന് പരാമർശിച്ചു എന്നതാണ്. എന്നാൽ, അതിനുള്ള ഉത്തരം പ്രസംഗത്തിൽ തന്നെ അദ്ദേഹം നൽകിയിട്ടുണ്ട്:

"അനവദ്യമായ സൗരഭ്യം പിന്നിലവശേഷിപ്പിച്ച്, സൗന്ദര്യത്തോടെ വിടർന്നുല്ലസിക്കുകയും അതേ ലാസ്യത്തോടെ കൊഴിഞ്ഞുവീഴുകയും ചെയ്ത എല്ലാ പ്രതിഭകൾക്കും ഈ നിമിഷം ഒരു സ്മരണാഞ്ജലിയാവട്ടെ.''- എന്നാണ് മോഹൻലാൽ വിശദീകരിച്ചത്. (Let this moment be a tribute to all those who bloomed with brilliance and faded with grace leaving behind a fragrance that continues to inspire)

ഇത്തരമൊരു ചർച്ചകൊണ്ട് ആളുകൾ ഏറെ കവിതകൾ വായിക്കാൻ തുടങ്ങിയെന്നതാണ് ഒരു ഗുണം. എന്നാലിത് ഏത് കവിതയിലേതാണെന്ന് അറിയാൻ ആളുകൾ പരതുകയാണ്. മലയാളികൾ മറന്ന ഒരു കൂട്ടം കവിതകളിലേക്ക് തിരിഞ്ഞു നോക്കാൻ മോഹൻലാലിന്‍റെ അബദ്ധം ഗുണം ചെയ്തെന്നതാണ് വാസ്തവം. എന്നാലും ഇത്രയും വലിയൊരു വേദിയിൽ ഇത്തരമൊരു അബദ്ധം പ്രസംഗിക്കാൻ മോഹൻലാലിനെ 'സഹായിച്ച' ആ രണ്ടാമൻ ആരായിരിക്കും?

അഭിഷേകിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ഫൈനലിൽ

ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരേ നടപടി

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

'നാലുമാസത്തിനകം വിധി പറ‍യണം'; മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ സുപ്രീം കോടതി

കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു