മോഹൻലാന്‍റെ പ്രതികരണത്തിന് കൈയടിച്ച് ആരോധകർ
മാധ്യമപ്രവർത്തകന്‍റെ മൈക്ക് കണ്ണിൽ തട്ടിയതും ഇതിനു പിന്നാലെയുള്ള നടൻ മോഹൻലാലിന്‍റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്‍റെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടിയത്.
വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമാ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.
"ഒന്നും പറയാനില്ലെന്നും അറിഞ്ഞിട്ട് പറയാം" എന്നും മോഹൻലാൽ മറുപടി നൽകി. എന്നാൽ, കാറിലേക്കു കയറുന്നതിനിടെ, പെട്ടെന്നുണ്ടായ തിക്കും തിരക്കും മൂലം മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടുകയായിരുന്നു.
പിന്നാലെ "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ"... "നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്"- എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ നിരവധി പേരാണ് മോഹൻലാലിന്‍റെ ക്ഷമയെയും മാതൃകാപരമായ പെരുമാറ്റത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ഇതേസമയം, വീഡിയോക്ക് താഴെ നിലവധി പേർ കമന്‍റുകളുമായി എത്തി. ആരും രൂക്ഷമായി പ്രതികരിച്ചു പോകുന്ന സാഹചര്യത്തിൽ മോഹൻലാലിന്‍റെ പ്രവൃത്തി നല്ല മാതൃകയാണെന്നും ഇദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ആയിരുന്നേൽ പ്രതികരണം ഇതുപോലെയാകില്ല എന്നും ആളുകൾ എഴുതി.