ഖുഷി കപൂർ
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്ന ശ്രീദേവിയുടെ അവസാന ചിത്രമായ 'മോം' എന്ന സിനിമയുടെ രണ്ടാം ഭാഗം 'മോം 2' ഈ വർഷം നവംബറിൽ തിയെറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പിതാവും പ്രമുഖ നിർമാതാവുമായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ഖുഷി കപൂർ അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് പുറത്തിറങ്ങിയ 'നദാനിയാൻ', 'ലവേയാപ' എന്നീ ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എന്നാൽ 'മോം 2' ഖുഷിയുടെ കരിയറിലെ നിർണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ഈ ചിത്രം ശ്രീദേവിയുടെ സിനിമാ പൈതൃകവുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ ഖുഷിക്കും ഇത് ഏറെ വൈകാരിക പ്രാധാന്യമുള്ള പ്രോജക്റ്റായാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിന്‍റെ ഭൂരിഭാഗം ചിത്രീകരണവും ഉത്തർപ്രദേശിലെ നോയിഡയിലും ഗ്രീസിലുമാണ് പൂർത്തിയാക്കിയത്. സസ്പെൻസും വൈകാരികതയും ഒരുപോലെ ഉൾക്കൊള്ളുന്ന ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും 'മോം 2' എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ ഇതുവരെ കണ്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയമാണ് ഖുഷി കാഴ്ചവച്ചിരിക്കുന്നതെന്നും, ചില രംഗങ്ങളിൽ അമ്മ ശ്രീദേവിയുടെ അഭിനയശൈലിയുടെ മിഴിവുകൾ പോലും ഖുഷിയിൽ കാണാനാകുമെന്നും അടുത്ത വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഖുഷി നടത്തിയ തയ്യാറെടുപ്പും ആത്മാർഥമായ പരിശ്രമവും പ്രകടനത്തിൽ വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2017-ൽ രവി ഉദ്യാവർ സംവിധാനം ചെയ്ത 'മോം' ശ്രീദേവിയുടെ അവസാന ചിത്രമായിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശ്രീദേവിക്ക് മരണാനന്തരമായി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ആ സിനിമയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന 'മോം 2' ഖുഷി കപൂറിന്‍റെ കരിയറിന് പുതിയ തുടക്കമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും.