നല്ല സിനിമകൾ കാണാൻ തിയെറ്ററിൽ പ്രേക്ഷകർ എത്തുന്നില്ല: അർജുൻ അശോകൻ 
Entertainment

നല്ല സിനിമകൾ കാണാൻ തിയെറ്ററിൽ പ്രേക്ഷകർ എത്തുന്നില്ല: അർജുൻ അശോകൻ

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാല്‍, വിമർശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് മാറുന്നതിനോട് യോജിപ്പില്ല

റോയ് റാഫേൽ

ദുബായ്: മികച്ച സിനിമയെന്ന അഭിപ്രായം നേടുന്ന സിനിമകൾ കാണാൻ പോലും തിയെറ്ററുകളിൽ പ്രേക്ഷകൾ എത്തുന്നില്ലെന്ന് യുവ ചലച്ചിത്ര താരം അർജുൻ അശോകൻ. തന്‍റെ ഏറ്റവും പുതിയ സിനിമയായ 'അൻപോട് കണ്മണി' എന്ന ചിത്രത്തിന്‍റെ യുഎഇ റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ.

മോശം ഭാഷയിൽ സിനിമ റിവ്യൂ നടത്തുന്നവരോട്​ മറുപടി പറയാൻ പോകാറില്ലെന്ന്​ അർജുൻ അശോകൻ പറഞ്ഞു. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ പോരായ്മകൾ കണ്ടെത്തി അടുത്ത സിനിമയിൽ തിരുത്താൻ ശ്രമിക്കാറുണ്ട്​. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാല്‍, വിമർശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് മാറുന്നതിനോട് യോജിപ്പില്ല. അത്തരം സമീപനങ്ങളോട് അസഹിഷ്ണുതയില്ലെന്നും, അതെല്ലാം ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അർജുന്‍ പറഞ്ഞു.

തിയെറ്ററിൽ ഓടാൻ സാധ്യതയുള്ള സിനിമകൾ മാത്രം തെര​ഞ്ഞെടുത്ത്​ അഭിനയിക്കാനാവില്ല. കഥാപാത്രത്തിന്‍റെ സാധ്യതകൾ നോക്കിയാണ് സിനിമകൾ ചെയ്യുന്നത്. നല്ല കഥകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഒരു സിനിമ തിയെറ്ററിൽ എത്തുകയെന്നത് തന്നെ ഭാഗ്യമാണ്. ഒരുപാട് പടങ്ങൾ തിയെറ്ററിൽ എത്താതെ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിക്കുമെന്നുളള ചിന്തയില്‍ തന്നെയാണ് ഒരുക്കുന്നത് എന്നും അർജുൻ അശോകൻ. സെലക്ടീവാകുകയെന്നുളളത് ആലോചിച്ചിട്ടില്ല, തനിക്ക് ചെയ്യാന്‍ കഴിയുന്ന സിനിമകളുടെ ഭാഗമാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാന്‍ വൈകുമ്പോള്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യങ്ങള്‍ മറ്റൊരുതലത്തിലേക്ക് മാറുന്നതും അതുമായി ബന്ധപ്പെട്ട് ജീവിതത്തിലുണ്ടാകുന്ന അസ്വസ്ഥതകളുമാണ് അന്‍പോട് കണ്‍മണിയുടെ പ്രമേയമെന്ന് തിരക്കഥാകൃത്ത്​ അനീഷ് കൊടുവള്ളി പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ 'വിശേഷം' സിനിമയുടേതും സമാനമായ പ്രമേയമായിരുന്നല്ലോ എന്ന ചോദ്യത്തിന്, അന്‍പോട് കണ്‍മണിയാണ് ആദ്യം പൂർത്തിയായതെന്നും, ചിത്രത്തിന് വിശേഷമെന്ന പേരുവരെ ആലോചിച്ചിരുന്നുവെന്നും അർജുന്‍ അശോകന്‍ മറുപടി നൽകി.

സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സിനിമ വിലയിരുത്തലുകൾ പലപ്പോഴും പരിഹാസമായി മാറുന്നതായി സംവിധായകൻ ലിജു തോമസ്​ കുറ്റപ്പെടുത്തി. നല്ല നിരൂപണങ്ങളെ അംഗീകരിക്കുകയും തെറ്റുകൾ തിരുത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടുകളിൽ സിനിമ​യെ വിലയിരുത്തുന്നത്​ പലപ്പോഴും തമാശയായി തോന്നാറുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അൻപോട്​ കൺമണിക്ക്​ ഭേദപ്പെട്ട അഭിപ്രായം ലഭിച്ചിട്ടും തിയെറ്ററിൽ ആളുകൾ എത്തുന്നില്ല എന്നത്​ ​ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സെറ്റിനായി നിർമിച്ച വീട്​ ഭവനരഹിതനായ സുഹൃത്തിന്​ സമ്മാനിക്കാൻ കഴിഞ്ഞുവെന്നത്​ സന്തോഷമുള്ള കാര്യമാണെന്ന്​ ​ അനീഷ് പറഞ്ഞു. ഇക്കാര്യത്തിൽ നിർമാതാവിന്‍റെ പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് എത്തുന്ന പെണ്‍കുട്ടികളുടെ സമ്മർദമാണ് ശാലിനിയെന്ന കഥാപാത്രത്തിലൂടെ പറഞ്ഞതെന്ന് നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അനഘ പറഞ്ഞു. വിവാഹം കഴിഞ്ഞ ഉടനെ, കുഞ്ഞുങ്ങളായില്ലേയെന്നുളള ചോദ്യം പലരുടെയും ജീവിതത്തിന്‍റെ സ്വസ്ഥത തകർക്കുന്ന രീതിയിലേക്ക് എത്താറുണ്ട്. അത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവർ നിരവധിപേരുണ്ടെന്ന് ശാലിനിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുളള തയ്യാറെടുപ്പില്‍ ബോധ്യമായതാണെന്നും അനഘ.

ചിത്രത്തിലെ നായകന് കുട്ടികളുണ്ടാകാത്തതാണ് വിഷയമെങ്കില്‍, കുട്ടികളുളളതാണ് നായകന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്തായെത്തുന്ന താന്‍ ചെയ്ത കഥാപാത്രത്തിന്‍റെ പ്രശ്നങ്ങളെന്ന് നവാസ് വളളിക്കുന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി തലശേരി ഭാഷ പഠിക്കുകയെന്നുളളത് തനിക്ക് അത്ര പ്രയാസമുളളതായിരുന്നില്ലെന്നും നവാസ് വളളിക്കുന്ന് പറഞ്ഞു.

ഓവർസീസ്​ ഡിസ്​ട്രിബ്യൂട്ടർ രാജൻ വർക്കലയും വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച ചിത്രത്തിൽ മാലാ പാർവ്വതി, ഉണ്ണിരാജ, മൃദുല്‍ നായർ,ജോണി ആന്‍റണി, ഭഗത് മാനുവല്‍ തുടങ്ങിയവരും ശ്രദ്ധേയ കാഥാപാത്രങ്ങളായെത്തുന്നു.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി